IPL 2023: കോഹ്ലിയേക്കാള്‍ കേമന്‍ സഞ്ജു; നിരീക്ഷണവുമായി ചാഹല്‍, കാരണം ഇത്
ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ബാറ്റിംഗിലും ബൗളിംഗിലും ഒരു പറ്റം മികച്ച പ്രകടനങ്ങള്‍ രാജസ്ഥാന്‍ താരങ്ങള്‍ നടത്തുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലിനും ആര്‍ അശ്വിനും ആണ്. ഇതില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിംഗ് ഇലവനില്‍ ഉറപ്പായും സ്ഥാനം ലഭിക്കുന്നയാളാണ് ചാഹല്‍.
എട്ട് വര്‍ഷത്തോളം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന ചാഹലിനെ കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തില്‍ ആണ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ എത്തിക്കുന്നത്. പുതിയ ഫ്രാഞ്ചൈസിയ്‌ക്കൊപ്പമുള്ള ആദ്യ സീസണില്‍ അദ്ദേഹം പര്‍പ്പിള്‍ ക്യാപ്പ് ജേതാവായുകയും ചെയ്തിരുന്നു. സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ (27) നേടി രാജസ്ഥാനെ കലാശപ്പോരിലേക്ക് എത്തിച്ചതിന് പിന്നില്‍ ചാഹലിന്റെ പ്രകടനം ഒഴിച്ച് കൂടാനാകാത്തതാണ്.

അതിനാല്‍ തന്നെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വിശ്വസ്തനായ താരമാണ് ചാഹല്‍. ഈ സീസണിലും നിര്‍ണായകമായ സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ടീമിന് ബ്രേക്ക് ത്രൂ നല്‍കാന്‍ ചാഹലിന് സാധിക്കുന്നുണ്ട്. അതിനാല്‍ ഇത്തവണയും പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ ചാഹലുണ്ട്. ആറ് കളികളില്‍ നിന്ന് 11 വിക്കറ്റ് നേടിയ ചാഹല്‍ പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ നാലാം സ്ഥാനത്താണ്.
അതിനിടെ തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ ആരാണ് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചാഹല്‍ ഇപ്പോള്‍. ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലുമായി എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സഞ്ജു സാംസണ്‍ എന്നീ ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ ചാഹല്‍ കളിച്ചിട്ടുണ്ട്. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ ആരാണ് മികച്ച ക്യാപ്റ്റന്‍ എന്ന് തിരഞ്ഞെടുക്കുന്നതില്‍ ബുദ്ധിമുട്ടാണെങ്കിലും ഐപിഎല്ലില്‍ സഞ്ജുവാണ് തനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റന്‍ എന്നാണ് ചാഹല്‍ പറയുന്നത്.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?
എട്ട് വര്‍ഷത്തോളം ആര്‍സിബിക്കായി കോഹ്ലിക്ക് കീഴില്‍ കളിച്ച ചാഹല്‍ ആണ് സഞ്ജുവിനെ ഫേവറീറ്റ് ആയി കണക്കാക്കുന്നത്. തനിക്ക് ആവശ്യമായ സ്വാതന്ത്ര്യം സാംസണ്‍ നല്‍കിയിട്ടുണ്ടെന്നും തന്റെ വളര്‍ച്ചയ്ക്ക് ഒരു ചെറിയ ശതമാനം ക്രെഡിറ്റ് സഞ്ജുവിനും കൂടി അവകാശപ്പെട്ടതാണ് എന്നുമാണ് ചാഹല്‍ പറയുന്നത്. ദേശീയ ടീമില്‍ കളിക്കുമ്പോഴും തനിക്ക് ഈ മൂന്ന് ക്യാപ്റ്റന്‍മാരും സ്വാതന്ത്ര്യം തന്നിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാഹലിനെ സംബന്ധിച്ചിടത്തോളം സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മഹേന്ദ്ര സിംഗ് ധോണിയോട് സാമ്യമുള്ളതാണ്. അവന്‍ വളരെ ശാന്തനാണ്. നിനക്ക് നാല് ഓവര്‍ ഉണ്ട്. ആവശ്യമുള്ളത് പോലെ ബൗള്‍ ചെയ്യൂ, എന്നാണ് സഞ്ജു തന്നോട് പറഞ്ഞിട്ടുള്ളത് എന്ന് ചാഹല്‍ പറയുന്നു. ഒരു ബൗളറെ സംബന്ധിച്ച് ഇക്കാര്യം വളരെ പ്രധാനമാണ് എന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications