ഐപിഎല്‍: ഈ താരങ്ങള്‍ കോടികള്‍ കൊയ്യും, വെടിക്കെട്ടുകാര്‍ മാത്രമല്ല... താരലേലത്തില്‍ റെക്കോര്‍ഡിടും
ഐപിഎല്ലിന്റെ താരലേലം നടക്കാന്‍ പോവുകയാണ്. ഡിസംബര്‍ 19ന് ദുബായിലാണ് ഇത്തവണ മിനി താര ലേലം നടക്കുന്നത്. എന്നാല്‍ ഇത്തവണ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോകുമെന്ന് ഉറപ്പുള്ള താരങ്ങള്‍ ധാരാളമുണ്ട്. ഫ്രാഞ്ചൈസികള്‍ ഇവരെ നോട്ടമിട്ട് കഴിഞ്ഞു. ഇതുവരെയുള്ള ഇവരുടെ പ്രകടനങ്ങളാണ് അതിന് കാരണം. ഇക്കഴിഞ്ഞ ലോകകപ്പിലും ഇവര്‍ തീപ്പൊരി പ്രകടനമാണ് കാഴ്ച്ചവെച്ചത്.
വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ മാത്രമല്ല, ബൗളര്‍മാരും ഇക്കൂട്ടത്തിലുണ്ട്. നിലവിലുള്ള ഐപിഎല്‍ ലേലത്തിലെ റെക്കോര്‍ഡുകള്‍ ഇവര്‍ തിരുത്തുമെന്നാണ് സൂചന. അത്രത്തോളം ഹൈപ്പാണ് ഈ ആറ് താരങ്ങള്‍ക്കുള്ളത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

രചിന്‍ രവീന്ദ്ര-ലോകകപ്പിലെ താരം
രചിന്‍ രവീന്ദ്രയാണ് ഇത്തവണ ലേലത്തില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ പോകുന്നത്. ലോകകപ്പിലെ വണ്ടര്‍ ബോയ് എന്ന വിശേഷണമായിരുന്നു രചിന്. ആദ്യ ലോകകപ്പില്‍ തന്നെ 500 റണ്‍സിന് മുകളില്‍ അടിച്ച രചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗുകളില്‍ വരെ ചര്‍ച്ചയായിരിക്കുകയാണ്. മികച്ചൊരു ഓള്‍റൗണ്ടര്‍ എന്ന വിശേഷണമാണ് താരത്തിനുള്ളത്.
578 റണ്‍സാണ് ലോകകപ്പില്‍ താരം അടിച്ചത്. അഞ്ച് വിക്കറ്റും വീഴ്ത്തി. 106 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 50 ലക്ഷം രചിന്റെ ബേസ് പ്രൈസ്. ഉറപ്പായും ഇത് പത്ത് കോടിക്ക് മുകളിലേക്ക് പോയേക്കാം.
മിച്ചല്‍ സ്റ്റാര്‍ക്ക്-അതിവേഗക്കാരന്‍
ഓസീസിന്റെ ലോകകപ്പ് വിജയത്തില്‍ ഏറ്റവും നിര്‍ണായകമായ ബൗളറായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക്. കുറച്ച് കാലമായി സ്റ്റാര്‍ക്കിനെ ഐപിഎല്ലില്‍ കാണാറില്ല. വീണ്ടും ഐപിഎല്ലിലേക്ക് എത്താനൊരുങ്ങുകയാണ് താരം. ഉറപ്പായും താരത്തെ വാങ്ങാന്‍ ഫ്രാഞ്ചൈസികള്‍ കാത്തിരിക്കുകയാണ്. പേസ് ബൗളിംഗ് മികവില്ലാത്തവര്‍ സ്റ്റാര്‍ക്കിനെ വാങ്ങുമെന്ന് ഉറപ്പാണ്.
നേരത്തെ ആര്‍സിബിക്കായി താരംകളിച്ചിരുന്നു. പക്ഷേ പരിക്കുകളായിരുന്നു പലപ്പോഴും പിന്‍മാറാന്‍ കാരണം. രണ്ട് കോടിയാണ് താരത്തിന്റെ ബേസ് പ്രൈസ്. മുംബൈ അടക്കമുള്ള ടീമുകള്‍ സ്റ്റാര്‍ക്കിനായി പത്ത് കോടി വരെ മുടക്കാനും തയ്യാറായേക്കും.
