ഹേറ്റേഴ്‌സിന്റെ വായടപ്പിച്ച് ഇഷാൻ കിഷൻ; സമ്പത്തിലും ആളൊരു കേമൻ തന്നെ, ആസ്‌തി 67 കോടി കടക്കും
ഇന്ത്യയുടെ ഭാവി വാഗ്‌ദാനം ആവുമെന്ന് കരുതപ്പെട്ടിരുന്ന വിക്കറ്റ് കീപ്പർ ബാറ്ററാണ് ഇഷാൻ കിഷൻ. ഇപ്പോഴും താരത്തിന് സമയം ബാക്കിയുണ്ടെന്ന് പറയാം. അടുത്തിടെ പല നിർണായക പരമ്പരകളിൽ നിന്നും ലോകകപ്പുകളിൽ നിന്നും ഒക്കെ താരത്തെ ബിസിസിഐ മാറ്റി നിർത്തിയത് ശ്രദ്ധ നേടിയ കാര്യമാണ്. ഇതിന് പിന്നാലെ തന്നെ താരം ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നേറുകയാണ്.
ഇപ്പോഴിതാ ഐപിഎല്ലിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമായ ഇഷാൻ കിഷന്റെ ലക്ഷ്വറി ജീവിത ശൈലിയും താരത്തിന്റെ സമ്പന്നതയും ഒക്കെയാണ് വാർത്തകളിൽ ഇടം നേടുന്നത്. ദുലീപ് ട്രോഫിയിലെ സെഞ്ച്വറിയോടെ താരത്തിന്റെ കരിയറിന് പുതിയൊരു മാറ്റത്തിന്റെ സാധ്യത തുറന്ന് വന്നതിന് പിന്നാലെയാണ് വീണ്ടും കിഷന്റെ കാർ കളക്ഷനും ആസ്‌തിയും ഒക്കെ ചർച്ചയാവുന്നത്.

ഇഷാൻ കിഷന്റെ സമ്പത്തും ആസ്‌തിയും
താരത്തിന്റെ ആഡംബര പൂർണമായ ജീവിത ശൈലി പണ്ട് തന്നെ ഏറെ പ്രസിദ്ധമായ കാര്യമാണ്. ഇൻസ്‌റ്റഗ്രാം, സോഷ്യൽ മീഡിയ പോസ്‌റ്റുകളിൽ ലാവിഷായി അടിച്ചുപൊളിക്കുന്ന കിഷന്റെ ചിത്രങ്ങൾ ഏറെയുണ്ട്. എന്നാൽ ഈ അടിച്ചുപൊളി തന്നെയാണ് ഇടക്കാലത്ത് താരത്തെ ടീമിന് പുറത്ത് നിർത്തിയതെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എങ്കിലും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് ഇഷാൻ കിഷൻ.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഇഷാൻ കിഷന്റെ ആസ്‌തി 8 മില്യൺ ഡോളർ (ഏകദേശം 67 കോടി രൂപ) ആയി കണക്കാക്കപ്പെടുന്നു. കേവലം ക്രിക്കറ്റ് കരിയറിൽ നിന്ന് മാത്രമായി കിഷൻ ഉണ്ടാക്കിയെടുത്ത സമ്പത്തല്ല ഇതെന്ന് പ്രത്യേകം ഓർക്കണം. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കിഷന്റെ ഇപ്പോഴത്തെ ജീവിത ശൈലി ആരെയും അമ്പരപ്പിക്കുന്നതാണ്. ഓർ ബിസിനസുകാരൻ കൂടിയാണ് ഇഷാൻ കിഷൻ എന്നത് മറക്കരുത്.
ബിസിസിഐയുമായുള്ള കരാറിൽ നിന്നായിരുന്നു ഇഷാൻ കിഷന്റെ പ്രാഥമിക വരുമാനം. എന്നാൽ നിലവിൽ ബിസിസിഐ നിലനിർത്തിയവരുടെ പട്ടികയിൽ താരത്തിന്റെ പേരില്ല. നേരത്തെ ഇന്ത്യൻ ടീമിൽ അംഗമായിരുന്നപ്പോൾ ഗ്രേഡ് സി കരാറിൽ ഒരു കോടി രൂപ വാർഷിക ശമ്പളം കിഷന് ലഭിച്ചിരുന്നു. മറ്റ് ഇന്ത്യൻ താരങ്ങളെ പോലെ ഇഷാൻ കിഷന്റെയും പ്രധാന വരുമാനം ഐപിഎൽ തന്നെയാണ്.
ഐപിഎൽ 2022 ലേലത്തിലെ ഏറ്റവും വിലകൂടിയ ഇന്ത്യൻ കളിക്കാരനായി ഇഷാൻ കിഷൻ മാറിയിരുന്നു. മുംബൈ ഇന്ത്യൻസ് അദ്ദേഹത്തെ 15.25 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. 2016ൽ ഗുജറാത്ത് ലയൺസിനൊപ്പമാണ് താരത്തിന്റെ ഐപിഎൽ യാത്ര ആരംഭിച്ചത്. പിന്നീട് മുംബൈ ഇന്ത്യൻസ് 2018ൽ 6.2 കോടി രൂപ മുടക്കിയതോടെ താരത്തിന്റെ ആസ്‌തി കത്തിക്കയറി.
ഇഷാൻ കിഷന്റെ ആഡംബര ജീവിതം
ഇഷാൻ കിഷന് രണ്ട് ആഡംബര വീടുകളുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഒന്ന് അദ്ദേഹത്തിന്റെ സ്വന്തം പട്ടണമായ പട്‌നയിലെ വിശാലമായ വീടാണ്. രണ്ടാമത്തെ മുംബൈയിൽ മനോഹരമായി രൂപകൽപ്പന ചെയ്‌ത അപ്പാർട്ട്മെന്റ് ആണ്. ഇഷാൻ കിഷന്റെ കാർ ശേഖരത്തിൽ ബിഎംഡബ്ല്യു 5 സീരീസ്, മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ്, ഫോർഡ് മുസ്താങ് ജിടി എന്നിവ ഉൾപ്പെടുന്നുണ്ട്.
കൂടാതെ മറ്റ് ആഡംബര കാറുകളും താരത്തിന് സ്വന്തമായുണ്ടെന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യക്തമാണ്. ഫ്രാങ്ക് മുള്ളർ, റോളക്സ്, പാടെക് ഫിലിപ്പ് തുടങ്ങിയ ബ്രാൻഡുകളുടെ വാച്ചുകൾ സ്വന്തമായിട്ടുള്ള അദ്ദേഹം വിലകൂടിയതും അപൂർവവുമായ വാച്ചുകൾ ശേഖരിക്കുന്നതിൽ അതീവ തൽപരൻ കൂടിയാണ്.












Click it and Unblock the Notifications