'രോഹിതും വിരാടും പൊട്ടിക്കരയുകയായിരുന്നു...; കാരണം വെളിപ്പെടുത്തി അശ്വിൻ
ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി ഇന്ത്യൻ ആരാധകർക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്. പത്ത് മത്സരം തോൽവി അറിയാതെ എത്തിയ ഇന്ത്യയ്ക്ക് ഫൈനലിൽ കാലിടറിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും, മുതിർന്ന താരം വിരാട് കോഹ്‌ലിക്കും നിലവിട്ടു പോയിരുന്നു. എന്നാൽ ഇപ്പോൾ ഫൈനലിലെ തോൽവിക്ക് ശേഷം നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വെറ്ററൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ.
"അതെ, ഞങ്ങൾക്ക് വിഷമം തോന്നി. രോഹിതും വിരാടും കരയുകയായിരുന്നു. അത് കണ്ട് സങ്കടം തോന്നി. എന്തായാലും, ഒരിക്കലും അങ്ങനെയായിരിക്കണമെന്നില്ല. ഈ ടീം ഒരു അനുഭവപരിചയമുള്ള ടീമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. രണ്ട് പേരും ടീമിന് ആവശ്യമായതെല്ലാം നൽകി ഒരു മികച്ച അന്തരീക്ഷം സൃഷ്‌ടിച്ചു" അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

"നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, എല്ലാവരും നിങ്ങളോട് പറയും എംഎസ് ധോണി മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. എന്നാൽ രോഹിത് ശർമ്മ ഒരു മികച്ച വ്യക്തിയാണ്. ടീമിലെ എല്ലാവരെയും അദ്ദേഹം മനസ്സിലാക്കുന്നു, നമ്മൾ ഓരോരുത്തരും ഇഷ്‌ടപ്പെടുന്നതും ഇഷ്‌ടപ്പെടാത്തതും എന്താണെന്ന് അവനറിയാം. ഓരോ അംഗത്തെയും വ്യക്തിപരമായി അറിയാൻ അദ്ദേഹം പരിശ്രമിക്കുന്നു," അശ്വിൻ ചൂണ്ടിക്കാട്ടി.
അതേസമയം, ഐപിഎല്ലിൽ ഏറ്റവും വിജയകരമായ രണ്ട് ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്‌സ്, മുംബൈ ഇന്ത്യൻസ് എന്നിവയെ കുറിച്ച് തന്റെ നിരീക്ഷണവും അശ്വിൻ പങ്കുവച്ചു. താരങ്ങളെ നിലനിർത്തുന്നതിലും, അവരെ ഒഴിവാകുന്നതിലും ഇരു ടീമുകളും പുലർത്തുന്ന ചില രീതികളെ കുറിച്ചും അശ്വിൻ മനസ് തുറന്നു.
"ഇത്രയും കളിക്കാരെ ട്രേഡ് ചെയ്യുകയോ ഇത്രയധികം കളിക്കാരെ വിട്ടയയ്ക്കുകയോ ചെയ്യുന്നത് ഐപിഎല്ലിൽ ഇതുവരെ ഉണ്ടായിരുന്ന ഒരു സമ്പ്രദായമല്ല. കാരണം നിങ്ങൾ ഈ ഐപിഎൽ ടീമുകളെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, പ്രത്യേകിച്ച് മുംബൈ ഇന്ത്യൻസിനെയും ചെന്നൈ സൂപ്പർ കിങ്‌സിനും, ഒരു പ്രവണതയുണ്ട്. അവർ ഒരിക്കലും താരങ്ങളെ വിട്ടുകളഞ്ഞിട്ടില്ല, അവർ താരങ്ങളെ സ്വന്തമാക്കുക മാത്രമാണ് ചെയ്യാറുള്ളത്. അവർക്ക് അഞ്ച് കിരീടങ്ങൾ വീതമുണ്ട്. അതാണ് അവരുടെ ഫ്രാഞ്ചൈസി നടപ്പിലാക്കിയ ശരിയായ രീതി" അശ്വിൻ പറഞ്ഞു.
അതേസമയം, ലോകകപ്പ് ടീമിൽ ഇടം നേടിയെങ്കിലും മത്സരങ്ങൾ ഒന്നും കളിയ്ക്കാൻ അശ്വിന് സാധിച്ചിരുന്നില്ല. ടീമിൽ പ്രധാന സ്‌പിന്നറായി കുൽദീപ് യാദവും, ഒപ്പം ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയും ഉണ്ടായിരുന്നതിനാൽ അശ്വിൻ കളത്തിലിറങ്ങേണ്ടി വന്നിരുന്നില്ല.












Click it and Unblock the Notifications