'ഷമിയെ ഞാൻ വിളിക്കുന്നത് ലാലേട്ടാ എന്ന്...'; കാരണം മോഹൻലാലോ ? വെളിപ്പെടുത്തി അശ്വിൻ
ഏകദിന ലോകകപ്പിലെ മുഹമ്മദ് ഷമിയുടെ അവിസ്‌മരണീയ പ്രകടനം ആരും മറന്നിട്ടുണ്ടാവില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു ഷമി പന്തെറിഞ്ഞത്. ഇപ്പോഴിതാ മുഹമ്മദ് ഷമിയെ താൻ ലാലേട്ടൻ എന്നാണ് വിളിക്കാറുള്ളതെന്ന് പറയുകയാണ് വെറ്ററൻ സ്‌പിന്നർ ആർ അശ്വിൻ. മഹാനായ നടൻ മോഹൻലാലിനോടുള്ള ആദരം കൂടിയാണ് ഈ വിളിയെന്ന് അശ്വിൻ പറയുന്നു.
"ഷമിയുടെ വിളിപ്പേര് 'ലാല' എന്നാണ്, ലാലേട്ടൻ എന്ന് വിളിക്കുന്ന മോഹൻലാൽ എന്ന നടനോടുള്ള ആദരസൂചകമായി ഞാൻ ഷാമിയെ ലാലേട്ടൻ എന്ന് തന്നെയാണ് വിളിക്കാറുള്ളത്." അശ്വിൻ ഷമിയെ ലാലേട്ടൻ എന്ന് വിളിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി.

ഇന്ത്യൻ യുവ പേസർ മുകേഷ് കുമാറിനെ ഷമിയോട് ഉപമിക്കുകയും ചെയ്‌തു അശ്വിൻ. ഓസീസിനെതിരായ ടി20 പരമ്പരയിൽ മുകേഷ് കുമാറും അംഗമാണ്, ആദ്യ മത്സരത്തിൽ വിക്കറ്റൊന്നും നേടിയില്ലെങ്കിലും നാലോവറിൽ 29 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്.
ആദ്യം മുഹമ്മദ് സിറാജിനെ കണ്ടപ്പോൾ ഷമിയുടെ പിൻഗാമി ആവുമെന്ന് തോന്നിയെങ്കിലും പിന്നീട് തന്റെ മനസ് മാറിയെന്നും, മുകേഷ് കുമാർ അതിന് ഏറ്റവും അനുയോജ്യനായ താരമാണെന്നും ആർ അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മുകേഷ് കുമാറിന് ഷമിയുടെ അതേ ഉയരവും, ശരീരവും, കൈകളുടെ സ്ഥാനവും ഉണ്ടെന്നും അശ്വിൻ പറയുന്നു. മുകേഷിന്റെ രണ്ട് പന്തുകൾ കണ്ട വഖാർ യൂനിസ് താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച സമയത്തെക്കുറിച്ചും ഒന്നാം നമ്പർ ടെസ്‌റ്റ് ബൗളർ അനുസ്‌മരിച്ചു.
"സങ്കൽപ്പിച്ചു നോക്കുക, നിങ്ങൾ വഖാർ യൂനിസിന്റെ മുന്നിൽ പന്തെറിയാൻ പോകുകയാണ്, പക്ഷേ നിങ്ങൾ ടോയ്‌ലറ്റിലായിരുന്നു. അവർ അവന്റെ പേര് പലവട്ടം വിളിച്ചു, പക്ഷേ അവൻ അവിടെ ഉണ്ടായിരുന്നില്ല! അവൻ മടങ്ങി വന്ന് 30 മിനിറ്റ് കാത്തിരുന്ന് അവരോട് തന്റെ പേര് വിളിച്ചില്ലെന്ന് പറഞ്ഞു. അപ്പോഴാണ് പോകാനൊരുങ്ങിയ വഖാർ യൂനിസ് അവനോട് രണ്ട് പന്തുകൾ എറിയാൻ പറഞ്ഞത്. ആ രണ്ട് പന്തുകൾ അവന്റെ ജീവിതം മാറ്റിമറിച്ചു, അവൻ ഇപ്പോൾ ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നു" അശ്വിൻ കൂട്ടിച്ചേർത്തു.
ജൂലൈ 20ന് മുകേഷ് ഇന്ത്യയ്‌ക്കായി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. അതിനുശേഷം ഇന്ത്യയ്‌ക്കായി 10 മത്സരങ്ങളിൽ കളിച്ച താരം ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌തിരുന്നു. രണ്ടാം മത്സരത്തിൽ 43 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റും വീഴ്ത്തി.












Click it and Unblock the Notifications