കോഹ്‌ലിക്ക് വയസ് 35, വേണ്ടത് 20 സെഞ്ച്വറികൾ..; ദൈവത്തെ മറികടക്കാൻ കിംഗിനാവുമോ..?
ലോക ക്രിക്കറ്റിൽ തന്നെ പകരം വയ്ക്കാനില്ലാത്ത താരങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ. ഏകദേശം രണ്ടര പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ സച്ചിൻ സ്വന്തമാക്കിയ റെക്കോർഡുകൾ ചില്ലറയല്ല. അതേപാത പിന്തുടർന്നാണ് വിരാട് കോഹ്‌ലിയും ഇന്ത്യക്കായി കളിച്ചത്. 100 അന്താരാഷ്‌ട്ര സെഞ്ച്വറികൾ എന്ന സച്ചിന്റെ നേട്ടം ഇപ്പോഴും തകർക്കപ്പെടാതെ ഭദ്രമാണ്.
എന്നാൽ അതിന് ഭീഷണിയായി നിലവിലുള്ള ഒരേയൊരു താരം വിരാട് കോഹ്‌ലിയാണ്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി എന്ന നേട്ടം കോഹ്ലി ലോകകപ്പിനിടെ മറികടന്നിരുന്നു. ഒരിക്കലും തകർക്കാൻ കഴിയില്ലെന്ന് കരുതിയ ഈ റെക്കോർഡ് കോഹ്ലി മറികടന്നതോടെ കിങിന് മുന്നിൽ ഏത് റെക്കോർഡും വീഴുമെന്ന ആരാധകരുടെ ആത്മവിശ്വാസം അൽപം കൂടി.

വിരാട് കോഹ്‌ലിക്ക് ഇപ്പോൾ 35 വയസാണ് പ്രായം, മറ്റേതൊരു യുവതാരത്തോടും കിടപിടിയ്ക്കുന്ന തരത്തിലുള്ള ഫിറ്റ്നസും അദ്ദേഹത്തിനുണ്ട്. എന്നാൽ ബ്രയാൻ ലാറ ഉൾപ്പെടെയുള്ള താരങ്ങൾ വിശ്വസിക്കുന്നത് 100 സെഞ്ചുറികൾ തികയ്ക്കുന്നത് വിരാട് കോഹ്‌ലിയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും എന്നാണ്.
"കോഹ്‌ലിക്ക് ഇപ്പോൾ എത്ര വയസ്സായി? 35 അല്ലേ? അദ്ദേഹത്തിന് 80 സെഞ്ച്വറികളുണ്ട്, പക്ഷേ ഇനിയും 20 എണ്ണം വേണം. അടുത്ത ഓരോ വർഷവും അഞ്ച് സെഞ്ച്വറി വീതം നേടുകയാണെങ്കിൽ പോലും സച്ചിനൊപ്പമെത്താൻ അദ്ദേഹത്തിന് നാല് വർഷം കൂടി വേണ്ടിവരും. കോഹ്‌ലിക്ക് അപ്പോൾ 39 വയസാവും. അത് വളരെ കഠിനമായിരിക്കും, വളരെ കഠിനം" ലാറ ആനന്ദബസാർ പത്രികയോട് സംസാരിക്കവെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
"പ്രായം ആർക്കും തടസ്സമല്ല, കോഹ്‌ലി ഇനിയും നിരവധി റെക്കോർഡുകൾ തകർക്കും, പക്ഷേ 100 സെഞ്ച്വറികൾ എന്ന നേട്ടം ഏറ്റവും ബുദ്ധിമുട്ടുള്ളതായി തോന്നുന്നു." വിരാട് കോഹ്‌ലിയുടെ അച്ചടക്കത്തിന്റെ വലിയ ആരാധകനാണ് താനെന്നും ബ്രയാൻ ലാറ കൂട്ടിച്ചേർത്തു.
ഈ നേട്ടത്തിൽ സച്ചിനരികിൽ എത്താൻ സാധ്യത ഉള്ള താരം കോഹ്‌ലി മാത്രമാണെന്നും ബ്രയാൻ ലാറ വ്യക്തമാക്കി. സച്ചിനെപ്പോലെ കോഹ്ലിയും 100 സെഞ്ച്വറി നേടാനായാൽ താൻ വളരെ സന്തോഷവാനാണെന്നും ലാറ പറഞ്ഞു.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറാണ്. പട്ടികയിൽ രണ്ടാമതാണ് വിരാട് കോഹ്‌ലി. സച്ചിൻ ആകെ 100 സെഞ്ച്വറികൾ നേടിയപ്പോൾ കോഹ്‌ലി മൂന്ന് ഫോർമാറ്റുകളിലായി നേടിയത് 80 സെഞ്ച്വറിയാണ്.
ഇക്കുറി ഏകദിന ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് കോഹ്‌ലി കാഴ്‌ച വച്ചത്. ഫൈനലിൽ തോറ്റെങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനായി കോഹ്ലിയാണ് ഉയർന്നുവന്നത്. 2020ന് ശേഷം നീണ്ട നാളത്തെ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച കോഹ്‌ലി വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയതോടെ സച്ചിന്റെ 100 നേട്ടം മറികടക്കും എന്ന പ്രതീക്ഷയിലാണ് ആരാധാകർ.












Click it and Unblock the Notifications