സച്ചിന്റെ പിൻഗാമിയെന്ന് വിശേഷണം, വിവാദങ്ങളുടെ കളിത്തോഴൻ; പൃഥ്വി ഷായെ ആർക്കും വേണ്ട, കാരണം?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ അടുത്ത സച്ചിൻ ടെണ്ടുൽക്കർ ആവുമെന്ന് പറഞ്ഞുകൊണ്ട് പല താരങ്ങളും വന്നിട്ടുണ്ട്. എന്നാൽ അവരിൽ ഭൂരിഭാഗം പേർക്കും സച്ചിന്റെ റെക്കോർഡുകളുടെ ഏഴയലത്ത് എത്താനോ കരിയറിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനോ സാധിച്ചിട്ടില്ല, വിരാട് കോലി ഒഴികെ. സച്ചിന് പകരം എന്ന് പറഞ്ഞുകൊണ്ടാണ് വന്നവരിൽ ഒരുപാട് പ്രതീക്ഷ തന്ന താരങ്ങളിൽ ഒരാളായിരുന്നു ഓപ്പണർ പൃഥ്വി ഷാ. താരത്തിന്റെ തുടക്കം അതിനോട് നീതി പുലർത്തുന്നതും ആയിരുന്നു.
എന്നാൽ കരിയറിൽ വലിയ പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുന്ന താരത്തിന് മറ്റൊരു തിരിച്ചടി സമ്മാനിച്ചുകൊണ്ടാണ് ഇപ്പോൾ ഐപിഎൽ താര ലേലത്തിൽ ആർക്കും വേണ്ടാത്ത നിലയിലേക്ക് മാറിയിരിക്കുന്നത്. വൻ പ്രതീക്ഷകളോടെ 75 ലക്ഷം അടിസ്ഥാന വിലയിലാണ് താരത്തെ ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

എന്നാൽ പത്ത് ടീമുകളിൽ ഒരാൾ പോലും ഈ തുകയ്ക്ക് പൃഥ്വിയെ സ്വന്തമാക്കാൻ മുന്നോട്ട് വന്നില്ല എന്നതാണ് ഒരുഘട്ടത്തിൽ ഇന്ത്യയുടെ ഭാവി ആകുമെന്ന കരുതിയിരുന്ന താരത്തിന്റെ പതനം അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് നിരന്തരം മാറ്റി നിർത്തപ്പെടുന്നതിന്റെ ഇടയിലാണ് പൃഥ്വിക്ക് ഇടിത്തീ പോലെ ഈ ഒരു വാർത്തയും വരുന്നത്.
പൃഥ്വിയുടെ പതനം, തുടങ്ങിയത് എവിടെ?
വെറും 25 വയസിൽ താഴെ മാത്രമാണ് പൃഥ്വി ഷായുടെ പ്രായം എന്നോർക്കണം. ലോക ക്രിക്കറ്റിൽ പല താരങ്ങളും അരങ്ങേറ്റം കുറിക്കുന്ന സമയങ്ങളിൽ ഒന്നാവുമ്പോഴേക്കും പൃഥ്വിയുടെ കരിയർ വലിയൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്. അതിന് ഒരുപരിധിവരെ താരത്തിന്റെ അച്ചടക്കമില്ലായ്‌മ ഉൾപ്പെടെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടുതൽ പേരും പ്രതിഭയുണ്ടായിട്ടും ഒന്നുമെത്താതെ പോയ വിനോദ കാംബ്ലി എന്ന പേരിനൊപ്പമാണ് ഇപ്പോൾ പൃഥ്വിയെ ചേർത്തുവായിക്കുന്നത്. ഈ വർഷം രഞ്ജി ട്രോഫിയിൽ ആദ്യ രണ്ട് റൗണ്ടുകളിൽ മോശം പ്രകടനം നടത്തിയതോടെ മൂന്നാം റൗണ്ടിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ മോശം പ്രകടനം മാത്രമല്ല അച്ചടക്കലംഘനം കൂടി കണക്കിലെടുത്താണ് താരം പുറത്തായത് എന്ന വാർത്തകളുണ്ടായിരുന്നു.
ഫിറ്റ്നസ് വലിയൊരു ഘടകം ആവുമ്പോൾ
പൃഥ്വി ഷായുടെ നിലവിലെ വീഴ്‌ചയ്ക്ക് പിന്നിൽ ഫിറ്റ്നസും വലിയൊരു ഘടകം ആണെന്നാണ് വിലയിരുത്തൽ. താരം തന്റെ ശാരീരിക പ്രകൃതി നിലനിർത്തുന്നതിൽ വളരെ മോശം സമീപനമാണ് വച്ചു പുലർത്തുന്നത്. ഇതും വൻ തുക മുടക്കി ഐപിഎൽ പോലെയുള്ള ടൂർണമെന്റിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ പിന്നിലേക്ക് വലിച്ച ഘടകമാണ്.












Click it and Unblock the Notifications