കൊട്ടിഘോഷിച്ച് കെസിഎല്ലിന് തുടക്കം; എന്നിട്ടും സഞ്ജുവിന് ഇടമില്ല, താരം കളിക്കാത്തതിന്റെ കാരണം ഇതാണ്
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ലീഗുകളുടെ ചുവടുപിടിച്ചു കൊണ്ടാണ് കേരളത്തിലും ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ ഒരു ലീഗിന് തുടക്കമായിരിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗ് എന്ന് വിളിക്കുന്ന കെസിഎല്ലിൽ നിരവധി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഇന്നലെ മുതലാണ് മത്സരങ്ങൾ ആരംഭിച്ചത്. എന്നാൽ അപ്പോഴൊക്കെയും പല കോണുകളിൽ നിന്നും ഉയർന്ന ചോദ്യം മലയാളികളുടെ സ്വന്തം സഞ്ജു സാംസണെ കുറിച്ചുള്ളതാണ്.
ഈ വർഷം യുഎസിലും വെസ്‌റ്റ് ഇൻഡീസിലുമായി നടന്ന ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു സാംസൺ. അതിന് ശേഷം കാര്യമായ മത്സരങ്ങൾ ഒന്നും തന്നെ സഞ്ജുവിന് ഉണ്ടായിരുന്നില്ല. എന്നിട്ടും ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ക്രൗഡ് പുള്ളറെ ടൂർണമെന്റിന്റെ പ്രഥമ സീസണിൽ ഗ്രൗണ്ടിലിറക്കാൻ കെസിഎക്ക് കഴിയാതെ പോയതെന്നതാണ് പ്രധാന ചോദ്യം.

കൂടാതെ ടൂർണമെന്റിന്റെ ജനപ്രീതി കൂടുതൽ ഉയർത്താനും കാണികളുടെ വരവ് ഇനിയും കൂടാനും സഞ്ജുവിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ സഞ്ജു കളിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പ്രത്യേകിച്ച് ഇന്ത്യൻ ടീമിന് ഈ കാലയളവിൽ ഹ്രസ്വ ഫോർമാറ്റിൽ മത്സരങ്ങൾ ഒന്നും തന്നെയില്ലെന്ന് കണക്കിലെടുക്കുമ്പോൾ.
എന്നാൽ സഞ്ജു ടൂർണമെന്റിൽ നിന്ന് വിട്ടു നിന്നതോടെ അഭ്യൂഹങ്ങളും സജീവമായിരുന്നു. താരത്തിന്റെ പിന്മാറ്റം എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുകയും ചെയ്‌തു, കൂടാതെ കേരളത്തിലെ ക്രിക്കറ്റിന് പുത്തനുണർവ് നൽകുന്ന ടൂർണമെന്റിൽ സഞ്ജു തീർച്ചയായും ഭാഗമാവണം എന്ന അഭിപ്രായവും ഉയരുകയുണ്ടായി.
എന്താണ് സഞ്ജുവിന്റെ പിൻവാങ്ങലിന് കാരണം?
ഇത്തവണ താരം ടൂർണമെന്റിൽ കളിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ദുലീപ് ട്രോഫിക്കുള്ള ടീമുകളിൽ ഒന്നിൽ പോലും സഞ്ജുവിന്റെ ഇല്ലാതായിരുന്നതോടെ ഈ പ്രതീക്ഷ കൂടുതൽ ശക്തമായി. രഞ്ജി ട്രോഫി ആരംഭിക്കുന്നത് വരെ മറ്റ് ടൂർണമെന്റുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ തന്നെയാണ് ഇങ്ങനെയൊരു ചിന്ത എല്ലാവരിലും വന്നത്.
എന്നാൽ ഇത്തവണത്തെ തിരക്കേറിയ സീസണിന് ശേഷം കേരള ക്രിക്കറ്റ് അസോസിയേഷനോട് വിശ്രമം വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഠിനമായ ഐപിഎൽ സീസണിന് ശേഷം ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു. പിന്നീട് സിംബാബ്‌വെയിലും ശ്രീലങ്കയിലും പര്യടനം നടത്തിയപ്പോഴാണ് താരം ടീമിനെ അനുഗമിച്ചിരുന്നു.
ഇതോടെയാണ് സഞ്ജു വിശ്രമം ആവശ്യപ്പെട്ടതെന്നാണ് ഓൺമനോരമ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജു കളിക്കുന്നില്ലെങ്കിൽ പോലും കേരള ക്രിക്കറ്റിലെ മറ്റ് പ്രധാന താരങ്ങൾ എല്ലാവരും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ബേസിൽ തമ്പി, വിഷ്‌ണു വിനോദ്, അസ്ഹറുദ്ധീൻ, അബ്‌ദുൾ ബാസിത് എന്നിവർ കളത്തിലിറങ്ങും.












Click it and Unblock the Notifications