വിരാടിനും രോഹിത്തിനും പിന്നാലെ ജസ്പ്രീത് ബുംറയും വിരമിക്കുകയാണോ? താരത്തിന്റെ മറുപടി ഇങ്ങനെ
മുംബൈ: ഇന്ത്യയുടെ ജയം ടി20 ലോകകപ്പില്‍ സാധ്യമാക്കിയത് ആരാണ്? ജസ്പ്രീത് ബുംറയെന്ന ഒറ്റപേരേ ആരുടെ മനസ്സിലും ആദ്യമെത്തൂ, അതിഗംഭീര പ്രകടനമായിരുന്നു ബുംറ ഫൈനലില്‍ കാഴ്ച്ചവെച്ചത്. ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും ഈ ബൗളിംഗാണ്. മുപ്പത് പന്തില്‍ മുപ്പത് റണ്‍സ് മാത്രം മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍.
തുടര്‍ന്നുള്ള അഞ്ചോവറില്‍ വെറും 23 റണ്‍സ് മാത്രമാണ് ഇന്ത്യ വിട്ടുകൊടുത്തത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ദക്ഷിണാഫ്രിക്കയായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. എന്നാല്‍ അവസാന ഓവറുകളിലെ പ്രകടനത്തിലാണ് ഇന്ത്യ കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ 15 വിക്കറ്റുകളാണ് ബുംറ നേടിയത്.

അതേസമയം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് ബുംറ. അതുകൊണ്ട് താരത്തിന് വര്‍ക്ക്‌ലോഡ് പേസ് ബൗളറെന്ന നിലയില്‍ അധികമാണ്. പരുക്കേല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നേരത്തെ ടി20 ലോകകപ്പിന് പിന്നാലെ ടി20യില്‍ നിന്ന് ബുംറ വിരമിക്കുമെന്ന് അഭ്യൂഹങ്ങളും വന്നിരുന്നു.
ജോലി ഭാരം കുറയ്ക്കുന്നിന്റെ ഭാഗമായി ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുംറ ശ്രമിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ടി20 ലോകകപ്പ് നേടിയ സ്ഥിതിക്ക് ഇതിലും വലിയ നേട്ടം കരിയറില്‍ നേടാന്‍ ഇല്ലാത്തത് കൊണ്ട് ഈ തീരുമാനമുണ്ടാവുമെന്ന് കുറച്ച് ആരാധകര്‍ കരുതിയിരുന്നു.
അതേസമയം ഇപ്പോള്‍ ബുംറ തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിരമിക്കാന്‍ തനിക്ക് പ്ലാനൊന്നുമില്ലെന്ന് താരം പറയുന്നു. എന്റെ വിരമിക്കല്‍ ഇനിയും ഒരുപാട് കാലം അപ്പുറമാണ്. ഞാന്‍ കളി ആരംഭിച്ചതേയുള്ളൂ. ഒരുപാട് ദൂരത്താണ് അതെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് ബുംറ പറഞ്ഞു. വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് കിരീട നേട്ടം ആഘോഷിക്കവേയാണ് ഇക്കാര്യം ബുംറ വ്യക്തമാക്കിയത്.
ബുംറ കുടുംബത്തോടൊപ്പമാണ് വാംഖഡെയില്‍ എത്തിയത്. ഭാര്യ സഞ്ജന ഗണേഷനും മകന്‍ അങ്കദും ഒപ്പമുണ്ടായിരുന്നു. തീര്‍ച്ചയായും അവിശ്വസനീയ നിമിഷമായിരുന്നു ഞാന്‍ മത്സരശേഷം കരയാറില്ലായിരുന്നു. പക്ഷേ മകനെ കണ്ടതോടെ ഞാന്‍ കരഞ്ഞുപോയെന്നും ബുംറ പറഞ്ഞു.
അതേസമയം വിരാട് കോലി ലോകകപ്പിലെ തന്റെ മോശം ഫോമിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചു. ഈ നേട്ടം ഞാന്‍ എന്നും ഓര്‍ത്തിരിക്കും. ടൂര്‍ണമെന്റില്‍ ഉടനീളം എനിക്ക് കാര്യമായി ബാറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ടീമിനോടും എന്നോടും എനിക്ക് നീതി കാണിക്കാന്‍ പറ്റുന്നില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡിനോട് പറഞ്ഞിരുന്നു. സാഹചര്യം വരുമ്പോള്‍ നീ നന്നായി പെര്‍ഫോം ചെയ്യുമെന്നാണ് കോച്ചാണ് പറഞ്ഞത്.
ഫൈനലില്‍ അങ്ങനെ കളിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കില്ലായിരുന്നു. മത്സരത്തില്‍ തനിക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് കളിക്കേണ്ടത്. തന്റെ അഹങ്കാരം വര്‍ധിച്ചിരുന്നു. ടീമിന് വേണ്ടി അത് മാറ്റിവെച്ച് കളിച്ചപ്പോള്‍ നേട്ടമുണ്ടായെന്നും കോലി പറഞ്ഞു.












Click it and Unblock the Notifications