15 മത്സരം, 356 റണ്‍സ്, 89 ശരാശരി, 176 സ്‌ട്രൈക്ക് റേറ്റ്, റിങ്കു എന്നിട്ടും ടീമിലില്ല; കാരണം ഇതാണ്
സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതോടെ മലയാളികള്‍ അടക്കമുള്ളവര്‍ ആവേശത്തിലാണ്. എന്നാല്‍ ടീമില്‍ കടുത്ത അവഗണന നേരിട്ടിരിക്കുന്ന ഒരു താരമുണ്ട്. റിങ്കു സിംഗാണ് ആ താരം. ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഫിനിഷര്‍ ടാഗുള്ള ഏക താരവും റിങ്കു സിംഗാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ ഇത്രത്തോളം മികവില്‍ ടി20 മത്സരങ്ങള്‍ കളിച്ച താരങ്ങളില്ല.
റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ് മാത്രം പരിഗണിച്ചാല്‍ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു. പക്ഷേ ടീമിന് പുറത്താണ് താരം. സെലക്ടര്‍മാര്‍ക്ക് പറയാനാണെങ്കില്‍ മറുപടിയില്ല. നിരവധി പേരാണ് റിങ്കുവിനെ റിസര്‍വ് താരങ്ങളില്‍ ഉള്‍പ്പെടുത്തിയതില്‍ രോഷം അറിയിച്ചിരിക്കുന്നത്.

റിങ്കു സിംഗിന്റെ ടി20 കരിയറില്‍ ഇതുവരെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 15 ടി20 മത്സരങ്ങളാണ് താരം കളിച്ചത്. ഇതിനോടകം 336 റണ്‍സും താരം നേടിയിട്ടുണ്ട്. 69 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. നാലോ അഞ്ചോ നമ്പറിലാണ് റിങ്കു കളിക്കുന്നതെന്ന് ഓര്‍ക്കണം. 176.24 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 89 ആണ് റിങ്കുവിന്റെ ശരാശരി.
ഇതിലും മികച്ചൊരു അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനോ ഫിനിഷറോ ഇന്ത്യക്കില്ല. എന്നിട്ടും താരത്തെ ആദ്യ പതിനൊന്നംഗ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല. അതേസമയം ഫോമില്‍ ഇല്ലാത്ത ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ് എന്നിവര്‍ തമ്മിലായിരുന്നു മത്സരം.
ഇതില്‍ ദുബെയുടെ കാര്യത്തില്‍ യാതൊരു ചര്‍ച്ചയും വേണ്ടി വന്നില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ തകര്‍പ്പന്‍ ഫോമിലാണ് ദുബെ കളിക്കുന്നത്. ഇത്തവണ കൂടുതല്‍ സിക്‌സര്‍ അടിച്ചതിന്റെ റെക്കോര്‍ഡും ദുബെയുടെ പേരിലുണ്ട്. അതേസമയം റിങ്കുവിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ അമ്പാട്ടി റായുഡു ചോദിച്ചു.
ക്രിക്കറ്റ് സെന്‍സിനേക്കാളും സ്റ്റാറ്റസുകളാണ് ഭരിക്കുന്നതെന്ന് റിങ്കുവിന്റെ പുറത്താവലില്‍ നിന്ന് മനസ്സിലാവുന്നത്. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ടീമില്‍ 16ാം ഓവറിലോ 17ാം ഓവറിലോ ക്രീസിലെത്തി കഴിഞ്ഞ രണ്ട് വര്‍ഷമായി ഗംഭീരമായി കളിക്കുന്ന എത്ര താരങ്ങളുണ്ട്. അതും ഇത്ര വലിയൊരു സ്‌ട്രൈക്ക് റേറ്റില്‍. രവീന്ദ്ര ജഡേജ മാത്രമാണ് അതില്‍ ഉള്‍പ്പെടാത്തത്. തീര്‍ച്ചയായും റിങ്കു ടീമിലെ വലിയൊരു നഷ്ടമാണെന്നും റായുഡു പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലെ ലൈക്കുകളാണ് ഒരു താരത്തെ തിരഞ്ഞെടുക്കാന്‍ കാരണമാകുന്നത്. അല്ലാതെ ക്രിക്കറ്റില്‍ എങ്ങനെ കളിക്കുന്നു എന്നതല്ലെന്നും അമ്പാട്ടി റായുഡു. ഇര്‍ഫാന്‍ പഠാനും റിങ്കുവിനെ പിന്തുണച്ച് രംഗത്ത് വന്നു. റിങ്കുവിന്റെ മുന്‍കാല പ്രകടനങ്ങളെ ടീം ഇന്ത്യ പരിഗണിക്കാതിരിക്കരുതെന്നും പഠാന്‍ പറഞ്ഞു.
മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന ആരോപണ്‍ ഫിഞ്ചും സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ അമ്പരപ്പ് അറിയിച്ചു. നാല് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. അത് ശരിക്കും അമ്പരപ്പിക്കുന്നതാണ്. റിങ്കുവിനെ അവര്‍ ടീമിലെടുത്തില്ല. രണ്ട് സ്പിന്നര്‍മാരെയാണ് ഞാന്‍ പ്രതീക്ഷിച്ചതെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു.












Click it and Unblock the Notifications