പ്രോട്ടീസ് എറിഞ്ഞ് പറപ്പിച്ച വീരന്‍, കോടിയില്‍ കുറഞ്ഞ കളിയില്ല; സിറാജിന്റെ ഐപിഎല്‍ പ്രതിഫലം ഇത്ര
ഇന്ത്യന്‍ ടീമിന് ജസ്പ്രീത് ബുംറയെ പോലെ ഏറെ ആശ്രയിക്കാവുന്ന ബൗളറാണ് മുഹമ്മദ് സിറാജ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകളാണ് സിറാജ് പിഴുതെടുത്തത്. വെറും 55 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. കഴിഞ്ഞ അന്‍പത് കൊല്ലത്തിനിടയില്‍ ഇത്രയും മോശം സ്‌കോറിന് ദക്ഷിണാഫ്രിക്ക പുറത്തായ ഒരു ടെസ്റ്റില്ല എന്ന് തന്നെ പറയാം.
അത്രയ്ക്ക് അഴിഞ്ഞാട്ടമായിരുന്നു സിറാജ് പന്തുകൊണ്ട് നടത്തിയത്. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലും അതുപോലെ ടെസ്റ്റിലും സിറാജില്ലാതെ ഇന്ത്യക്ക് മുന്നോട്ട് പോകാനാവില്ല. ഐപിഎല്ലില്‍ ആര്‍സിബിക്കും ഇതേ അവസ്ഥയാണ്. എന്നാല്‍ താരം മികച്ച പ്രകടനം നടത്തുമ്പോള്‍ കോടികളാണ് ക്രിക്കറ്റില്‍ നിന്ന് വാരുന്നത്. ഐപിഎല്ലില്‍ നനിന്ന് താരം വാങ്ങുന്നത് എത്രയാമെന്ന് നോക്കാം.

മുഹമ്മദ് സിറാജ് 2017ലാണ് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലായിരുന്നു താരം ആദ്യം കളിച്ചത്. അതും ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത ഒരു താരത്തിനായി വന്‍ തുകയാണ് അവര്‍ മുടക്കിയത്. 2.6 കോടിയാണ് സിറാജിനായി ഹൈദരാബാദ് നല്‍കിയത്. എന്നാല്‍ അടുത്ത സീസണില്‍ തന്നെ സിറാജ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തി. പിന്നീടായിരുന്നു താരത്തിന്റെ വളര്‍ച്ച.
2018 സീസണില്‍ ആര്‍സിബി സിറാജിനായി 2.6 കോടി രൂപ തന്നെയാണ് നല്‍കിയത്. വിരാട് കോലിക്ക് കീഴിലും സിറാജിന് കളിക്കാന്‍ സാധിച്ചു. ഇത് കരിയറില്‍ നിര്‍ണായക വളര്‍ച്ച നേടാന്‍ സിറാജിനെ സഹായിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നതും കോലിയുടെ പിന്തുണയുള്ളത് കൊണ്ടാണ്.
ഐപിഎല്ലിന്റെ 2019 സീസണിലാണ് സിറാജ് ഏറെ പ്രതിസന്ധികള്‍ ആര്‍സിബിയില്‍ നേരിട്ടത്. പ്രകടനം മോശമാവുകയും ചെയ്തു. ആ സീസണിലും 2020 സീസണിലും 2.6 കോടിക്ക് തന്നെ ആര്‍സിബി താരത്തെ നിലനിര്‍ത്തി. 2021ല്‍ മികച്ച പ്രകടനം തന്നെയായിരുന്നു സിറാജിന്റേത്. 2022ല്‍ സിറാജ് ആര്‍സിബിയുടെ സുപ്രധാന താരമായി ഉയരുകയും ചെയ്തു.
പ്രതിഫലത്തില്‍ വന്‍ കുതിപ്പായിരുന്നു. ഏഴ് കോടി രൂപയാണ് താരലേലത്തില്‍ സിറാജിന് ലഭിച്ചത്. ആര്‍സിബിക്ക് എത്രത്തോളം വിശ്വാസം സിറാജിലുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ലേലത്തിലെ വന്‍ തുക. കഴിഞ്ഞ സീസണിലും ഏഴ് കോടി രൂപ തന്നെയാണ് സിറാജിന് ലഭിച്ചത്. മികച്ച പ്രകടനവും നടത്താനായി. ഈ വര്‍ഷവും ഏഴ് കോടിയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം.
അതേസമയം സിറാജിന് ആസ്തിയുടെ കാര്യത്തിലും കുതിപ്പുണ്ടായിട്ടുണ്ട്. ആറ് മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. 49.2 കോടി വരും ഇത് ഇന്ത്യന്‍ രൂപയില്‍. ഇതുവരെ ഐപിഎല്ലില്‍ നിന്ന് 27 കോടി സിറാജ് സ്വന്തമാക്കിയിട്ടുണ്ട്. സിറാജിന്റെ മാസ വരുമാനം 60 ലക്ഷം രൂപയാണ്. പരസ്യങ്ങളും ഐപിഎല്‍ പ്രതിഫലവും ചേര്‍ക്കാതെയുള്ള കണക്കാണിത്.
ഇന്ത്യന്‍ ടീമില്‍ നിന്നും കോടികള്‍ താരം വാങ്ങുന്നുണ്ട്. ബിസിസിഐയുടെ ഗ്രേഡ് ബി കരാറിലാണ് താരം ഉള്ളത്. മൂന്ന് കോടി രൂപ വര്‍ഷത്തില്‍ പ്രതിഫലമായി ലഭിക്കും. തെലങ്കാനയിലെ തൊലി ചൗക്കിയില്‍ ആഡംബര വീടും സിറാജിനുണ്ട്. നിരവധി പരസ്യങ്ങളില്‍ നിന്നും താരത്തിന് പ്രതിഫലം ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications