കോടികൾ കൊണ്ട് അമ്മാനമാടി പാറ്റ് കമ്മിൻസ്; 20.5 കോടിക്ക് താരത്തെ സ്വന്തമാക്കിയത് ഈ ടീം...
ഐപിഎൽ താരലേലം പുരോഗമിക്കവേ ഏറ്റവും വില കൂടിയ താരമായി പാറ്റ് കമ്മിൻസ്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 20.5 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സൺ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. വമ്പൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും പാറ്റ് കമ്മിൻസിനായി വാശിയേറിയ പോരാട്ടത്തിലായിരുന്നു.
എന്നാൽ അവസാന നറുക്ക് വീണതാവട്ടെ സൺ റൈസേഴ്‌സിനും.ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച കമ്മിൻസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് നിലവിൽ. ഇരുപത് കോടി രൂപയ്ക്ക് മുകളിൽ വിലയിടുന്ന ഐപിഎല്ലിലെ ആദ്യ താരമാണ് കമ്മിൻസ്.

അതേസമയം, ന്യൂസിലൻഡ് യുവ താരമായ രചിൻ രവീന്ദ്ര പ്രതീക്ഷിച്ചത് പോലെ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സ് പാളയത്തിലേക്ക് തന്നെ നടന്നുകയറി. 1.8 കോടി രൂപയ്ക്കാണ് രചിൻ രവീന്ദ്ര ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിലേക്ക് എത്തിയത്, ഇതിന് പുറമെ ഇന്ത്യൻ പേസർ ശാർദൂൽ താക്കൂറിനെയും സിഎസ്കെ തന്നെ സ്വന്തമാക്കി. നാല് കോടി രൂപയ്ക്കാണ് താക്കൂർ ചെന്നൈ നിരയിലേക്ക് മടങ്ങി എത്തിയത്. ജെറാർഡ് ഗോഡ്‌സിയെ മുംബൈ ഇന്ത്യൻസ് അഞ്ച് കോടി രൂപയ്ക്ക് സ്വന്തമാക്കി.
കമ്മിൻസ് വരുന്നത് വരെ വിൻഡീസിന്റെ റോവ്മാൻ പവലായിരുന്നു അതുവരെയുള്ള ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയ താരം. രാജസ്ഥാൻ റോയൽസ് 7 കോടി 40 ലക്ഷം രൂപയ്ക്ക് താരത്തെ വാങ്ങി, ഓസ്‌ട്രേലിയയുടെ ലോകകപ്പ് താരം ട്രാവിസ് ഹെഡിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് 6.8 കോടി രൂപയ്ക്ക് സ്വന്തമാക്കി.
ഇതിന് പുറമെ ഹാരി ബ്രൂക്കിനെ ഡൽഹി ക്യാപിറ്റൽസ് നാല് കോടി രൂപയ്ക്ക് സ്വന്തമാക്കി. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ഇന്ത്യയുടെ കരുൺ നായർ, മനീഷ് പാണ്ഡെ എന്നിവർക്ക് ഒപ്പം ലോകോത്തര താരങ്ങളായ ഓസ്‌ട്രേലിയയുടെ സ്‌റ്റീവൻ സ്‌മിത്ത്, റിലീ റോസോവ് തുടങ്ങിയവർ ആർക്കും വേണ്ടാതെ അൺസോൾഡ് ആയി.
ആകെ 333 താരങ്ങളാണ് ലേലത്തിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. പത്ത് ഫ്രാഞ്ചൈസികളാണ് ഇവരിൽ നിന്ന് എഴുപത് പേരെ സ്വന്തമാക്കാനായി രംഗത്തുള്ളത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഇക്കുറി ഒരു വനിതയാണ് താരലേലം നിയന്ത്രിക്കാൻ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. മല്ലിക സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. ദുബായിൽ വച്ചാണ് ഇക്കുറി ലേലം നടക്കുന്നത്.












Click it and Unblock the Notifications