സഞ്ജുവിന്റെ സഹതാരം, അടിസ്ഥാന വില 2 കോടി മാത്രം; എന്നിട്ടും ഈ മലയാളിയെ ആർക്കും വേണ്ട, കാരണം
ജിദ്ദ: ഇന്ത്യൻ പ്രീമിയർ താരലേലത്തിന്റെ ആദ്യ ദിനം സംഭവ ബഹുലമായി പുരോഗമിക്കുകയാണ്. വൻ തുകയുടെ കണക്കുകളും റെക്കോർഡ് പ്രതിഫലവുമൊക്കെ ആദ്യ മണിക്കൂറുകളിൽ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരവും മലയാളികളുടെ ഇഷ്‌ട ബാറ്റർമാരിൽ ഒരാളുമായ ദേവദത്ത് പടിക്കലിന് നിരാശയുടെ വാർത്തയാണ് കേൾക്കേണ്ടി വരുന്നത്. താരത്തെ ആരും വാങ്ങാൻ തയ്യാറായില്ല എന്നതാണ് മലയാളികളെ ആശങ്കപ്പെടുത്തുന്ന കാര്യം.
2 കോടി അടിസ്ഥാനവിലയായിരുന്നു താരത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരു ടീമും ദേവദത്ത് പടിക്കലിനെ വാങ്ങാൻ താൽപര്യം കാട്ടിയില്ല. നിലവിൽ കഴിഞ്ഞ സീസൺ വരെ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിലായിരുന്നു ദേവദത്ത് കളിച്ചിരുന്നത്. മലയാളി ആണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടിയാണ് താരം ബാറ്റ് വീശുന്നത്.

ഈ വർഷം ആഭ്യന്തര ക്രിക്കറ്റിൽ നല്ല പ്രകടനം നടത്തിയതിന്റെ ബലത്തിൽ താരത്തെ ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ ഗവാസ്‌കർ ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അവിടെ പെർത്തിൽ നടക്കുന്ന ഒന്നാം ടെസ്‌റ്റിൽ റാൻഡ് ഇന്നിംഗ്‌സിലും താരം മോശം പ്രകടനമാണ് കാഴ്‌ച വച്ചത്. അതുകൊണ്ട് കൂടിയാവാം താരത്തെ സ്വന്തമാക്കാൻ ആരും താത്പര്യം കാണിക്കാത്തത് എന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഭേദപ്പെട്ട റെക്കോർഡുകൾ സ്വന്തമായുള്ള താരമാണ് പടിക്കൽ. 123 സ്‌ട്രൈക്ക് റേറ്റിൽ ലീഗിൽ 1500-ലധികം റൺസ് നേടിയിട്ടുള്ള ദേവദത്ത് പടിക്കൽ കഴിഞ്ഞ കുറച്ച് സീസണുകളിലായി ഐപിഎല്ലിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിരുന്നു. രാജസ്ഥാൻ റോയൽസ് ടീമിന് പുറമേ മുൻപ് ലക്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടിയും പടിക്കൽ കളിച്ചിട്ടുണ്ട്.
2020-ലും 2021-ലും താരത്തിന്റെ ഏറ്റവും മികച്ച സീസണുകളായിരുന്നു. ഈ രണ്ട് സീസണുകളിലും താരം 200 റൺസിൽ അധിക നേടിയിരുന്നു. എന്നാൽ വേഗം കുറഞ്ഞ ഇന്നിംഗ്‌സിന്റെ പേരിൽ താരത്തിന് നിരന്തരം വിമർശനം കേൾക്കേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തിൽ ഐപിഎൽ ലേലത്തിൽ വിൽക്കാതെ വന്നതോടെ അത് കൂടുതൽ തിരിച്ചടിയാവും.
അതേസമയം, പടിക്കൽ മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായിരുന്ന ഡേവിഡ് വാർണറും ഇക്കുറി അൺസോൾഡ് താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 2009 മുതൽ ടൂർണമെന്റിലെ നിറ സാന്നിധ്യമാണ് വാർണർ. മൂന്ന് വട്ടം ഏറ്റവും മികച്ച റൺസ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് അടക്കം നേടിയിട്ടുള്ള വാർണർ ഇത്തവണ വിറ്റുപോവാത്തത് വലിയ തിരിച്ചടിയാണ്.
40ന് മുകളിൽ ശരാശരിയും 140 സ്ട്രൈക്ക് റേറ്റുമായി വാർണർ മൊത്തം 6,565 ഐപിഎൽ റൺസ് നേടിയിട്ടുണ്ട്. താരത്തിന്റെയും അടിസ്ഥാന വില രണ്ട് കോടി രൂപയായിരുന്നു. പല താരങ്ങളും റെക്കോർഡ് വിലയ്ക്ക് ടീമുകളിലേക്ക് പോവുമ്പോഴാണ് വാർണറെ പോലെ പരിചയ സമ്പന്നനായ ഒരു താരത്തെ ടീമുകൾ ഒഴിവാക്കുന്നത്.












Click it and Unblock the Notifications