കന്നി മത്സരത്തിൽ മെയ്‌ഡൻ ഓവർ; ഞെട്ടിച്ച് മായങ്ക് യാദവ്, ഐപിഎൽ പ്രതിഫലം 20 ലക്ഷം, ആസ്‌തി ഇത്ര
മുംബൈ: ബംഗ്ലാദേശിന് എതിരായ ടെസ്‌റ്റ് പരമ്പരയിലെ മിന്നും വിജയത്തിന് പിന്നാലെ ആദ്യ ടി20യിൽ ആധികാരിക ജയവുമായാണ് ഇന്ത്യ തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട ഇന്ത്യൻ ബൗളർമാർ അനായാസ ജയമാണ് ടീമിന് സമ്മാനിച്ചത്. ഈ മത്സരത്തിലൂടെ ഒരു പുത്തൻ താരോദയം
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉണ്ടായിരിക്കുകയാണ്. പറഞ്ഞവരുന്നത് പേസർ മായങ്ക് യാദവിനെ കുറിച്ചാണ്.
കന്നി മത്സരത്തിൽ തന്നെ മികച്ച പ്രകടനവുമായി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് താരമിപ്പോൾ. ഒരു റെക്കോർഡും താരം സ്വന്തം പേരിലാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം. അന്താരാഷ്ട്ര ടി20യിൽ പന്തെറിഞ്ഞ മത്സരത്തിൽ തന്നെ മെയ്‌ഡൻ ഓവർ എറിഞ്ഞുകൊണ്ടാണ് മായങ്ക് ചരിത്രത്തിൽ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് മായങ്ക്.

നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന അർഷദീപ് സിംഗും ഇപ്പോഴത്തെ ഇന്ത്യൻ ടീം സെലക്‌ടറും മുൻ പേസറുമായ അജിത് അഗർക്കറുമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ. ഇന്നലെ മികച്ച എക്കണോമിയിൽ പന്തെറിഞ്ഞ മായങ്ക് തന്റെ വേഗത കൊണ്ട് ബംഗ്ലാദേശ് താരങ്ങളെ നിരന്തരം വട്ടം കറക്കുന്ന കാഴ്‌ചയാണ് ഇന്നലെ കണ്ടത്.
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് താരത്തെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചതെന്ന് പറയാം. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടിയും ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടിയും നല്ല രീതിയിൽ പന്തെറിഞ്ഞിട്ടുള്ള താരം ഇന്നലെ മുതൽ ആരാധകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മായങ്കിന്റെ ശമ്പളവും ആസ്‌തിയും ഉൾപ്പെടെ പലരും തിരയുന്നുണ്ട്.
മായങ്ക് യാദവിന്റെ ആസ്‌തി എത്ര?
ഈ വർഷം മായങ്ക് യാദവിനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒന്നാണെന്ന് നിസംശയം പറയാം. കാരണം ഐപിഎലിൽ ലക്‌നൗ സൂപ്പർ ജയന്റ്സിൽ മികച്ച പ്രതിഫലത്തോടെ ഇടം നേടാനും ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറാനും കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. ഐപിഎലിൽ 20 ലക്ഷം പ്രതിഫലത്തോടെയാണ് താരം എൽഎസ്‌ജിയിൽ എത്തിയത്.
എന്നാൽ ഈ തുക ഒരിക്കലും താരത്തിന്റെ ആകെ ആസ്‌തിയുടെ പ്രതിഫലനം അല്ലെന്ന് ഓർക്കണം. ആഭ്യന്തര ക്രിക്കറ്റ്, സ്പോൺസർഷിപ്പുകൾ, ബ്രാൻഡ് പരസ്യങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനം കൂടി ചേർത്താൽ മാത്രമേ അത് പൂർണമാകൂ. ഇപ്പോൾ ഇന്ത്യൻ ദേശീയ കുപ്പായത്തിൽ കളിച്ചതിനുള്ള പ്രതിഫലവും താരത്തിന് ലഭിക്കും.സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ആകെ ആസ്‌തി മൂന്ന് മുതൽ അഞ്ച് കോടി വരെയാണ്.
ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം
ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത സാഹചര്യത്തിൽ താരത്തിന് അടുത്ത മത്സരത്തിലും അവസര ലഭിച്ചേക്കും. നാലോവർ പന്തെറിഞ്ഞ താരം കേവലം 21 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ഈ നില തുടരുകയാണെങ്കിൽ താരം കൂടുതൽ മുന്നേറുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.












Click it and Unblock the Notifications