പ്രവചന സിംഹമേ നീണാൾ വാഴട്ടെ..; കളിയാക്കിയ സഞ്ജയ് മഞ്ജരേക്കർക്ക് കണക്കിന് കൊടുത്ത് ഷമി, കാരണം ഇത്
ഐപിഎൽ താര ലേലത്തിന് മുന്നോടിയായി സഞ്ജയ് മഞ്ജരേക്കറിനെ പരിഹസിച്ച് ഇന്ത്യൻ സൂപ്പർതാരം മുഹമ്മദ് ഷമി. ലേലത്തിൽ മുഹമ്മദ് ഷമിക്ക് കുറഞ്ഞ തുക മാത്രമേ ലഭിക്കൂ എന്ന മഞ്ജരേക്കറുടെ അഭിപ്രായ പ്രകടനമാണ് താരത്തെ ചൊടിപ്പിച്ചത്. 2022 താര ലേലത്തിൽ ഷമിക്ക് ലഭിച്ച 6.25 കോടി രൂപയിലും താഴെയായിരിക്കും ഇത്തവണത്തെ ലേലത്തിൽ ലഭിക്കുക എന്നായിരുന്നു മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്.
എന്നാൽ ഇത് ഷമിക്ക് അത്ര രസിച്ചില്ലെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മഞ്ജരേക്കറിനെ പരിഹസിച്ചുകൊണ്ട് ഷമി തന്നെ ഇപ്പോൾ ഒരു പോസ്‌റ്റ് പങ്കുവച്ചിരിക്കുകയാണ്. 'ഒരിത്തിരി ബുദ്ധി നിങ്ങളുടെ ഭാവിക്ക് വേണ്ടി മാറ്റി വയ്ക്കൂ. ആർക്കെങ്കിലും നിങ്ങളുടെ ഭാവി അറിയണമെങ്കിൽ ബാബാജിയെ സമീപിക്കുക. ബാബാ ജി കീ ജയഹോ' എന്നായിരുന്നു തന്റെ പോസ്‌റ്റിൽ കുറിച്ചത്.

നേരത്തെ ഷാമിയെ സ്വന്തമാക്കാൻ ടീമിൽ ധാരാളം രംഗത്ത് വരുമെന്നും എന്നാൽ അധികം പണം മുടക്കാൻ ഇടയില്ലെന്നും മഞ്ജരേക്കർ പറഞ്ഞിരുന്നു. ഷമിയുടെ പരിക്കും അതിൽ നിന്ന് അദ്ദേഹം മുക്തനാവാൻ എടുത്ത കാലയളവും ചൂണ്ടിക്കാട്ടിയായിരുന്നു മഞ്ജരേക്കറുടെ പരാമർശം. ഇതിന്റെ ചിത്രം സഹിതം പങ്കുവച്ചുകൊണ്ടാണ് ഷമിയുടെ മറുപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം, ഐപിഎല്ലിൽ 2 കോടി അടിസ്ഥാന വിലയ്ക്കാണ് മുഹമ്മദ് ഷമി ലേലത്തിൽ പങ്കെടുക്കുക. ഗുജറാത്ത് ടൈറ്റൻസ് ആയിരുന്നു ഷമിയെ 2022 താര ലേലത്തിൽ സ്വന്തമാക്കിയത്. ഇക്കുറി ലോകകപ്പിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഷമിക്ക് വേണ്ടി മുൻനിര ടീമുകൾ തന്നെ രംഗത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ പരിക്ക് തന്നെയായിരുന്നു താരത്തിന് മുന്നിലെ വെല്ലുവിളി.
ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ മുഹമ്മദ് ഷമിയുടെ പ്രാധാന്യം എന്തെന്ന് തെളിയിച്ച ടൂർണമെന്റായിരുന്നു കഴിഞ്ഞ ഏകദിന ലോകകപ്പ്. മിന്നുന്ന പ്രകടനവുമായി ടീമിനെ മുന്നോട്ട് നയിച്ച ഷമി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഒപ്പം ഷമി ചേരുന്ന കോമ്പിനേഷൻ ലോകത്തിലെ തന്നെ ഏറ്റവും അപകടകരം എന്നാണ് ക്രിക്കറ്റ് പണ്ഡിതർ വിശേഷിപ്പിച്ചത്.
എന്നാൽ സ്വപ്‌ന തുല്യമായ ലോകകപ്പ് ക്യാമ്പയിൻ കഴിഞ്ഞ ശേഷം ഷമിക്ക് ഇതുവരെയും ഇന്ത്യൻ പന്തെറിയാൻ സാധിച്ചിട്ടില്ല. പരിക്കിന്റെ പിടിയിലമർന്ന താരത്തിന്റെ തിരിച്ചുവരവ് ഓസ്‌ട്രേലിയക്ക് എതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിയിലായിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതിന് ശേഷം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും മുഹമ്മദ് ഷമി ഭാഗമാകും.
ഏറെനാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് ഷമി ഗ്രണ്ടിൽ ഇറങ്ങിയത്. രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി കഴിഞ്ഞ ദിവസം ഷമി കളിച്ചിരുന്നു. എന്നാൽ ഇതുവരെയും ഷമിയുടെ ഓസ്‌ട്രേലിയൻ പരമ്പരയിലെ സ്ഥാനം ഉറപ്പായിട്ടില്ല. താരത്തിന്റെ ഫിറ്റ്നസിൽ സെലക്റ്റർമാർ തൃപ്‌തരാണ് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ താരത്തെ ടീമിലെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.












Click it and Unblock the Notifications