കഴിഞ്ഞ ലേലത്തിൽ 18.5 കോടി, ഇക്കുറി വെറും 2.4 കോടി മാത്രം; സാം കറന്റെ വിലയിടിഞ്ഞു, നേട്ടം സിഎസ്‌കെയ്ക്ക്
ജിദ്ദ: ഐപിഎൽ താരലേലം ജിദ്ദയിൽ പുരോഗമിക്കുകയാണ്, രണ്ടാം ദിനമായ ഇന്ന് ടീമുകളുടെ കൈയിലെ പണത്തിലെ കുറവ് ലേലത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ടീമുകൾ കൈയിലുള്ള പണം കൊണ്ട് തന്ത്രപരമായി തന്നെ കാര്യങ്ങൾ തങ്ങളുടെ വരുത്തിയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ ചില മുൻനിര താരങ്ങൾ ആരും വാങ്ങാതെ അൺസോൾഡ് ആവുന്ന കാഴ്‌ച കൂടി ഇത്തവണ കാണുകയുണ്ടായി.
അതിലും ഞെട്ടിക്കുന്ന ചില സംഭവങ്ങൾ കൂടി ഇന്ന് ലേല വേദിയിലുണ്ടായി. കഴിഞ്ഞ ലേലത്തിൽ വൻ തുകയ്ക്ക് ടീമുകൾ സ്വന്തമാക്കിയ താരങ്ങളിൽ ചിലർ അതിലും കുറഞ്ഞ വിലയ്ക്ക്, എന്ന് വച്ചാൽ പകുതിയിലും താഴെ വിലയ്ക്ക് വിറ്റുപോവുന്ന കാഴ്‌ചയും ലേല വേദിയിലുണ്ടായി. അതിലൊരാൾ 2023 സീസണിലെ സെൻസേഷൻ ആയിരുന്നു സാം കറൻ ആയിരുന്നു.

ചില്ലറ കുറവൊന്നുമല്ല താരത്തിന്റെ വിലയിൽ ഉണ്ടായിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2023 സീസണിലെ താരലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോയ കറൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് അന്ന് പഞ്ചാബ് കിംഗ്‌സ് ടീമിൽ എത്തിയത്. 18.5 കോടി എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് താരത്തിന് വേണ്ടി പിബികെഎസ് അന്ന് മുടക്കിയത്.
എന്നാൽ ഇക്കുറി സാം കറൻ ഈ വിലയിൽ നിന്നും വളരെ താഴേക്ക് വന്നുവെന്നതാണ് കൗതുകകരമായ കാര്യം. കേവലം 2.4 കോടി രൂപയ്ക്കാണ് വരുന്ന സീസണിലേക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിൽ താരം കളിക്കുക. കഴിഞ്ഞ വർഷം വാങ്ങിയ പ്രതിഫലത്തിൽ നിന്ന് വലിയ ഇടിവാണ് താരത്തിന് നേരിടേണ്ടി വന്നത്. ഏതാണ്ട് എട്ടിരട്ടിയോളം പ്രതിഫലം കുറയുമെന്നതാണ് ഇത്തവണത്തെ സാഹചര്യം.
ഈ വാങ്ങൽ കൊണ്ട് ലോട്ടറി അടിച്ചിരിക്കുന്നത് ശരിക്കും സിഎസ്കെ ടീമിനാണു. തങ്ങളുടെ താരതമ്യേന പ്രായം കൂടുതലുള്ള താരങ്ങൾ അടങ്ങിയ ഇലവനിലേക്ക് യുവ ഓൾറൗണ്ടർ വരുന്നത് അവരെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മാത്രമല്ല വലിയ തുക മുടക്കാതെ തന്നെ താരത്തെ ടീമിലെത്തിക്കാൻ മാനേജ്‌മെന്റിന് കഴിയുകയും ചെയ്‌തു.
ടീമിൽ ഡ്വയിൻ ബ്രാവോ പോയ ശേഷമുള്ള വിടവ് നികത്താൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സിഎസ്കെയെ സംബന്ധിച്ച് കാലങ്ങളായുള്ള ആശങ്ക. അതിന് താരത്തിന്റെ വരവോടെ പരിഹാരമാവും എന്നാണ് കരുതപ്പെടുന്നത്. കൂടാതെ ഡെത്ത് ഓവറുകളിൽ ബൗൾ ചെയ്യാനും ആവശ്യഘട്ടത്തിൽ ബാറ്റേന്താനും കഴിവുള്ള കറൻ ടീമിന് മുതൽക്കൂട്ടാകും എന്നാണ് അവർ കരുതുന്നത്.
കഴിഞ്ഞ ദിവസവും ഒരുപിടി മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ സിഎസ്കെ മാനേജ്‌മെന്റിന് കഴിഞ്ഞിരുന്നു. രാഹുൽ ത്രിപാഠി, ഡെവോൺ കോൺവോയി, രചിൻ രവീന്ദ്ര, രവിചന്ദ്ര അശ്വിൻ, ഖലീൽ അഹമ്മദ് തുടങ്ങിയവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഋതുരാജ് ഗെയ്ക്കവദ് അടക്കമുള്ളവരും ടീമിലുണ്ട്.












Click it and Unblock the Notifications