ബാര്‍ബഡോസില്‍ കപ്പുയര്‍ത്തും, 4 മാസം മുമ്പേ ജയ് ഷായുടെ പ്രവചനം; നോസ്ട്രഡാമസെന്ന് രവി ശാസ്ത്രി
ബാര്‍ബഡോസ്: ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വൈറലായി ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രവചനം. മാസങ്ങള്‍ക്ക് മുമ്പേ ഇന്ത്യ കപ്പുയര്‍ത്തുമെന്ന് കൃത്യമായി പ്രവചിച്ച ഏക വ്യക്തിയും ജയ് ഷായായിരുന്നു. ഇന്ത്യ തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ചെങ്കില്‍ കിരീടം നേടാനായില്ല, പക്ഷേ ഹൃദയങ്ങള്‍ കീഴടക്കിയത് ഞങ്ങളാണ് എന്നായിരുന്നു ജയ് ഷായുടെ പ്രവചനം.
എന്നാല്‍ 2024ലെ ലോകകപ്പിന്റെ കാര്യത്തില്‍ ഞാന്‍ ഒരുറപ്പ് നല്‍കാം. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ബാര്‍ബഡോസില്‍ ടി20 ലോകകപ്പ് ഉയര്‍ത്തിക്കുമെന്നായിരുന്നു ജയ് ഷായുടെ പ്രവചനം. ഫെബ്രുവരിയിലായിരുന്നു ഈ പ്രവചനം ജയ് ഷാ നടത്തിയത്.

ബാര്‍ബഡോസില്‍ ഇന്ത്യ ലോകകപ്പ് നേടിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയാണ് ഈ പ്രവചനം വീണ്ടും വൈറലാക്കിയത്. അദ്ദേഹമാണ് ജയ് ഷാ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയ കാര്യം വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാണിച്ചത്.
ടി20 ലോകകപ്പിനും നാല് മാസം മുമ്പേ തന്നെ ജയ് ഷാ ഇന്ത്യ ജയിക്കുന്ന കാര്യം പ്രവചിച്ചിരുന്നുവെന്നാണ് ശാസ്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ നോസ്ട്രഡാമസാണ് ജയ് ഷാ എന്നാണ് രവി ശാസ്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തി കിരീടം നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ആദ്യ ഐസിസി കിരീടമായിരുന്നു ഇത്.
രവി ശാസ്ത്രി എക്‌സിലൂടെയാണ് ജയ് ഷായുടെ പ്രവചനത്തെ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്. അദ്ദേഹത്തെ രവി ശാസ്ത്രി അഭിനന്ദിക്കുകയും ചെയ്തു. നോസ്ട്രഡാമസ് ജയ് ഷാ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നാല് മാസം മുമ്പേ ഇന്ത്യ കിരീടം നേടുമെന്ന് ജയ് ഷാ പ്രവചിച്ചിരുന്നുവെന്ന് രവി ശാസ്ത്രി ട്വീറ്റില്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലും ടീമിന്റെ കരുത്തിലുമുള്ള ജയ് ഷായുടെ ആത്മവിശ്വാസമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. രാജ്യത്താകെ ഇത് വലിയ ആവേശത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മുപ്പത് പന്തില്‍ മുപ്പത് റണ്‍സ് എന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക മത്സരം കൈവിട്ടത്.
ഇന്ത്യയുടെ നിര്‍ണായകമായ അവസാന മൂന്നോവറുകളാണ് കളി മാറ്റി മറിച്ചത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ ബുംറ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നിലം തെടാന്‍ പോലും അനുവദിച്ചില്ല. ക്ലാസ്സന്റെ കുറ്റിതെറിപ്പിക്കുകയും ചെയ്തു ബുംറ ഈ ഓവറില്‍. അടുത്ത ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപും മികവിലേക്ക് ഉയര്‍ന്നതോടെ ശരിക്കും ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി.
അവസാന ഓവര്‍ ഹര്‍ദിക് പാണ്ഡ്യയാണ് എറിഞ്ഞത്. ആദ്യ പന്തില്‍ തന്നെ ഡേവിഡ് മില്ലര്‍ ബൗണ്ടറിയിലേക്ക് പന്ത് പറത്തിയെങ്കിലും അവിശ്വസനീയമായ ക്യാച്ചിലൂടെ സൂര്യകുമാര്‍ യാദവ് മത്സരം ഇന്ത്യക്ക് സമ്മാനിക്കുകയായിരുന്നു. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിടുന്നത്.












Click it and Unblock the Notifications