പഞ്ചിന് പഴയ ശക്തി പോരാ..; ഇടിക്കൂട്ടിൽ ജേക്ക് പോളിന് മുന്നിൽ കീഴടങ്ങി ടൈസൻ, പ്രായം വിനയായോ?
ന്യൂയോർക്ക്: നീണ്ട 19 വർഷങ്ങൾക്ക് ശേഷം ഇതിഹാസ ബോക്‌സർ മൈക്ക് ടൈസൻ ഇടിക്കൂട്ടിലേക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായി ആരാധകർ. എതിരെ നിൽക്കുന്നതാവട്ടെ സമകാലിക ബോക്‌സിംഗിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ ജേക്ക് പോളും. ടൈസന് പ്രായം 58 കടന്നു, ജേക്ക് പോളിന് 27 വയസും. അതുകൊണ്ടാവണം ഈ പോരാട്ടത്തെ കാലഘട്ടത്തിന്റെ മത്സരം എന്ന് വിളിച്ചത്.
എന്നാൽ അതിന്റെ പരിസമാപ്‌തി പക്ഷേ യാതൊരു അത്ഭുതങ്ങളും സംഭവിക്കാതെ കടന്നുപോയി എന്നത് മാത്രമാണ് ഇപ്പോൾ ആരാധകരെ വിഷമത്തിലാക്കുന്ന കാര്യം. ആഗോള തലത്തിൽ തന്നെ കായിക പ്രേമികൾ ശ്രദ്ധയോടെ വീക്ഷിച്ച മൈക്ക് ടൈസൻ-ജേക്ക് പോൾ പോരാട്ടത്തിൽ പ്രതീക്ഷിച്ചത് പോലെ വരുംതലമുറയുടെ ഇതിഹാസമായ ജേക്ക് പോൾ ടൈസനെ അനായാസം തോൽപ്പിച്ചിരിക്കുകയാണ്.

തോൽവി ഏറ്റുവാങ്ങിയെങ്കിലും ടൈസന്റെ പോരാട്ടവീര്യത്തെ നാം സമ്മതിച്ചു കൊടുത്തേ മതിയാകൂ. രണ്ട് പതിറ്റാണ്ടിൽ അധികമായി റിംഗിൽ മത്സരിച്ചിട്ടില്ലാത്ത ടൈസൻ ഈ തലമുറയിലെ ഏറ്റവും മികച്ച താരത്തോട് തന്നെ എതിരിടാൻ തീരുമാനിച്ചതിന് കൊടുക്കാം നൂറ് മാർക്ക്. എട്ട് റൗണ്ടുകൾ നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ടൈസൻ പരാജയം സമ്മതിച്ചത്.
ടൈസന്റെ 73 പോയിന്റുകൾക്ക് എതിരെ 79 പോയിന്റ് നേടിയാണ് ജേക്ക് വിജയ മധുരം നുകർന്നത്. ഒട്ടേറെ നിബന്ധനകളുമായാണ് ഈ മത്സരം നടന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി രണ്ട് മിനിറ്റുകൾ വീതമുള്ള റൗണ്ടുകളയായിരുന്നു പോരാട്ടം. കൂടാതെ എതിരാളികൾക്ക് കാര്യമായ പരിക്കേൽക്കാത്ത തരത്തിലുള്ള ഗ്ലൗ ആയിരുന്നു ഇരുവരും ധരിച്ചിരുന്നത്.
തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ച് എത്തിയവർ പക്ഷേ ടൈസന്റെ പ്രായം മറന്നു. ഒരു പ്രൊഫഷണൽ ബോക്‌സർ 35ന് മുൻപ് തന്നെ കളി മതിയാക്കുന്ന കാലത്താണ് അറുപതിലേക്ക് കാലെടുത്ത് വയ്ക്കുന്ന ടൈസൻ അവർക്കൊരു മാതൃകയാവുന്നത്. കരിയറിൽ ഇതുവരെ 50-6 എന്ന റെക്കോർഡ് സ്വന്തമായുള്ള മൈക്ക് ടൈസന് പ്രായം വെല്ലുവിളിയായി എന്നത് മത്സരം കണ്ടവർക്ക് മനസിലാവും.
ഏറ്റവും സന്തോഷകരമായ കാര്യം എന്തെന്നാൽ ടൈസന് എതിരായ ജയം ജേക്ക് പോൾ ആഘോഷിച്ചില്ല എന്നതാണ്. മത്സര ശേഷം ടൈസനെ ആലിംഗനം ചെയ്യുന്ന ജേക്കിന്റെ ചിത്രം ആരാധകരുടെ മനസിൽ എന്നും മായാതെ നിൽക്കും എന്നുറപ്പാണ്. റിംഗിൽ വച്ച് ടൈസന് മുൻപിൽ തലകുനിച്ചു കൊണ്ട് ജേക്ക് പറഞ്ഞത് 'ദി ഗോട്ട്' എന്നായിരുന്നു.
അതേസമയം, മത്സരം നെറ്റ്ഫ്ലിക്‌സിലൂടെ തത്സമയം സംപ്രേഷണം ചെയ്‌തിരുന്നു. കാഴ്‌ചക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ വെബ്‌സൈറ്റ് തകരാറിലാവുന്ന സാഹചര്യവുമുണ്ടായി. ഫലം പ്രതികൂലമാണെങ്കിലും വർഷങ്ങൾക്ക് സെഷൻ തങ്ങളുടെ പ്രിയപ്പെട്ട ഇതിഹാസ ബോക്‌സറെ ഒരിക്കൽ കൂടി റിംഗിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.












Click it and Unblock the Notifications