സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയാൽ പ്രതിഫലം 18 കോടിയോ? എങ്കിൽ കോലിക്കും രോഹിതിനും മുകളിൽ...
ഐപിഎൽ താരലേലത്തിന് ഇനി അധികനാൾ ബാക്കിയില്ല. ടീമുകൾ എല്ലാം പുതിയ സീസണിലെ പ്രതീക്ഷകളുമായി രംഗത്തുണ്ട്. പല താരങ്ങളും വമ്പൻ ടീമുകളുടെ ലക്ഷ്യത്തിൽ ഉണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. മലയാളികളുടെ അഭിമാനായ സഞ്ജു കഴിഞ്ഞ കുറേ സീസണുകളിലായി ഐപിഎല്ലിൽ മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്.
അതുകൊണ്ട് തന്നെ പല ടീമുകളും താരത്തിനായി വലവിരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. എന്നാൽ ഇതുവരെയും സഞ്ജുവിന്റെ കാര്യത്തിൽ കൃത്യമായ തീരുമാനം പറയാൻ ആയിട്ടില്ല എന്നതാണ് വാസ്‌തവം. കൂടുതൽ ആരാധകരും വിശ്വസിക്കുന്നത് സഞ്ജു സാംസൺ തന്റെ നിലവിലെ ടീമായ രാജസ്ഥാൻ റോയൽസിൽ തന്നെ തുടർന്നേക്കുമെന്നാണ്.

ഇതുമായി ബന്ധപ്പെട്ട പല റിപ്പോർട്ടുകളും നേരത്തെ തന്നെ വന്നിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അഭ്യൂഹങ്ങൾ ശക്തമാണ്. സഞ്ജു ഐപിഎല്ലിലെ ഏറ്റവും ആരാധക പിന്തുണയുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് പോവുമെന്ന് ഉൾപ്പെടെയുള്ള പ്രചരണങ്ങളും സജീവമാണ്. എന്നാൽ ഇക്കാര്യത്തിലും കൃത്യമായ ഒരു നിഗമനത്തിലേക്ക് എത്താൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനൊപ്പം തന്നെ വരാനിരിക്കുന്ന സീസണിൽ സഞ്ജുവിന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ മറ്റൊരു ഭാഗത്ത് സജീവമായി നടക്കുന്നുണ്ട്. നിലവിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനാണ് സഞ്ജു സാംസൺ. ടീം മാനേജ്‌മെന്റ് അടുത്ത സീസണിലേക്കുള്ള ടീം ഉടച്ചുവാർക്കുന്നതിന്റെ അണിയറയിൽ ആണെന്നാണ് ലഭ്യമായ വിവരം.
എന്നാൽ സീസണിൽ മൂന്ന് താരങ്ങളെ റോയൽസ് നിലനിർത്തുമെന്നാണ് വിവരം. അതിൽ പ്രധാനപ്പെട്ട താരമാവും സഞ്ജു സാംസൺ. കഴിഞ്ഞ സീസണുകളിലെ മികച്ച പ്രകടനവും ഒപ്പം ആരാധകർക്ക് സഞ്ജുവിനോടുള്ള അടുപ്പവുമൊക്കെ റോയൽസ് മാനേജ്‌മെന്റിനെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എങ്കിലും അങ്ങനെ രാജസ്ഥാൻ നിലനിർത്തിയാൽ സഞ്ജുവിന് കിട്ടാൻ പോവുന്ന പ്രതിഫലമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.
ടീമുകൾ നിലനിർത്തുന്ന താരങ്ങളിൽ 18 കോടിയാണ് ഉയർന്ന പ്രതിഫലമായി നൽകാൻ കഴിയുക. അങ്ങനെ എങ്കിൽ സഞ്ജു ഈ തുക കൈപ്പറ്റി ടീമിൽ ഇടം നിലനിർത്തിയേക്കും. ശേഷിക്കുന്ന രണ്ട് സ്പോട്ടുകളിൽ റോയൽസ് യശസ്വി ജയ്‌സ്വാളിനെയും സ്‌റ്റാർ ബൗളർ ട്രെൻഡ് ബോൾട്ടിനെയും നിലനിർത്താനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇംഗ്ലീഷ് സൂപ്പർ ബാറ്റർ ജോസ് ബട്ട്ലറുമായി ടീം ഇതോടെ വേർപിരിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. താര ലേലത്തിൽ വൻ തുക മുടക്കി ജോസിനെ സ്വന്തമാക്കാൻ ടീമുകൾ ക്യൂ നിൽക്കവെയാണ് രാജസ്ഥാന്റെ ഞെട്ടിക്കുന്ന നീക്കം. ഇക്കാര്യത്തിൽ അധികം വൈകാതെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് വിവരം.
ഇനി ഒരുപക്ഷേ സഞ്ജു റോയൽസിൽ തുടർന്നില്ലെങ്കിലും പ്രതിഫലം കുത്തനെ ഉയരുമെന്നതിൽ ഒട്ടും സംശയം വേണ്ട. താരത്തെ ആർസിബി സ്വന്തമാക്കുകയാണെങ്കിൽ ഏതാണ്ട് ഇതേ തുക തന്നെ മുടക്കാനാണ് സാധ്യത. താര ലേലത്തിലാണ് സഞ്ജു മാറ്റുരയ്ക്കുന്നതെങ്കിൽ ചിലപ്പോൾ റെക്കോർഡ് തുകയ്ക്ക് തന്നെ വാങ്ങാനും ടീമുകൾ തയ്യാറായേക്കും.












Click it and Unblock the Notifications