ട്രാവിസ് ഹെഡ്-ഇടിവെട്ട് ഓപ്പണര്‍
ഓസീസിന്റെ ഭാഗ്യം തന്നെ ഇത്തവണ മാറിയത് ട്രാവിസ് ഹെഡിന്റെ വരവോടെയാണ്. തുടര്‍ന്ന് ആ തേരോട്ടം അവസാനിച്ചത് കിരീടം നേടിക്കൊണ്ടാണ്. ട്രാവിസ് ഹെഡിനെ ഫ്രാഞ്ചൈസികള്‍ മറക്കാന്‍ ഇടയില്ല. 329 റണ്‍സാണ് ഹെഡ് ലോകകപ്പില്‍ അടിച്ചത്.
ഫൈനലിലെ സെഞ്ച്വറി ആരും മറക്കാനും ഇടയില്ല. രണ്ട് കോടിയാണ് താരത്തിന്റെ ബേസ് പ്രൈസ്. 15 കോടിയില്‍ അധികം താരം നേടാന്‍ എല്ലാ സാധ്യതയുമുണ്ട്. മികച്ചൊരു പാര്‍ട് ടൈം സ്പിന്നറുമാണ് ഹെഡ്.
ജെറാള്‍ഡ് കോട്‌സി-പേസ് വണ്ടര്‍
ലോകകപ്പിലെ മറ്റൊരു അത്ഭുതമായിരുന്നു ജെറാള്‍ഡ് കോട്‌സി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇരുപത് വിക്കറ്റുകളാണ് താരം ലോകകപ്പില്‍ വീഴ്ത്തിയത്. പേസ് ബൗളിംഗില്‍ താരത്തിനുള്ള മികവ് എടുത്ത് പറയേണ്ടതാണ്.
ഡല്‍ഹി ഫ്രാഞ്ചൈസി താരത്തെ ടീമിലെത്തിക്കാനും സാധ്യത കൂടുതലാണ്. രണ്ട് കോടിയാണ് താരത്തിന്റെ ബേസ് പ്രൈസ്. താരത്തിന് പത്ത് കോടി ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. മികച്ചൊരു ബാറ്റ്‌സ്മാന്‍ കൂടിയാണ് താരം.
ഡാരില്‍ മിച്ചല്‍-ഗെയിം ചേഞ്ചര്‍
എന്ത് അവസ്ഥയിലും ടീമിനെ വിജയിപ്പിക്കാന്‍ മികവുള്ള താരമാണ് ഡാരില്‍ മിച്ചല്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും സംഭാവന ചെയ്യാന്‍ മിച്ചലിന് സാധിക്കും. ലോകകപ്പില്‍ 69 ശരാശരിയോടെ 552 റണ്‍സാണ് താരം അടിച്ചത്.
1 കോടിയാണ് താരത്തിന്റെ ബേസ് പ്രൈസ്. ലോകകപ്പ് സെമിയിലെ സെഞ്ച്വറി തന്നെ താരത്തെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ വന്‍ തുക സ്വന്തമാക്കുമെന്നതിന്റെ സൂചനയാണ്. പത്ത് കോടിക്ക് മുകളില്‍ ലഭിക്കാന്‍ ഇടയുള്ള താരമാണ് മിച്ചല്‍.
പാറ്റ് കമ്മിന്‍സ്-ദ ക്യാപ്റ്റന്‍
ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ഇനി കണ്ണും പൂട്ടി ഒരു ക്യാപ്റ്റനെ നിയമിക്കാന്‍ പറ്റുമെങ്കില്‍ അത് ഓസീസിന്റെ പാറ്റ് കമ്മിന്‍സാണ്. താരത്തിന്റെ ഫൈനലിലെ ക്യാപ്റ്റന്‍സിയാണ് ഓസീസിന് കിരീടം സമ്മാനിച്ചത്.
ഇത്തവണ പത്ത് കോടിക്കും മുകളില്‍ കമ്മിന്‍സ് സ്വന്തമാക്കുമെന്ന് ഉറപ്പാണ്. രണ്ട് കോടിയാണ് താരത്തിന്റെ ബേസ് പ്രൈസ്. ഐപിഎല്ലില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡും കമ്മിന്‍സിനുണ്ട്.












Click it and Unblock the Notifications