ഫാഫ് ഡുപ്ലെസിയെ ചുളുവിലയ്ക്ക് ടീമിൽ എത്തിച്ച് ഡൽഹി; മുടക്കിയത് 2 കോടി മാത്രം, പക്ഷേ ലാഭം ഇത്രയധികം?
ജിദ്ദ: ഇന്ത്യൻ പ്രീമിയർ താരലേലം രണ്ടാം ദിനം പുരോഗമിക്കുകയാണ്. വമ്പൻ പേരുകൾ പോലും വിറ്റുപോവാത്തവരുടെ പട്ടികയിൽ വന്നുവെന്നതാണ് ഇന്നത്തെ ലേലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിൽ ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും മുൻനിര താരങ്ങളുണ്ട്. എന്നാൽ പ്രതീക്ഷിക്കാത്ത വിലയ്ക്ക് വിറ്റുപോയ താരങ്ങളും കുറവല്ല. അങ്ങനെ കേൾക്കുമ്പോൾ വൻ തുകയാവും പ്രതിഫലം എന്ന് കരുതിയെങ്കിൽ തെറ്റി.
മുൻ ദക്ഷിണാഫ്രിക്കൻ നായകനും, ഐപിഎൽ മുൻ സീസണുകളിൽ ആർസിബിയെ നയിക്കുകയും ചെയ്‌ത ഫാഫ് ഡു പ്ലെസിസ് ഇത്തവണ ആദ്യഘട്ടത്തിൽ വിറ്റുപോവാത്ത താരങ്ങളുടെ കൂട്ടത്തിൽ വരുമോയെന്ന് കണ്ടുനിന്നവർ എല്ലാം ശങ്കിച്ചിരുന്നു. എന്നാൽ ഇതിന് അവസാനമായത് താരത്തിന് വേണ്ടി ഡൽഹി ക്യാപിറ്റൽസ് ലേല നടപടികളിലേക്ക് ഇറങ്ങി ചെന്നപ്പോഴാണ്.

അടിസ്ഥാന വിലയായി രണ്ട് കോടി രൂപയിൽ നിന്ന് ഒരു രൂപ പോലും അധികമായി മുടക്കാതെയാണ് ഡൽഹി താരത്തെ ക്യാമ്പിൽ എത്തിച്ചിരിക്കുന്നത്. അത് തന്നെയാണ് ഇത്തവണ അവരുടെ വിജയവും. മികച്ച താരങ്ങളെ കുറഞ്ഞ വിലയിൽ ഒപ്പം നിർത്തുക എന്ന അവരുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കവും. ലേലത്തിൽ മറ്റാരെങ്കിലും വില ഉയർത്താൻ പങ്കെടുക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും അതും അസ്ഥാനത്തായി.
ഡുപ്ലെസിയുടെ വരവ് ഗുണം ചെയ്യുമോ?
നിലവിൽ ടൂർണമെന്റിൽ കിരീടം നേടിയിട്ടില്ലെന്ന ചീത്തപ്പേര് പേറുന്ന ടീമാണ് ഡൽഹി. അതുകൊണ്ട് തന്നെ പതിനെട്ടാം സീസണിലേക്ക് കടക്കുമ്പോൾ അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് കന്നി ഐപിഎൽ കിരീടം തന്നെയാണ്. അതിന്റെ ഒരുക്കങ്ങൾ എന്നോണമാണ് അവർ ഇത്തവണ കരുത്തുറ്റ താരങ്ങളെ, പ്രത്യേകിച്ച് മത്സര പരിചയമുള്ളവർ ഒപ്പം നിർത്തുന്നത്.
നിലവിൽ ഡൽഹി ടീമിൽ ഡു പ്ലെസിയുടെ വരവോടെ മധ്യനിര കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. റിഷഭ് പന്ത് പോയ ഒഴിവിലേക്ക് നായകനായി എത്തുന്നത് മിക്കവാറും കെഎൽ രാഹുൽ തന്നെയാവും. എന്നാൽ തന്റെ പരിചയ സമ്പത്ത് കൊണ്ട് യുവതാരങ്ങൾക്ക് കൂടുതൽ ഉപദേശങ്ങൾ നൽകാനും സമ്മർദ്ദം ലഘൂകരിക്കാനും ഫാഫിന് കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഏറ്റവും പ്രധാനകാര്യം എന്തെന്നാൽ ഡുപ്ലെസിയുടെ വാങ്ങൽ ശരിക്കും പ്ലാൻ ചെയ്‌ത ഒന്നായിരുന്നില്ല എന്നതാണ്. ലേലത്തിൽ താരം വന്നതോടെ കിട്ടിയ അവസരം പാഴാക്കാതെ ഡൽഹി അത് ഉപയോഗിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആക്രമണാത്മക ബാറ്റിങ് ശൈലിക്ക് പേരുകേട്ട താരം കൂടി എത്തുന്നതോടെ ടീം സമ്പൂർണമാകും.
നിലവിൽ ഒരുപിടി യുവതാരങ്ങളെയും പരിചയസമ്പന്നരെയും മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുലിന് പുറമേ കരുത്തനായ മിച്ചൽ സ്‌റ്റാർക്ക്, ഹാരി ബ്രൂക്ക്, ജാക്ക് ഫ്രേസർ, ടി നടരാജൻ, മുകേഷ് കുമാർ എന്നിങ്ങനെ മികച്ച താരങ്ങളാണ് ഡൽഹി നിരയിലുള്ളത്. അതിനാൽ തന്നെ ഡു പ്ലെസിയുടെ വരവ് ടീമിന്റെ ശക്തി വർധിപ്പിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.












Click it and Unblock the Notifications