അഡ്‌ലെയ്‌ഡിൽ ഇന്ത്യക്ക് കുഴിയൊരുക്കി സ്‌റ്റാർക്ക്; സമ്പത്തിലും കേമൻ, വാർഷിക വരുമാനം 16 കോടി, ആസ്‌തി എത്ര?
ഓസ്‌ട്രേലിയൻ പേസ് ബൗളറായ മിച്ചൽ സ്‌റ്റാർക്ക് എന്നും ഇന്ത്യക്കാർക്ക് ഒരു പേടി സ്വപ്‌നമാണ്. ഏത് പേരുകേട്ട ബാറ്റിങ് നിരയെയും വീഴ്‌ത്താൻ ശേഷിയുള്ള മിച്ചൽ സ്‌റ്റാർക്കിന്റെ മികവ് ഒരിക്കലും ഈ തലമുറയിലെ അധികം ബൗളർമാർക്ക് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. സ്‌റ്റാർക്കിന്റെ ബൗളിങ് മികവ് ഇന്ത്യക്കെതിരായ പിങ്ക് ബോൾ ടെസ്‌റ്റിലും പ്രകടമായിരിക്കുകയാണ്. പരസ്യമായി വെല്ലുവിളിച്ച ജയ്‌സ്വാളിനെ മത്സരത്തിന്റെ ആദ്യ പന്തിൽ പുറത്താക്കിയാണ് സ്‌റ്റാർക്ക് താൻ ആരാണെന്ന് തെളിയിച്ചത്.
2013 മുതൽ ഇങ്ങോട്ടുള്ള വർഷങ്ങളിൽ സ്‌റ്റാർക്ക് തന്റെ ബൗളിങ് മികവുകൊണ്ട് നേടിയെടുത്ത വിജയങ്ങൾ ഏറെയാണ്. ഇന്ത്യൻ ടീം മാത്രമല്ല ലോകത്തിലെ ഏത് ടീമിന്റെയും പേടി സ്വപ്‌നമായിരുന്ന സ്‌റ്റാർക്ക് ഇപ്പോൾ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും മൂർച്ച ഒട്ടും കുറഞ്ഞിട്ടില്ലെന്നതാണ് ഇന്ത്യക്കെതിരായ മത്സരം തെളിയിക്കുന്നത്.

ആഷസിൽ ഇംഗ്ലണ്ട് നിരയെ വിറപ്പിച്ചു നിർത്താൻ സ്‌റ്റാർക്കിന് കഴിയാറുണ്ട്, നായകനായ കമ്മിൻസിനേക്കാൾ ഒരുപടി മുകളിലായിരുന്നു സ്‌റ്റാർക്ക് എന്ന പ്രതിഭ. കരിയറിൽ ഉടനീളം താരം സ്വന്തമാക്കിയ നേട്ടങ്ങൾ ഇതിന് ഉദാഹരണമാണ്. മിച്ചൽ സ്‌റ്റാർക്ക് എന്ന പേരുകേട്ടാൽ കിടുങ്ങാത്ത ഒരു ബാറ്ററും ഉണ്ടായിരുന്നില്ല 2010കളുടെ തുടക്കത്തിൽ.
എന്നാൽ കളിക്കളത്തിലെ നേട്ടങ്ങൾ കൊണ്ട് മാത്രമല്ല മിച്ച സ്‌റ്റാർക്ക് വേറിട്ട് നിൽക്കുന്നത്. ക്രിക്കറ്റിന് പുറത്തെ വ്യക്തി ജീവിതത്തിലും സ്‌റ്റാർക്ക് ഒരു സൂപ്പർ താരമാണ് എന്ന് നിസംശയം പറയാം. ഈ ഓസ്‌ട്രേലിയൻ ഇതിഹാസ ബൗളർ തന്റെ കരിയറിൽ ഉണ്ടാക്കിയ സമ്പാദ്യം കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. കുറഞ്ഞ കാലയളവിൽ കോടിക്കണക്കിന് രൂപയുടെ ആസ്‌തിയാണ് സ്‌റ്റാർക്ക് വെട്ടിപ്പിടിച്ചത്.
എന്തിനേറെ പറയുന്നു, 2024 ഐപിഎൽ ലേലത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില സ്വന്തമാക്കിയാണ് കെകെആർ താരത്തെ സ്വന്തമാക്കിയത്. 24.75 കോടി എന്ന മോഹവിലയുമായാണ് സ്‌റ്റാർക്ക് ആ സീസണിൽ മടങ്ങിയത്. എന്നാൽ ഈ സീസണിൽ താര ലേലം നടന്നപ്പോൾ ഇന്ത്യൻ താരമായ റിഷഭ് പന്ത് 27 കൊടിയും ശ്രേയസ് അയ്യർ 26.75 കൊടിയും നേടി ഈ റെക്കോർഡ് മറികടന്നു.
ഐപിഎൽ വരുമാനത്തിന് പുറമേ, ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായുള്ള താരത്തിന്റെ കരാർ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്നു, ഇത് പ്രതിവർഷം ഏകദേശം 1.4 ദശലക്ഷം ഡോളർ (ഏകദേശം 12 കോടി രൂപ) വരുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല നിരവധി ബ്രാൻഡുകളുമായി അദ്ദേഹം സഹകരിച്ചു പോരുന്നുമുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ ആകെ ആസ്‌തിയായി കണക്കാക്കുന്നത് ഏകദേശം 206 കോടി രൂപയോളമാണ്.
മിച്ചൽ സ്‌റ്റാർക്കിന്റെ സമ്പാദ്യം പറയുമ്പോൾ അദ്ദേഹത്തിന്റെ ആഡംബര പൂർണമായ ജീവിത ശൈലിയും എടുത്ത് പറയേണ്ടതുണ്ട്. താരത്തിന്റെ വാർഷിക വരുമാനമായി കണക്കാക്കുന്നത് 16 കോടി രൂപയോളമാണ്. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ആഡംബര ജീവിതത്തിന്റെ ഉറവിടവും. സിഡ്‌നിയിലും മറ്റുമായി വലിയ വിലയുള്ള ഒട്ടേറെ പ്രോപർട്ടികൾ സ്‌റ്റാർക്കിന് സ്വന്തമായുണ്ട്. കൂടാതെ ചാർലറ്റ് പാർക്കിലെ 1.8 ഹെക്‌ടർ വരുന്ന അദ്ദേഹത്തിന്റെ ഭൂമിയും അതിലെ കെട്ടിടവും അദ്ദേഹത്തിന്റെ ആസ്‌തിയുടെ സൂചനകൾ മാത്രമാണ്.












Click it and Unblock the Notifications