'അതൊക്കെ ഒന്ന് ആസ്വദിക്കണം'; ഐപിഎല്ലിൽ തുടരുന്ന കാര്യത്തിൽ ധോണിയുടെ മറുപടി, സിഎസ്കെ വിടില്ല?
ഇന്ത്യൻ പ്രീമിയർ ലീഗിലെ മുൻനിര ടീമായ സിഎസ്കെയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് എംഎസ് ധോണി. ടീം ആദ്യമായി കളത്തിൽ ഇറങ്ങിയത് മുതൽ ഇങ്ങോട്ടുള്ള ഒന്നര പതിറ്റാണ്ട് കാലത്തോളം സിഎസ്കെയെ നെഞ്ചോട് ചേർത്തുവച്ച ധോണി ഇതുവരെയും ടീം വിട്ടിരുന്നില്ല. ഇടക്കാലത്ത് വാതുവെപ്പ് ആരോപണത്തെ തുടർന്ന് രണ്ട് സീസണുകളിൽ ടീമിന് അയോഗ്യത കൽപ്പിച്ചത് മാത്രമൊഴിച്ചു നിർത്തിയാൽ സിഎസ്കെയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് എംഎസ് ധോണി.
എന്നാൽ പ്രായാധിക്യം താരത്തെ ബാധിച്ചു തുടങ്ങിയോ എന്ന സംശയമാണ് കഴിഞ്ഞ കാലങ്ങളിൽ ആരാധകർ ഉയർത്തിയിരുന്ന സുപ്രധാന ചോദ്യം. കഴിഞ്ഞ സീസണിൽ കാലങ്ങളായി കൈയിൽ വച്ച് പോന്നിരുന്ന സിഎസ്കെ നായക പദവി യുവതാരം ഋതുരാജ് ഗെയ്ക്ക്വാദിന് ധോണി കൈമാറിയതും ടോപ് ഓർഡറിൽ നിന്ന് മാറി വാലറ്റത്ത് ബാറ്റ് വീശാൻ തുടങ്ങിയതും പല ചോദ്യങ്ങൾക്കും ഇടയാക്കിയിരുന്നു.

അതിന് പിന്നാലെയാണ് ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കുകയാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളും ആരംഭിച്ചത്. എന്നാൽ ഇതെല്ലം മറ്റൊരു വിഭാഗം തള്ളിയിരുന്നു. ടീമിനൊപ്പം ചേർന്ന് നിൽക്കുമെന്നും ഈ സീസൺ കൂടി ധോണി കളത്തിൽ ഇറങ്ങുമെന്നുമായിരുന്നു ചില അടുത്ത വൃത്തങ്ങൾ നൽകിയ സൂചന. എന്നാൽ ഇപ്പോൾ തന്റെ ഐപിഎൽ ഭാവിയെ കുറിച്ച് പരോക്ഷമായ സൂചന നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ കൂൾ.
ഗോവയിൽ നടന്ന ഒരു പ്രമോഷണൽ പരിപാടിയിൽ ധോണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'എനിക്ക് കളിക്കാൻ കഴിയുന്നിടത്തോളം അവസാന വർഷങ്ങളിലെ ക്രിക്കറ്റ് കഴിവതും ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. നമ്മുടെയൊക്കെ കുട്ടികാലത്തേത് പോലെ, വീടിന് പുറത്തിറങ്ങിയ നാല് മണി മുതൽ കളി തുടങ്ങുമായിരുന്നില്ലേ, അതുപോലെ കളി ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്' എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
ഇത് ഐപിഎല്ലിൽ തുടരുമെന്നതിന്റെ സൂചനയാണ് നൽകുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ധോണിയുടെ കാര്യമായതിനാൽ തന്നെ പലപ്പോഴും അപ്രതീക്ഷിത ട്വിസ്‌റ്റ് പ്രതീക്ഷിക്കുന്ന ആരാധകരും ഏറെയാണ്. നേരത്തെ 2019 ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോൽവി ഏറ്റുവാങ്ങിയ ശേഷം കണ്ണീരോടെ ഗ്രൗണ്ട് വിട്ട ധോണി പിന്നീട് നീലക്കുപ്പായം അണിഞ്ഞിരുന്നില്ല. അതുപോലെയൊരു പ്രഖ്യാപനം ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
അതേസമയം, ഐപിഎല്ലിൽ നിലവിലെ താരങ്ങളെ നിലനിർത്തുന്നതിന് ഒക്ടോബർ 31 വരെയാണ് ടീമുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. അതിനിനി മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ധോണിയെ സിഎസ്കെ നിലനിർത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. കൂടാതെ പുതിയ അൺക്യാപ്പ്ഡ് നയത്തിലൂടെ ധോണിയെ ടീമിൽ തന്നെ നിർത്താമെന്നാണ് സിഎസ്കെ മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്.
ഇതിന്റെ ചില സൂചനകൾ ടീം മാനേജ്‌മെന്റ് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. സിഎസ്കെയുടെ സിഇഒ ആയ കാശി വിശ്വനാഥനാണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. ധോണി അടുത്ത സീസണിൽ സിഎസ്കെയിൽ തന്നെ കളിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവച്ചത്. കാര്യങ്ങൾ ഒത്തുവന്നാൽ എംഎസ് ധോണി ഒരിക്കൽ കൂടി ചെപ്പോക്കിൽ ഇറങ്ങുന്നത് കാണാൻ ആരാധകർക്ക് ഭാഗ്യമുണ്ടാവും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications