പരിശീലകനുമല്ല, മെന്‍ഡറുമല്ല, സിഎസ്‌കെയില്‍ നിന്ന് വിരമിച്ചാല്‍ ധോണി ചെയ്യുക ഇക്കാര്യം
മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് നാല് വര്‍ഷത്തില്‍ ഏറെയായി. ആരാധകര്‍ ഇപ്പോള്‍ ധോണിയെ കാണുന്നത് ഐപിഎല്ലില്‍ മാത്രമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായി തുടരുന്നുണ്ട് ധോണി. എന്നാല്‍ ഏത് സീസണില്‍ വേണമെങ്കിലും ധോണി ക്യാപ്റ്റന്‍സി അടക്കം ഉപേക്ഷിച്ച് കരിയറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
ധോണിയുടെ ഫിറ്റ്‌നെസ് ഇപ്പോഴും മികച്ചത് തന്നെയാണ്. ഇക്കഴിഞ്ഞ സീസണിലും ധോണിയുടെ പെര്‍ഫോമന്‍സ് മികച്ചത് തന്നെയായിരുന്നു. ടീമിനെ അഞ്ച് തവണ കിരീട നേട്ടത്തിലേക്ക് നയിക്കാനും ധോണിക്ക് സാധിച്ചു. ഒരുപക്ഷേ വരുന്ന ഐപിഎല്‍ സീസണോടെ താരം വിരമിക്കാനുള്ള സാധ്യത ഏറെയാണ്.

അതേസമയം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ധോണി എന്തുചെയ്യും. പല അഭ്യൂഹങ്ങളും ധോണിയുടെ വിരമിക്കലിന് ശേഷമുള്ള കരിയറിനെ കുറിച്ച് ഉയരുന്നുണ്ട്. ധോണി സിഎസ്‌കെ പരിശീലകനാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതല്ലെങ്കില്‍ ടീമിന്റെ മെന്ററായോ കോച്ചിംഗ് സ്റ്റാഫായോ ഒക്കെ ധോണിയെ കാണാന്‍ സാധിക്കുമെന്ന് ആരാധകര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ അതൊന്നുമല്ല ധോണി വിരമിക്കലിന് ശേഷം ചെയ്യാന്‍ പോകുന്നത്.
താന്‍ സൈന്യത്തിനൊപ്പം കുറച്ച് സമയം ചെലവിടാന്‍ പോവുകയാണെന്ന് ധോണി വ്യക്തമാക്കി. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാണ് ധോണി. നേരത്തെ പരിശീലനത്തിനായി എല്ലാം ധോണി ഇവര്‍ക്കൊപ്പം പോയിരുന്നു. വിരമിക്കലിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. ഇപ്പോഴും ഞാന്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ക്രിക്കറ്റ് അവസാനിപ്പിച്ചാല്‍ എന്താണ് ചെയ്യുകയെന്ന് ആലോചിക്കുന്നത് തന്നെ രസകരമാണ്.
കുറച്ച് സമയം സൈന്യത്തിനൊപ്പം ചെലവിടണമെന്നാണ് ആഗ്രഹം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് അതിന് സാധിച്ചിട്ടില്ലെന്നും ധോണി പറഞ്ഞു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ പദവിയും ധോണിക്ക് ലഭിച്ചത്. 2015ല്‍ താരം പാരാട്രൂപ്പറായി യോഗ്യത നേടിയിരുന്നു. കശ്മീരിലായിരുന്നു 2019ല്‍ ധോണി സേവനം അനുഷ്ഠിച്ചത്. ഇവിടെ പട്രോളിംഗ്, ഗാര്‍ഡിംഗ്, പോസ്റ്റ് ഡ്യൂട്ടികളും അദ്ദേഹം 15 ദിവസത്തോളം നിര്‍വഹിച്ചിരുന്നു.
അതേസമയം ധോണി ആര്‍സിബി ആരാധകന് നല്‍കിയ മറുപടിയും ഇതിനിടെ വൈറലായിരിക്കുകയാണ്. ആര്‍സിബിക്കായി ഐപിഎല്‍ കിരീടം നേടിത്തരുമോ എന്നായിരുന്നു ചോദ്യം. ഇതിന് ധോണി നല്‍കിയ മറുപടിയാണ് വൈറലായത്. ഐപിഎല്ലില്‍ എല്ലാവരും നല്ല ടീമാണ്. പരിക്കുകളൊന്നുമില്ലാതെ ഏറ്റവും മികച്ച ടീമുമായി കളിച്ചാല്‍ ഏത് ടീമും ശക്തരാണ്.
അതുപോലെ ആര്‍സിബിയും മികച്ച ടീമാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടി കളിക്കാനാവില്ല. ഒരുപാട് കാര്യങ്ങള്‍ എനിക്ക് നോക്കാനുണ്ട്. അതില്‍ എന്റെ ടീമും വരും. ഒരു ടീമിനെ പിന്തുണയ്ക്കുകയോ അവരെ സഹായിക്കുകയോ ചെയ്താല്‍ എങ്ങനെ തന്റെ ടീമിന്റെ ആരാധകര്‍ക്ക് സഹിക്കാന്‍ പറ്റുമെന്നും ധോണി ചോദിച്ചു.












Click it and Unblock the Notifications