സാനിയ മിർസയെ വിവാഹം കഴിക്കുമോ? ഒടുവിൽ മൗനം വെടിഞ്ഞ് മുഹമ്മദ് ഷമി, താരത്തിന്റെ മറുപടി ഇങ്ങനെ
ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. ഏകദിന ലോകകപ്പിൽ അടക്കം താരത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചത്. എന്നാൽ വ്യക്തി ജീവിതത്തിൽ ധാരാളം വിവാദങ്ങളും മറ്റും താരത്തെ എപ്പോഴും വേട്ടയാടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് കാലമായി മുഹമ്മദ് ഷമി ഏറ്റവും കൂടുതൽ കേൾക്കേണ്ടി വരുന്ന ചോദ്യങ്ങളിൽ ഒന്ന് പ്രമുഖ ടെന്നീസ് താരമായ സാനിയ മിർസയുമായുള്ള വിവാഹത്തെ കുറിച്ചാണ്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ് ഷമി. ഏറെനാളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് ഷമി മറുപടി നൽകിയത്. യുട്യൂബിൽ ശുഭങ്കർ മിശ്രയുമായുള്ള അഭിമുഖത്തിനിടെയാണ് ഷമി സാനിയയുമായുള്ള വിവാഹത്തെ കാര്യത്തെ കുറിച്ച് മനസ് തുറന്നത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നായിരുന്നു ഷമിയുടെ മറുപടി.

സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നായിരുന്നു ഷമിയുടെ ആവശ്യം. ഇത്തരം മീമുകൾ പലപ്പോഴും ആളുകൾ അവരുടെ ആനന്ദത്തിന്റെ വേണ്ടി ഉണ്ടാക്കുന്നതാണെങ്കിലും അത് പക്ഷേ വളരെയധികം ഹാനികരം ആണെന്നും അതിനാൽ അവ ഉണ്ടാക്കരുതെന്നും ഷമി ചൂണ്ടിക്കാട്ടി.
'സോഷ്യൽ മീഡിയയോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.' എന്നായിരുന്നു ഷമി പറഞ്ഞത്. ഇതോടെ സാനിയയെ മുഹമ്മദ് ഷമി വിവാഹം കഴിക്കുമെന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.
അടുത്തിടെയാണ് സാനിയ മിർസയുടെ ഭർത്താവും മുൻ പാക് ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക്ക് മറ്റൊരു വിവാഹം കഴിച്ചത്. ഇരുവരും വേർപിരിയുകയാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ആയിരുന്നു വിവാഹ വാർത്ത. പ്രമുഖ പാക് സിനിമാതാരം സന ജാവേദായിരുന്നു മാലിക്കിന്റെ വധു. വിവാഹ ചിത്രങ്ങൾ മാലിക് തന്നെ പുറത്തുവിട്ടിരുന്നു.
2010ലായിരുന്നു ഷോയിബ് മാലിക്-സാനിയ മിർസ വിവാഹം നടന്നത്. ഇന്ത്യ-പാക് ഭിന്നത മൂർച്ഛിച്ച ഘട്ടത്തിൽ നടന്ന ഈ വിവാഹം മാധ്യമങ്ങൾ വലിയ ആഘോഷമാക്കിയിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനും ജനിച്ചിരുന്നു. എന്നാൽ പതിനാല് വർഷത്തെ ദാമ്പത്യം മതിയാക്കി ഒടുവിൽ ഷോയിബ് മാലിക്ക് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.
മുഹമ്മദ് ഷമിയാവട്ടെ ഭാര്യ ഹാസിൻ ജഹാനുമായി ഏറെ നാളായി സ്വരചേർച്ചയിലല്ല. ഷമിക്കെതിരെ ഇവർ ഗാർഹിക പീഡന പരാതി ഉൾപ്പെടെ നൽകിയിരുന്നു. എന്നാൽ ഇവർ വിവാഹ ബന്ധം വേർപെടുത്തിയോ എന്ന കാര്യം വ്യക്തമല്ല. അതിനിടയിലാണ് ഷമിയെയും സാനിയ മിർസയെയും ചേർത്തുള്ള അഭ്യൂഹങ്ങൾ പരന്നത്.
അടുത്തിടെ സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ അസംബന്ധവും അടിസ്ഥാനരഹിതവും ആണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സാനിയ മിർസ ഇതുവരെ മുഹമ്മദ് ഷമിയെ കണ്ടിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയും ഈ വാർത്തകൾ നിഷേധിച്ചു കൊണ്ട് രംഗത്ത് വരുന്നത്.












Click it and Unblock the Notifications