ഞെട്ടിക്കാന്‍ രാഹുല്‍, ബാറ്റിംഗ് പൊസിഷന്‍ മാറുന്നു; ലഖ്‌നൗവിലും ഇന്ത്യന്‍ ടീമിലും സ്ഥാനം മാറും
ലോകകപ്പ് തോല്‍വിക്ക് പിന്നാലെ കളിക്കളത്തില്‍ സജീവമാകാന്‍ കെഎല്‍ രാഹുല്‍. ഇന്ത്യയുടെ വിശ്വസ്തനായ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ബാറ്റിംഗ് പൊസിഷന്‍ മാറ്റാനൊരുങ്ങുന്നുവെന്ന്‌റിപ്പോര്‍ട്ട്. ഓപ്പണിംഗ് മുതല്‍ നാലാം നമ്പറില്‍ വരെ കളിച്ചിട്ടുണ്ട് രാഹുല്‍. എന്നാല്‍ കൂടുതല്‍ പിന്നോട്ടിറങ്ങുമെന്ന റിപ്പോര്‍ട്ട് ക്രിക്കറ്റ് വിദഗ്ധരെ ഞെട്ടിച്ചിരിക്കുകയാണ്. കെഎല്‍ രാഹുല്‍ നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല.
2022 ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റത് മുതല്‍ ടി20 ടീമിലും രാഹുല്‍ ഇല്ല. ഇതാണ് അടിമുടി മാറാന്‍ രാഹുല്‍ തീരുമാനിച്ചതിന് പിന്നില്‍. പുതിയൊരു ബാറ്റിംഗ് പൊസിഷനായിരിക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുലിനുണ്ടാവുക. അതേസമയം ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം.

ഐപിഎല്‍ ടീമിലും രാഹുല്‍ പൊസിഷന്‍ മാറ്റിയാണ് കളിക്കാനിറങ്ങുക. നിലവില്‍ ഓപ്പണിംഗിലും മൂന്നാം സ്ഥാനത്തുമായിട്ടാണ് രാഹുല്‍ ഐപിഎല്ലില്‍ കളിക്കാറുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏകദിന ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറുമാണ് രാഹുല്‍. 2023 ലോകകപ്പില്‍ അതുകൊണ്ട് മികച്ച പ്രകടനം തന്നെയാണ് രാഹുല്‍ നടത്തിയത്. ടെസ്റ്റില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് രാഹുല്‍. ഇത് മാറ്റാനാണ് താരം ഒരുങ്ങുന്നത്.
ഇനി മുതല്‍ ടെസ്റ്റ് ക്രിക്കറ്റിലും ഐപിഎല്ലിലും രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യില്ല. പകരം മധ്യനിരയിലേക്ക് ബാറ്റിംഗ് പൊസിഷന്‍ മാറ്റാനാണ് രാഹുല്‍ ഒരുങ്ങുന്നത്.അതേസമയം റിഷഭ് പന്ത് ടെസ്റ്റില്‍ കളിക്കുന്നില്ല. അതുകൊണ്ട് കീപ്പിംഗും രാഹുല്‍ ഏറ്റെടുക്കും. ദീര്‍ഘകാലത്തിന് ശേഷമാണ് രാഹുല്‍ ടെസ്റ്റില്‍ കീപ്പറാവുന്നത്. ടീമില്‍ നിന്ന് കെഎസ് ഭരത് പുറത്തുപോയിരിക്കുകയാണ്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഭരതായിരുന്നു കീപ്പര്‍. എന്നാല്‍ താരം വളരെ മോശം ഫോമിലായിരുന്നു കളിച്ചിരുന്നത്. സമീപകാലത്തൊന്നും മികവുറ്റ പ്രകടനം ഭരതില്‍ നിന്ന് ടീമിന് ലഭിച്ചിട്ടില്ല. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇഷാന്‍ കിഷനായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കിഷനേക്കാള്‍ കൂടുതല്‍ പരിഗണന രാഹുലിന് ലഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും, വെസ്റ്റിന്‍ഡീസ് പരമ്പരയിലും പരിക്കിനെ തുടര്‍ന്നാണ് രാഹുലിന് കളിക്കാനാവാതെ പോയത്. പകരം ഇഷാന്‍ കിഷനാണ് ടീമിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരെയും കളിച്ചത് കിഷനാണ്.
ലഖ്‌നൗവില്‍ രാഹുല്‍ മധ്യനിരയിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ ടീമിലെത്തിച്ചിട്ടുണ്ട്. താരമായിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. എല്ലാ ഫോര്‍മാറ്റിലും മധ്യനിര ബാറ്റ്‌സ്മാനായി മാറാനാണ് രാഹുല്‍ ലക്ഷ്യമിടുന്നതെന്ന് ക്രിക്ക്ബുസ് റിപ്പോര്‍ട്ട് ചെയ്തു. ടി20 ക്രിക്കറ്റില്‍ മധ്യനിരയില്‍ കളിച്ച പരിചയസമ്പത്ത് രാഹുലിനുണ്ട്.












Click it and Unblock the Notifications