സഞ്ജുവിന് കൂട്ടായി രാഹുല്‍ ദ്രാവിഡ് എത്തും? രാജസ്ഥാന്‍ റോയല്‍സ് പരിശീലകനാകും; വന്‍ മാറ്റം
ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി എത്തിയേക്കും. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു ദ്രാവിഡ്. പുതിയ ചുമതലകള്‍ ഒന്നും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. ഇപ്പോഴിതാ പുതിയ റോള്‍ ഏറ്റെടുക്കാന്‍ പോവുകയാണ് അദ്ദേഹം. സഞ്ജു സാംസണ്‍ ഇത് ഏറെ ഗുണം ചെയ്‌തേക്കും.
ദ്രാവിഡിന് കീഴിലാണ് സഞ്ജു മികച്ച യുവതാരമായി വളര്‍ന്നത്. ഇന്ത്യന്‍ എ ടീമില്‍ അടക്കം സഞ്ജുവിന്റെ വളര്‍ച്ചയ്ക്ക് ദ്രാവിഡിന്റെ സഹായമുണ്ടായിരുന്നു. ഒരിക്കല്‍ കൂടി ദ്രാവിഡും സഞ്ജുവും ഒരുമിച്ചെത്താനാണ് സാധ്യത. സഞ്ജു നിലവില്‍ രാജസ്ഥാന്‍ വിടുമെന്ന അഭ്യൂഹങ്ങളുണ്ട്. ഒരുപക്ഷേ താരം രാജസ്ഥാനില്‍ തന്നെ തുടരാനും ഈ പ്രഖ്യാപനം വന്ന ശേഷം സഞ്ജു തയ്യാറായേക്കും.

ദ്രാവിഡ് വരുന്നതോടെ ടീം ലൈനപ്പില്‍ അടക്കം മാറ്റം വരാനും സാധ്യതയുണ്ട്. ഐപിഎല്ലില്‍ കുറച്ച് കാമായി ദ്രാവിഡ് ഒരു ടീമിന്റെയും ഭാഗമല്ല. അടുത്ത് തന്നെ ദ്രാവിഡ് ടീമിനൊപ്പം കൈകോര്‍ക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. താരങ്ങളെ ടീമില്‍ നിലനിര്‍ത്തുന്നത്, താരലേത്തിനായുള്ള മത്സരം എന്നിവയെല്ലാം ശരിയാക്കുന്നതിനായി ദ്രാവിഡ് വൈകാതെ ടീമിനൊപ്പം ചേര്‍ന്നേക്കും.
വൈകാതെ തന്നെ പരിശീലക സ്ഥാനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ദ്രാവിഡുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. വൈകാതെ തന്നെ പരിശീലകനായി നിയമിക്കുമെന്നും ടീമുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ്. ഈ റോളില്‍ സംഗക്കാര തന്നെ തുടരും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്റെ ടീമായ ബാര്‍ബഡോസ് റോയല്‍സിന്റെയും, ദക്ഷിണാഫ്രിക്കന്‍ ലീഗായ പാള്‍ റോയല്‍സിന്റെയും കാര്യങ്ങളും സംഗക്കാര നോക്കും.
ദ്രാവിഡിന് രാജസ്ഥാന്‍ റോയല്‍സുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. 2012, 2013 സീസണുകളില്‍ രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്. അതിന് ശേഷം രണ്ട് വര്‍ഷം ടീമിന്റെ മെന്‍ഡോറിന്റെ റോളിലും ദ്രാവിഡ് എത്തിയിരുന്നു. ദ്രാവിഡ് നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിലും ഇതേ റോള്‍ വഹിച്ചിരുന്നു. പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ലഭിക്കുന്നത് വരെ ഡല്‍ഹിയില്‍ തുടര്‍ന്നിരുന്നു ദ്രാവിഡ്.
2021ലാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. ദ്രാവിഡിന്റെ വരവ് സഞ്ജുവുമായി പുതിയൊരു കോമ്പോ ഉണ്ടാക്കാന്‍ ദ്രാവിഡിനെ സഹായിച്ചേക്കും. ഇത് ഐപിഎല്‍ കിരീടം നേടുന്നതില്‍ രാജസ്ഥാന്റെ സാധ്യതകള്‍ ശക്തമാക്കും.
ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ചായിരുന്ന വിക്രം റാത്തോറിന് രാജസ്ഥാനിലും ആ റോള്‍ തന്നെ ലഭിച്ചേക്കും. അതേസമയം 2008ലെ പ്രഥമ സീസണില്‍ കിരീടം നേടിയ ശേഷം രാജസ്ഥാന്‍ പിന്നീട് കിരീടം നേടിയിട്ടില്ല. ഇന്ത്യന്‍ ടീമിന് ദീര്‍ഘകാലത്തിന് ശേഷം കിരീടം സമ്മാനിച്ച ദ്രാവിഡിന് രാജസ്ഥാന്റെ കിരീട വരള്‍ച്ച പരിഹരിക്കാന്‍ സാധിച്ചേക്കും.












Click it and Unblock the Notifications