ആരാധകരേ ഇതാ സന്തോഷ വാര്‍ത്ത, ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ കളിക്കും; സൂചന നല്‍കി ഹിറ്റ്മാന്‍
മുംബൈ: ഏകദിന ലോകകപ്പിലെ ഹൃദയഭേദകമായ തോല്‍വിക്ക് ശേഷം ആദ്യമായി മനസ്സ് തുറന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കുമെന്ന സൂചനയാണ് ഹിറ്റ്മാന്‍ നല്‍കുന്നത്. ലോകകപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് രോഹിത് മനസ്സുതുറന്നത്. 2022ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ഇതുവരെ ടി20കള്‍ കളിച്ചിട്ടില്ല.
ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലും രോഹിത് കളിക്കുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഒരു ബ്രേക് എടുത്തിരിക്കുകയാണ് താരം. ഭാര്യക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരം. രോഹിത് ടി20 ടീമിലേക്ക് ഉടനെ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് നിരവധി പേര്‍.

അതേസമയം തനിക്ക് ആരാധകര്‍ നല്‍കിയ സ്‌നേഹവും പിന്തുണയും ലോകകപ്പ് തോല്‍വിയിലെ മുറിവുണങ്ങാന്‍ സഹായിച്ചുവെന്ന് രോഹിത് പറയുന്നു. ടി20 ലോകകപ്പിനായി തിരിച്ചുവരുമെന്ന സൂചനയാണ് രോഹിത് നല്‍കുന്നത്. നേരത്തെ തന്നെ ബിസിസിഐയെ ഇക്കാര്യം രോഹിത് അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ടീമില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് ആദ്യമേ പറയണമെന്നും, അവസാന നിമിഷം ഒഴിവാക്കരുതെന്ന് ടീം മാനേജ്‌മെന്റിനെ അറിയിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍ കൂടി ടീമിനെ നയിക്കാനുള്ള അവസരം രോഹിതിന് ലഭിക്കും. അതിന് ശേഷം ഹര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കാനാണ് സാധ്യത. വരുന്ന ചാമ്പ്യന്‍സ് ട്രോഫിയായിരിക്കും രോഹിത്തിന് ഏകദിന മത്സരങ്ങളില്‍ ലഭിക്കുന്ന അവസാനത്തെ ടൂര്‍ണമെന്റ് എന്നും സൂചനയുണ്ട്.
അതേസമയം രോഹിത് ടീമിലെത്തുന്ന കാര്യത്തില്‍ നേരത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ മറുപടി പറഞ്ഞിരുന്നു. രോഹിത്തിന്റെ ടി20 ടീമിലെ സ്ഥാനം ഉറപ്പായിട്ടില്ലെന്നാണ് ജയ് ഷാ പറയുന്നത്. ടീം സെലക്ഷന്റെ കാര്യത്തില്‍ അന്തി തീരുമാനം പിന്നീട് എടുക്കുമെന്നും ജയ് ഷാ വ്യക്തമാക്കുന്നു. ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇപ്പോഴേ അക്കാര്യത്തില്‍ ഒരു വ്യക്തതയുടെ ആവശ്യം എന്താണ്. ഐപിഎല്‍ അതിന് മുമ്പ് കളിക്കാനുണ്ട്.
അതുപോലെ അഫ്ഗാനിസ്ഥാനെതിരെയും പരമ്പരയുണ്ട്. ഇതിനെല്ലാം ശേഷം മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും ജയ് ഷാ വ്യക്തമാക്കി. നിലവില്‍ ബിസിസിഐ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നാണ് സൂചന. ടി20 ലോകകപ്പില്‍ വിരാട് കോലി പക്ഷേ കളിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും കളിക്കുന്നില്ല. പകരം ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നുണ്ട്.
വിരാടിന് പകരം ടി20 ടീമില്‍ പ്രഥമ പരിഗണന നല്‍കുന്നത് ഇഷാന്‍ കിഷനായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം വിരാടിനെയും രോഹിത്തിനെയും കളിപ്പിക്കണമെന്ന ആഗ്രഹം ടീം മാനേജ്‌മെന്റിനുണ്ടെന്നാണ് സൂചന. ലോകകപ്പിനായി ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് എത്തുക. മൂന്നാം നമ്പറിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.












Click it and Unblock the Notifications