ആരാധകരേ ശാന്തരാകുവിന്‍, ചങ്കിടിപ്പാണ് മുംബൈ; പ്ലേഓഫില്‍ ഇനിയും കയറാം; എങ്ങനെയെന്നറിയുമോ?
മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പ്ലേഓഫില്‍ കയറുമോ? സണ്‍റൈസേഴ്‌സിനെതിരായ അവരുടെ പ്രകടനം കണ്ടവരെല്ലാം ഒരേസ്വരത്തില്‍ ചോദിക്കുന്നതാണിത്. പഴയ മുംബൈയെ തിരികെ ലഭിച്ചത് പോലെയായിരുന്നു അവരുടെ പ്രകടനം. ഹൈദരാബാദിനെ 7 വിക്കറ്റിനായിരുന്നു മുംബൈ പരാജയപ്പെടുത്തിയത്. അതേസമയം ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍.
മുംബൈക്ക് പ്ലേഓഫില്‍ കയറാനുള്ള നേരിയ സാധ്യത മുന്നിലുണ്ട്. നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് അവര്‍ പപോയിന്റ് പട്ടികയില്‍. എല്ലാ കളികളും അവര്‍ ജയിച്ചാല്‍ നാലാം സ്ഥാനത്ത് വരെ അവര്‍ക്ക് എത്താന്‍ സാധിക്കും. പക്ഷേ സാധാരണ വിജയങ്ങള്‍ കൊണ്ടൊന്നും അവര്‍ക്ക് നേട്ടമുണ്ടാവില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് അടുത്ത മത്സരങ്ങളില്‍ മുംബൈയുടെ എതിരാളികള്‍. മെയ് 11നാണ് കെകെആറിനെതിരെയുള്ള മത്സരം. ലഖ്‌നൗവിനെതിരെ മെയ് 17നാണ്. രണ്ടിലും മുംബൈ വിജയിച്ചേ തീരൂ. ഇത് ജയിച്ചാല്‍ മാത്രമേ മുന്നോട്ടുള്ള സാധ്യത പോലും ശക്തമാകൂ.
വമ്പന്‍ മാര്‍ജിനില്‍ തന്നെ മുംബൈ ഇവരെ പരാജയപ്പെടുത്തേണ്ടി വരും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ലഖ്‌നൗ എന്നിവര്‍ ബാക്കിയുള്ള മത്സരങ്ങള്‍ കൂടി പരാജയപ്പെടേണ്ടി വരും. എന്നാലേ പ്ലേഓഫ് സാധ്യതകള്‍ മുംബൈക്ക് മുന്നില്‍ സജീവമാകൂ. ഇവര്‍ വെറുതെ തോറ്റാല്‍ പോര, മറിച്ച് വമ്പന്‍ മാര്‍ജിനില്‍ തന്നെ തോല്‍ക്കണം.
സിഎസ്‌കെ, എല്‍എസ്ജി മാത്രം തോറ്റാലും മുംബൈക്ക് മുന്നില്‍ കാര്യങ്ങള്‍ എളുപ്പമല്ല. പഞ്ചാബ് കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പരാജയപ്പെടണം. മുംബൈക്ക് പരമാവധി നേടാനാവുക 12 പോയിന്റുകളാണ്.
അതുകൊണ്ടാണ് അവര്‍ ആദ്യ രണ്ടില്‍ എത്തിപ്പെടാന്‍ സാധിക്കാതെ വരുന്നത്. ആദ്യ രണ്ടില്‍ കൊല്‍ക്കത്തയും രാജസ്ഥാന്‍ റോയല്‍സുമാണ്. രണ്ട് ടീമുകള്‍ക്കും 16 പോയിന്റുകള്‍ വീതമാണ് ഉ ള്ളത്. മൂന്നാം സ്ഥാനവും മുംബൈക്ക് എത്തിപ്പിടിക്കുക അസാധ്യമാണ്. കാരണം ഹൈദരാബാദും ലഖ്‌നൗവും തമ്മില്‍ മെയ് എട്ടിന് മത്സരമുണ്ട്. ഇതിലൊരാള്‍ വിജയിക്കുന്നതോടെ 12 പോയിന്റില്‍ കൂടുതല്‍ നേടും.
വന്‍ മാര്‍ജിനില്‍ മത്സരം ജയിച്ച് റണ്‍റേറ്റ് ഉയര്‍ത്തുകയാണ് ആദ്യം ഹര്‍ദിക്കിന്റെ ടീം ചെയ്യേണ്ടത്. അടുത്തതായി എല്ലാ ടീമുകളുടെയും മത്സര ഫലം കൃത്യമായി നിരീക്ഷിക്കേണ്ടി വരും. മറ്റ് ടീമുകളുടെ ജയത്തെയും തോല്‍വിയെയും ആശ്രയിച്ചാണ് മുംബൈ പ്ലേഓഫില്‍ എത്തുമോ എന്ന് തീരുമാനിക്കുക.
വളരെ നേരിയ സാധ്യത മാത്രമാണ് ഇപ്പോള്‍ മുംബൈക്ക് മുന്നിലുള്ളത്. രാജസ്ഥാനും കെകെആറും ശേഷിക്കുന്ന മത്സരം വിജയിച്ചാല്‍ വലിയ പ്രശ്‌നം മുംബൈക്ക് മുന്നിലുണ്ടാവില്ല. ഗുജറാത്തിനെതിരെ ചെന്നൈയും, ആര്‍സിബിക്കെതിരെ പഞ്ചാബും, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആര്‍സിബിയും വിജയിക്കുന്നതായിരിക്കും മുംബൈക്ക് ഏറ്റവും നല്ലത്.












Click it and Unblock the Notifications