'എന്നെ അന്ന് ചവിട്ടി പുറത്താക്കിയതല്ലേ..'; തന്റെ കരിയറിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ഇർഫാൻ പത്താൻ
ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഇർഫാൻ പത്താന്റെ പടിയിറക്കം പലർക്കും ഓർമയുണ്ടാകും. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇന്ത്യൻ ടീമിൽ നിന്ന് അപ്രത്യക്ഷനായ താരമാണ് ഇർഫാൻ. ഒരുപക്ഷേ കരിയറിൽ എവിടെയൊക്കെയോ എത്തേണ്ടിയിരുന്ന താരത്തിന്റെ പൊടുന്നനെയുള്ള പുറത്താകലിന് പിന്നിൽ ശരിക്കും എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ ഇർഫാൻ പത്താൻ തന്നെ.
ഇന്ത്യൻ സെലക്‌ടർമാരുടെ പക്ഷപാത പരമായ പെരുമാറ്റത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് പത്താൻ തന്റെ മനസ് തുറന്നത്. മുൻപ് ഇർഫാൻ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കാലത്ത് സെലക്‌ടർ ആയിരുന്ന ക്രിസ് ശ്രീകാന്തിനെയാണ് പത്താൻ വിമർശിച്ചത്. അന്ന് പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായ ഇർഫാൻ പത്താൻ പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

'ശ്രീകാന്ത് സാർ സെലക്‌ടറായിരിക്കുമ്പോൾ ഞാനും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. അന്ന് എനിക്ക് പരിക്കേൽക്കുകയും ടീമിൽ നിന്ന് പുറത്തു പോവുകയും ചെയ്‌തു. എന്നാൽ പിന്നീട് ഞാൻ ഒരിക്കലും ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചിട്ടില്ല, അതാണ് സത്യം. എനിക്ക് അത് പറയാൻ യാതൊരു മടിയുമില്ല.' എന്നായിരുന്നു ഇർഫാൻ പത്താൻ പറഞ്ഞത്.
ഒരു മോശം പര്യടനത്തിനും പരിക്കിനും ശേഷം ഒരു താരത്തിന്റെ മാച്ച് വിന്നിംഗ് പ്രകടനങ്ങളെ സെലക്‌ടർമാർ പലപ്പോഴും അവഗണിച്ചതെങ്ങനെയെന്നും ഇർഫാൻ വിശദീകരിച്ചു. കൂടാതെ ഐപിഎല്ലിലെ മികച്ച സീസൺ ഉള്ളത് കൊണ്ട് മാത്രം താരങ്ങളുടെ പ്രകടനത്തെ സെലക്‌ടർമാർ വിലയിരുത്താൻ പാടില്ലെന്നും ഇർഫാൻ പത്താൻ പറയുന്നു.
അതേസമയം, പഴയകാലത്തെ ക്രിക്കറ്റ് മത്സരങ്ങൾ കണ്ടവർക്ക് മനസിലാവും ഇർഫാൻ പത്താൻ എന്ന താരത്തിന്റെ റേഞ്ച് എന്താണെന്ന്. ഒരു കാലത്ത് പറ്റിയ ഓൾറൗണ്ടർ ഇല്ലാതെ വിഷമിച്ചിരുന്ന ഇന്ത്യൻ ടീമിലേക്ക് കടന്നുവന്ന ഇർഫാൻ പത്താൻ ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു.
2003ലാണ് താരം ഇന്ത്യൻ ടീമിൽ എത്തുന്നത്. രാജ്യത്തിനായി 29 ടെസ്‌റ്റുകളും 120 ഏകദിനങ്ങളും 24 ടി20കളും കളിച്ച ഇർഫാൻ പത്താന് പക്ഷേ അർഹിച്ച വിരമിക്കൽ ആയിരുന്നില്ല ലഭിച്ചത്. കാൽമുട്ടിനേറ്റ പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തുകയായിരുന്നു. 2012ൽ ഇന്ത്യക്ക് വേണ്ടി അവസാന മത്സരം കളിച്ച താരം പിന്നീട് 2019 വരെ ഇന്ത്യൻ ടീമിൽ നിന്ന് വിളി പ്രതീക്ഷിച്ചു ആഭ്യന്തര ക്രിക്കറ്റിൽ തുടർന്നെങ്കിലും ഒടുവിൽ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications