രോഹിത് ശര്‍മ പാകിസ്താനെതിരെ കളിക്കില്ല? പരിശീലനത്തിനിടെ വിരലിന് പരുക്ക്; പുതിയ ക്യാപ്റ്റനെത്തും
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം നാളെ പാകിസ്താനോട് ഏറ്റുമുട്ടുകയാണ്. എന്നാല്‍ ടീമിനെ സംബന്ധിച്ച് വലിയൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാളെ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിശീലനത്തിനിടെ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു.
ഇടതേ കൈയിലെ തള്ളവിരലിനാണ് പരുക്കേറ്റിരിക്കുന്നത്. ഇതോടെ താരം പരിശീലനം നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് താരം പരിശീലനം തുടര്‍ന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സ്റ്റാഫുകള്‍ താരത്തെ പരിശോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിര്‍ണായക മത്സരമാണിത്.

അതേസമയം തള്ളവിരലിനേറ്റ പരുക്ക് വഷളാവാന്‍ സാധ്യതയുള്ളതിനാല്‍ രോഹിത് കളിച്ചേക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. പകരം മറ്റൊരു ക്യാപ്റ്റന്‍ വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ പാകിസ്താന്‍ അമേരിക്കയോട് പരാജയപ്പെട്ടതോടെ സമ്മര്‍ദത്തിലാണ്. പക്ഷേ പാകിസ്താനെ വിലകുറച്ച് കാണാന്‍ ഇന്ത്യക്ക് സാധിക്കില്ല.
അടുത്ത കാലത്തായി ഇന്ത്യയെ വിറപ്പിക്കാന്‍ പാകിസ്താന്‍ സാധിക്കാറുണ്ട്. അതേസമയം പരുക്ക് പരിശോധിച്ച മെഡിക്കല്‍ സ്റ്റാഫുകള്‍ കുഴപ്പമില്ലെന്നാണ് അറിയിച്ചത്. നസ്സോവു കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം പരുക്കേല്‍ക്കാന്‍ സാധ്യത കൂടുതലുള്ള പിച്ചാണ്. വളരെ സ്ലോയായ ഔട്ട്ഫീല്‍ഡുമാണ് ഇവിടെയുള്ളത്.
ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ പിച്ചുകള്‍ക്ക് നേരെ ഉയര്‍ന്ന് കഴിഞ്ഞു. രോഹിത് ഫോമില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ്. പക്ഷേ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലും താരത്തിന് പരുക്കേറ്റിരുന്നു. പിച്ചിലെ പ്രശ്‌നങ്ങളായിരുന്നു കാരണം. ഇതോടെ അര്‍ധ സെഞ്ച്വറിക്ക് ശേഷം പത്ത് ഓവര്‍ കഴിഞ്ഞപ്പോള്‍ രോഹിത് റിട്ടയര്‍ ചെയ്തിരുന്നു. പ്രതീക്ഷിച്ചപ്പോലെയല്ല നസോവു കൗണ്ടിയിലെ പിച്ചുകള്‍ എന്ന് ഐസിസി ഇതിനോടകം അറിയിച്ച് കഴിഞ്ഞു.
പിച്ചുകളുടെ നിലവാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഗ്രൗണ്ടില്‍ ഡൈവ് ചെയ്താല്‍ അടക്കം പരുക്കേല്‍ക്കാനുള്ള സാധ്യത ശക്തമാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്കും ഇത് വലിയ വെല്ലുവിളിയാണ്. റണ്ണൗട്ടില്‍ നിന്നടകം രക്ഷപ്പെടുക അസാധ്യമായിരിക്കും.
അതേസമയം രോഹിത് കളിച്ചിട്ടില്ലെങ്കില്‍ ജസ്പ്രീത് ബുംറയായിരിക്കും ക്യാപ്റ്റന്‍. എന്നാല്‍ രോഹിത്തിന്റെ പരുക്കില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അടക്കം നല്‍കുന്ന സൂചന. രോഹിത്തും വിരാട് കോലിയും ഷഹീന്‍ അഫ്രീദി, മുഹമ്മദ് ആമിര്‍, നസീം ഷാ എന്നിവരെ നേരിടാനായി പ്രത്യേക പിച്ചുകളിലാണ് പരിശീലനം ഇന്ന് നടത്തിയത്.
മൂന്ന് മണിക്കൂര്‍ നീണ്ട സെഷനില്‍ ഡ്രോപ്പ് ഇന്‍ പിച്ചിലാണ് പരിശീലനം നടത്തിയത്. പലവിധത്തിലുള്ള ബൗണ്‍സ്-സീം മൂവ്‌മെന്റുകള്‍ ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഇടങ്കൈയ്യന്‍ ബൗളര്‍മാരെ നേരിടുന്നതിലാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചത്.












Click it and Unblock the Notifications