ക്രിക്കറ്റ് വരുമാനത്തിൽ കോലിയെ കടത്തിവെട്ടി ഈ താരം; ഇന്ത്യയിലെ ഏറ്റവും വരുമാനം, 32 കോടി കീശയിൽ
ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഇക്കുറി എല്ലാവരെയും ഞെട്ടിച്ചത് യുവതാരം റിഷഭ് പന്ത് തന്നെയാണ്. ലേലം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പന്ത് വലിയ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാൽ ലേലം തുടങ്ങിയതോടെ ഐപിഎല്ലിൽ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതി റിഷഭ് പന്ത് സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് പന്ത് നിസാരമായി കീശയിലാക്കിയത്.
ലക്‌നൗ സൂപ്പർ ജയന്റ്‌സാണ് താരത്തെ 27 കോടി രൂപ എന്ന ഭീമമായ തുകയ്ക്ക് ലേലത്തിൽ സ്വന്തമാക്കിയത്. ഇതുവരെ റെക്കോർഡ് മുൻ സീസണുകളിൽ ഓസീസ് പേസർ മിച്ചൽ സ്‌റ്റാർക്കിന്റെ പേരിലായിരുന്നു. എന്നാൽ ഇതൊക്കെയും മറികടന്ന പന്ത് ഐപിഎല്ലിൽ മുതിർന്ന താരങ്ങൾക്ക് പോലും കയറിപ്പറ്റാൻ കഴിയാത്ത നിലയിലേക്ക് വളരുകയായിരുന്നു.

എന്നാൽ ഇത്തവണ മറ്റൊരു റെക്കോർഡ് കൂടി റിഷഭ് പന്തിനെ തേടിയെത്തി എന്നത് പലർക്കും അറിയില്ല. അതാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം (ക്രിക്കറ്റിലൂടെ മാത്രം) നേടുന്ന താരം എന്ന വിശേഷണമാണ് താരത്തിന് ലഭ്യമായത്. ഇക്കാര്യത്തിൽ പന്ത് മറികടന്നത് സാക്ഷാൽ വിരാട് കോലിയെ തന്നെയാണ്. അത് തന്നെയാണ് റിഷഭ് പന്തിന്റെ നേട്ടത്തിന് തിളക്കം കൂടുന്നത്.
അതേസമയം, ഇന്ത്യൻ താരങ്ങളെ നിലനിർത്തിയ ഫ്രാഞ്ചൈസികളിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തന്നെയാണ് പണം മുടക്കിയത്. ഈ കൂട്ടത്തിൽ ഏറ്റവും മുന്നിലുള്ളതാവട്ടെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയുമാണ്. 21 കോടി രൂപയാണ് ഇന്ത്യയുടെ സ്‌റ്റാർ ബാറ്റർക്ക് വേണ്ടി ആർസിബി ചിലവഴിച്ച തുക എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ കോലിയുടെ ക്രിക്കറ്റ് വരുമാനത്തിനേക്കാൾ അധികമാണ് റിഷഭ് പന്തിന് കിട്ടുന്ന പണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്രിക്കറ്റ് ഇതര പരിപാടികളിൽ നിന്നുള്ള വരുമാനം പൂർണമായി കണക്ക് കൂട്ടിയാൽ കോലി പന്തിനേക്കാൾ ഒരുപാട് മുകളിലായിരിക്കും എന്നതാണ് യാഥാർഥ്യം. എന്നാൽ നിലവിൽ പരിഗണിക്കുന്നത് ക്രിക്കറ്റിൽ നിന്നുള്ള വരുമാനം മാത്രമാണ്.
നിലവിൽ റിഷഭ് പന്തിന്റെ പ്രതിവർഷ വരുമാനം 32 കോടി രൂപയ്ക്ക് മുകളിലാണ്. ഐപിഎൽ താര ലേലത്തിലെ വമ്പൻ കുതിച്ചുചാട്ടം തന്നെയാണ് താരത്തിന് ഗുണം ചെയ്‌തത്. എന്നാൽ വിരാട് കോലിയുടെ വരുമാനം നിലവിൽ 28 കോടിയോളമാണ്. ഇതോടെയാണ് പന്ത് കോലിയെ മറികടന്ന് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സമ്പന്നനായത്.
പന്തും വിരാട് കോലിയും ബിസിസിഐ, ഐപിഎൽ കരാറുകളിൽ നിന്നാണ് അവരുടെ പ്രധാന വരുമാനം കണ്ടെത്തുന്നത്. പന്ത് ബിസിസിഐ സെൻട്രൽ കരാറുകളിൽ എ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതിലൂടെ ലഭിക്കുന്നത് പ്രതിവർഷം 5 കോടി, അതേസമയം പന്തിന്റെ ഐപിഎൽ വരുമാനം പ്രതിവർഷം 27 കോടിയാണ്.












Click it and Unblock the Notifications