ആര് എറിഞ്ഞാലും അതിര്‍ത്തി കടത്തും, റിങ്കു സിംഗ് പൊളി മച്ചാനാണ്; ഐപിഎല്ലിലെ പ്രതിഫലവും വേറെ ലെവല്‍
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഒരു പേര് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. അത് റിങ്കു സിംഗിന്റേതാണ്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം മധ്യനിരയില്‍ ഒരു ഫിനിഷറെ തേടുകയായിരുന്നു ബിസിസിഐ. തുടര്‍ച്ചയായ മികച്ച ഇന്നിംഗ്‌സുകളിലൂടെ റിങ്കു ഫിനിഷറുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നലെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നപ്പോള്‍ ടോപ് സ്‌കോറര്‍ ആയതും റിങ്കുവാണ്.
താരത്തിന്റെ ആദ്യ ടി20 ഫിഫ്റ്റിയായിരുന്നു ഇത്. 39 പന്തില്‍ 66 റണ്‍സടിച്ച റിങ്കു ടീമിന്റെ മികച്ച സ്‌കോറിലേക്ക് നയിക്കുകയും ചെയ്തിരുന്നു. സൂര്യകുമാര്‍ യാദവിനൊപ്പം മികച്ച കൂട്ടുകെട്ടും റിങ്കു ഉണ്ടാക്കിയിരുന്നു. ഇന്ത്യക്ക് അതിവേഗം സ്‌കോര്‍ ചെയ്യുന്ന ഒരു താരത്തെയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം റിങ്കുവിന്റെ ഐപിഎല്ലിലെ പ്രതിഫലവും മറ്റ് സമ്പത്തുകളും എത്രയാണ് എന്നറിയുമോ?

അതേസമയം ഇന്ത്യന്‍ ടീമില്‍ ഇതുവരെ റിങ്കു നിരാശപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റില്‍ അയര്‍ലന്റിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സൂര്യകുമാര്‍ പുറത്തായ ശേഷം സ്‌കോര്‍ 180 റണ്‍സിലെത്തിച്ചതിന് ഏക കാരണവും റിങ്കുവാണ്. 19ാം ഓവറില്‍ മാക്രത്തിന്റെ ഓവറിന്റെ തുടരെയുള്ള രണ്ട് സിക്‌സറുകള്‍ തന്നെ ആ ഇന്നിംഗ്‌സിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു.
റിങ്കുവിന്റെ ഒരു സിക്‌സര്‍ സെന്റ് ജോര്‍ജസ് പാര്‍ക്കിലെ മീഡിയ ബോക്‌സിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. റിങ്കുവിന്റെ ടി20യിലെ ശരാശരിയും അമ്പരപ്പിക്കുന്നതാണ്. 11 മത്സരങ്ങളില്‍ നിന്നായി 82 ശരാശരിയാണ് റിങ്കുവിനുള്ളത്. ഇന്ത്യക്ക് ഇതോടെ ഫിനിഷറായും ഒരു താരത്തെ ലഭിച്ചു. എന്നാല്‍ കോളടിച്ച് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്.
റിങ്കു ഫോമില്‍ നില്‍ക്കുന്നതോടെ ഈ സീസണില്‍ കെകെആറിന്റെ സാധ്യതകളും സജീവമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മെഗാ താരലേലത്തിന് മുമ്പ് റിങ്കുവിനെ ടീം റിലീസ് ചെയ്തിരുന്നു. എന്നാല്‍ 55 ലക്ഷത്തിന് റിങ്കുവിനെ ടീം വീണ്ടും വാങ്ങുകയായിരുന്നു. റിങ്കുവിനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാത്രമാണ് രംഗത്തുണ്ടായിരുന്നത്. അതേസമയം കെകെആറിനെ സംബന്ധിച്ച് ഇത് ഭാഗ്യമായിരുന്നു.
ഇനി അങ്ങോട്ടുള്ള താരലേലത്തില്‍ റിങ്കു ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കോടികളായിരിക്കും താരത്തിന് ലഭിക്കുക. ചിലപ്പോള്‍ എല്ലാ റെക്കോര്‍ഡുകളും പ്രതിഫല കാര്യത്തില്‍ റിങ്കു തകര്‍ക്കും. എന്നാല്‍ കെകെആര്‍ താരത്തെ വിട്ടുകൊടുക്കില്ലെന്ന കാര്യം ഉറപ്പാണ്.കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് പൊരുതി നേടിയതാണ് റിങ്കുവിനെ ഈ നേട്ടങ്ങള്‍ എല്ലാം. തൂപ്പുകാരനായി പോലും ജോലി ചെയ്തിട്ടുണ്ട് റിങ്കു. 2017ല്‍ പഞ്ചാബ് കിംഗ്‌സ് പത്ത് ലക്ഷം രൂപയ്ക്കാണ് റിങ്കുവിനെ വാങ്ങിയത്.
എന്നാല്‍ അവിടെ അരങ്ങേറ്റം ലഭിച്ചില്ല. കെകെആര്‍ അടുത്ത വര്‍ഷം 80 ലക്ഷത്തിനാണ് താരത്തെ വാങ്ങിയത്. വെറും നാല് മത്സരമായിരുന്നു കളിച്ചത്. 2019ല്‍ കളിച്ചത് അഞ്ച് മത്സരങ്ങളുമായിരുന്നു. 2020ല്‍ വെറും ഒരു മത്സരമായി അത് ചുരുങ്ങി. 2021ല്‍ പരിക്ക് കാരണം താരം കളിച്ചതേയില്ല. 2022ല്‍ 55 ലക്ഷത്തിനാണ് റിങ്കുവിനെ നിലനിര്‍ത്തിയത്. 7 മത്സരങ്ങളില്‍ നിന്ന് 174 റണ്‍സാണ് ആ സീസണില്‍ അടിച്ചത്. 148 സ്‌ട്രൈക്ക് റേറ്റുമുണ്ടായിരുന്നു.
ഈ സീസണിലും താരത്തിന് ലഭിക്കുന്ന പ്രതിഫലം 55 ലക്ഷമാണ്. ഇതുവരെ നാല് കോടി 40 ലക്ഷം രൂപ ഐപിഎല്ലില്‍ നിന്ന് താരം പ്രതിഫലമായി നേടിയിട്ടുണ്ട്. അതേസമയം സിഎനോളജിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിങ്കുവിന് ഇന്ന് 50 കോടിയുടെ ആസ്തിയുണ്ട്. വാര്‍ഷിക വരുമാനമായി 7 കോടിയും താരത്തിന് ലഭിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിലൂടെയും റിങ്കുവിന് വരുമാനം ലഭിക്കുന്നുണ്ട്.
ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് 40000 രൂപ മുതല്‍ 60000 വരെയാണ് താരത്തിന് ലഭിക്കുക. അതേസമയം കെകെആറില്‍ അരങ്ങേറ്റം നടത്തുന്നതിന് മുമ്പ് തന്നെ 11 ലക്ഷത്തിന്റെ മാരു സുസുക്കി ബ്രെസ്സ റിങ്കു സ്വന്തമാക്കിയിരുന്നു. ഇത് മാതാപിതാക്കള്‍ക്കായി താരം സമ്മാനിച്ചിരുന്നു. ഇതിന് പുറമേ ഒരു ബൈക്കും റിങ്കു വാങ്ങിയിരുന്നു. സ്വന്തമായി വീടും യുപിയില്‍ താരം നിര്‍മിച്ചിട്ടുണ്ട്.












Click it and Unblock the Notifications