സഞ്ജു ഐപിഎല്ലിൽ വൻ പരാജയമാവും? ഈ ടൂർണമെന്റിലെ പ്രകടനം സൂചന, മുൻ താരത്തിന്റെ വാക്കുകൾ അച്ചട്ടാവുമോ?
ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിനുള്ള താരലേലം അടുത്തിടെയാണ് നടന്നത്. ലേലത്തിൽ പങ്കെടുത്ത പത്ത് ടീമുകളും തങ്ങളുടെ ടീം വൈവിധ്യപൂർണമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ ലേലത്തിൽ പങ്കെടുക്കാതെ ടീമുകൾ പൊന്നുംവില കൊടുത്ത് നിലനിർത്തിയ താരങ്ങൾ ഏറെയാണ്. അതിൽ പ്രധാനപ്പെട്ട വ്യക്തിയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ.
മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടിയാണ് സഞ്ജു കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ നായകനായി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ഇക്കുറിയും ടീമിനെ നയിക്കുമെന്നാണ് കരുതുന്നത്. അടുത്തിടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായ സെഞ്ച്വറികളുമായി താരം തിളങ്ങിയപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് രാജസ്ഥാൻ റോയൽസ് ആരാധകരും മലയാളികളുമാണ്.

ഇതേ ഫോം നിലനിർത്തി സഞ്ജു ഐപിഎല്ലിൽ ബാറ്റ് വീശിയാൽ ഇക്കുറി കിരീടം അകലെയല്ലെന്നാണ് ആരാധകർ പറയുന്നത്. എങ്കിലും സഞ്ജുവിന് മുൻപിൽ കടമ്പകൾ ഏറെയാണ്. ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം തന്നെ പുറത്തെടുത്തില്ലെങ്കിൽ വിമർശകരുടെ ഇരയാവും സഞ്ജു എന്നതാണ് അതിലെ പ്രധാന കാര്യം.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫോം സഞ്ജു ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലെ തുടരില്ലെന്ന വാദം ഉന്നയിക്കുന്ന ചിലരുമുണ്ട് സഞ്ജുവിന്റെ വിമർശകരുടെ കൂട്ടത്തിൽ. അടുത്തിടെ മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് സഞ്ജുവിന്റെ ശൈലിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിൽ സെഞ്ച്വറി നേടി ശേഷം തൊട്ടടുത്ത കളിയിൽ സംപൂജ്യനായി താരം മടങ്ങിയതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.
സഞ്ജു സാംസണ് സ്ഥിരത ഇല്ലെന്നും എടുത്തുചാട്ടം അധികമാണെന്നും ശ്രീകാന്ത് വിമർശിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത കളിയിൽ വീണ്ടും സെഞ്ച്വറി നേടി സഞ്ജു എല്ലാവരെയും ഞെട്ടിച്ചു. ഇതോടെ ഇന്ത്യൻ ടീമിൽ താരത്തിന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എന്നാൽ ഐപിഎല്ലിൽ ഈ ഫോം തുടരാൻ താരത്തിന് കഴിയില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
ഐപിഎല്ലിൽ ഇക്കുറി സഞ്ജു വൻ പരാജയമാവും?
വളരെ പ്രതീക്ഷയോടെയാണ് സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും ഇത്തവണ കിരീട പോരാട്ടത്തിന് ഒരുങ്ങുന്നത്. എന്നാൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ സഞ്ജു സാംസന്റെ പ്രകടനം നിരാശ നൽകുന്നതാണ്. കേരളത്തിന് വേണ്ടി കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കിയ ഇന്നിംഗ്‌സ് ഒന്ന് പോലും കളിയ്ക്കാൻ നായകനായ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല.
ഇതോടെയാണ് താരത്തിന്റെ ഫോം വീണ്ടും ചർച്ചയാവുന്നത്. സഞ്ജു ഐപിഎല്ലിൽ ശോഭിക്കില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. മാത്രമല്ല ഇത്തവണത്തെ ലേലത്തിൽ രാജസ്ഥാൻ റോയൽസ് നടത്തിയ നീക്കങ്ങളിൽ ഒന്നും തന്നെ ആരാധകർ തൃപ്‌തരല്ല. ഐപിഎല്ലിൽ കഴിവ് തെളിയിച്ച ഒരു വിദേശ ബാറ്റർ പോലും ടീമിൽ ഇല്ലെന്നാണ് ആരാധകരുടെ പരാതി. ഇതിനിടയിൽ സഞ്ജുവിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനവും അവരെ വല്ലാതെ അലട്ടുന്നുണ്ട്.












Click it and Unblock the Notifications