എന്നെ അവര്‍ പരമാവധി അപമാനിച്ചു, ഇന്ന് പുകഴ്ത്തുന്നു; സൈബര്‍ ആക്രമണത്തെ കുറിച്ച് കെഎല്‍ രാഹുല്‍
ജൊഹന്നാസ്ബര്‍ഗ്: 2023 കെഎല്‍ രാഹുലിനെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയമായിരുന്നു. ടി20 ടീമില്‍ നിന്ന് പുറത്തായതായിരുന്നു ആദ്യത്തേത്. 2022 ടി20 ലോകകപ്പിലെ മോശം പ്രകടനമായിരുന്നു ഇതിന് കാരണം. ഇതിന് പിന്നാലെ മോശം മോശം സ്‌കോറുകളാണ് താരത്തില്‍ നിന്നുണ്ടായത്. ഇതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്നും താരം പുറത്തായി.
പിന്നീട് റിഷഭ് പന്തിന് പരിക്കേറ്റതോടെ കീപ്പിംഗ് ചുമതല രാഹുലിനെ തേടിയെത്തി. എന്നാല്‍ പിന്നാലെ ഐപിഎല്ലിനിടെ പരിക്കേറ്റത് ലോകകപ്പില്‍ കളിക്കുകയെന്ന മോഹങ്ങള്‍ക്ക് പോലും പ്രതിസന്ധികളുണ്ടാക്കുന്നതായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും രാഹുലിന് നഷ്ടമായി. അതേസമയം ടീമിലേക്കുള്ള തിരിച്ചുവരവ് രാഹുല്‍ പിന്നീട് ആഘോഷമാക്കുന്നതാണ് കണ്ടത്. മികച്ച സ്‌കോറുകളും അതോടൊപ്പം വിക്കറ്റ് കീപ്പിംഗിലെ മികവുമാണ് രാഹുലില്‍ നിന്ന് കണ്ടത്.

എന്നാല്‍ ലോകകപ്പ് ഫൈനലില്‍ രാഹുലിന്റെ ബാറ്റിംഗ് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ആരാധകര്‍ മാത്രമല്ല ക്രിക്കറ്റ് പണ്ഡിതരും രാഹുലിനെതിരെ രംഗത്ത് വന്നു. മെല്ലെപ്പോക്കില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് കെഎല്‍ രാഹുല്‍. നിങ്ങള്‍ക്ക് വ്യക്തിത്വം, അതുപോലെ സ്വഭാവം എന്നിവയെല്ലാം സ്വന്തമായിട്ടുണ്ടാവും. പക്ഷേ ഇന്ത്യക്കായി കളിക്കുമ്പോള്‍ ഇതെല്ലാം വെല്ലുവിളിക്കപ്പെടാമെന്നും രാഹുല്‍ പറയുന്നു.
സോഷ്യല്‍ മീഡിയ വലിയൊരു സമ്മര്‍ദമാണ്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഞാനൊരു സെഞ്ച്വറിയടിച്ചു. ഇന്ന് എല്ലാവരും എന്നെ പ്രശംസിക്കുകയാണ്. അവര്‍ വാതോരാതെ എന്റെ സെഞ്ച്വറിയെ കുറിച്ച് സംസാരിക്കുന്നു. മൂന്നോ നാലോ മാസങ്ങള്‍ക്ക് മുമ്പ് എന്നെ എല്ലാവരും കുറ്റപ്പെടുത്തുകയായിരുന്നു. അതും മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള അപമാനമായിരുന്നു അത്. ഇതൊക്കെ കളിയുടെ ഭാഗമാണ്.
ഇതൊന്നും നിങ്ങളെ ബാധിക്കില്ലെന്ന് ഞാനൊരിക്കലും പറയില്ല. എന്നാല്‍ എത്രയും പെട്ടെന്ന് അതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. കാരണം നല്ല രീതിയില്‍ കളിക്കാന്‍ അതിലൂടെ മാത്രമേ സാധിക്കൂ. ഇല്ലെങ്കില്‍ മനോനിലയെ അത് ബാധിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ഒരു അതിര്‍ വരമ്പ് ഇടുന്നത് നല്ലതാണ്. പരിക്കേറ്റപ്പോള്‍ അക്കാര്യത്തിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. പുറത്തുനിന്നുള്ള സമ്മര്‍ദം തന്നെ താങ്ങാവുന്നതില്‍ അധികമാണെന്നും രാഹുല്‍ പറഞ്ഞു. ആര്‍ക്കും പൂര്‍ണമായും ഇതിനെ അവഗണിക്കാനാവില്ല.
എന്തൊക്കെ വിമര്‍ശനങ്ങളാണ് വരുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യം കാണും. എന്നാല്‍ സോഷ്യല്‍ മീഡിയയെ നിയന്ത്രിച്ചാല്‍ നിങ്ങള്‍ക്ക് മനോവീര്യം ലഭിക്കും. വലിയ സമ്മര്‍ദം വരുമ്പോഴും, നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് കഠിനമായ കാര്യമെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications