ലോകകപ്പില്‍ രോഹിത് ശര്‍മ ഉണ്ടാവില്ലേ? ഇംപ്ലാക്ട് പ്ലെയറായത് സൂചന; ഹിറ്റ്മാന് സംഭവിച്ചത് ഇക്കാര്യം
ടി20 ലോകകപ്പിനുള്ള ടീമിനെയെല്ലാം സെലക്ടര്‍മാര്‍ തിരഞ്ഞെടുത്ത് കഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ക്യാമ്പിലാകേ ഇപ്പോള്‍ ആശങ്കയാണ്. ക്യാപ്റ്റനായ രോഹിത് ശര്‍മ കളിക്കില്ലേ? രോഹിത് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഇംപാക്ട് പ്ലെയറിയാട്ടാണ് കളിച്ചത്. അതായത് ഫീല്‍ഡില്‍ രോഹിത് ഉണ്ടാവില്ല. പകരം ബാറ്റിംഗിനോ ബൗളിംഗിനോ മാത്രം ഇറങ്ങുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം.
ബൗളറാണെങ്കില്‍ ഫീല്‍ഡില്‍ ഉണ്ടാവും. എന്നാല്‍ രോഹിത് ബാറ്റ്‌സ്മാനാണ്. അതുകൊണ്ട് ബാറ്റിംഗിന് മാത്രമാണ് രോഹിത് കളത്തില്‍ ഇറങ്ങിയത്. ഇത് ഇന്ത്യന്‍ ടീമിനെയാണ് ഞെട്ടിച്ചിരിക്കുന്നത്. രോഹിത്തിന് കടുത്ത പുറം വേദനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ അതില്‍ നിന്ന് താരം മോചിതനായിട്ടില്ല.

ഇപ്പോഴത്തെ ഫിറ്റ്‌നെസ് പ്രകാരം രോഹിത്തിന് ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കാനാവില്ല. കടുത്ത വേദന ഹിറ്റ്മാന് ഉണ്ട്. അതുകൊണ്ടാണ് മുംബൈയുടെ മത്സരത്തില്‍ രോഹിത് ഇംപാക്ട് പ്ലെയറായത്. അതാവുമ്പോള്‍ ഫിറ്റ്‌നെസിനെ കൂടുതലായി ബാധിക്കില്ല. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ അങ്ങനെയല്ല.
ഇംപാക്ട് പ്ലെയര്‍ സംവിധാനം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇല്ല. അതുകൊണ്ട് രോഹിത് മുഴുവന്‍ സമയവും ഫീല്‍ഡില്‍ ഉണ്ടാവേണ്ടി വരും. ഇതിനൊപ്പം ക്യാപ്റ്റന്‍സി കൂടി രോഹിത്തിനുണ്ട്. ഇതെല്ലാം വരുന്നതോടെ രോഹിത്തിന്റെ പരുക്ക് വഷളാവാന്‍ എല്ലാ സാധ്യതയുമുണ്ട്. ഐപിഎല്‍ കഴിഞ്ഞ ഉടനെ ലോകകപ്പ് ആണെന്നതും വലിയ വെല്ലുവിളിയാണ്.
രോഹിത് എല്ലാ മത്സരവും കളിക്കാനിടയില്ല, അതല്ലെങ്കില്‍ രോഹിത് ലോകകപ്പിനുണ്ടാവില്ല. ഈ ഓപ്ഷനുകളാണ് ഇപ്പോള്‍ ബിസിസിഐയുടെ മുന്നിലുള്ളത്. മുംബൈക്ക് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് രോഹിത്. എന്നിട്ടും ഇംപാക്ട് പ്ലെയറാക്കിയത് രോഹിത്തിന് പൂര്‍ണമായ ഫിറ്റ്‌നെസ് ഇല്ലാത്തത് കൊണ്ടാണ്.
എന്നാല്‍ മത്സരത്തില്‍ 12 പന്തില്‍ നിന്ന് പതിനൊന്ന് റണ്‍സാണ് രോഹിത് നേടിയത്. അതായത് മത്സരത്തില്‍ റണ്‍സ് കണ്ടെത്താന്‍ പുറം വേദന കാരണം രോഹിത്തിന് സാധിച്ചിരുന്നില്ല. സുനില്‍ നരെയ്ന്‍ രോഹിത്തിന്റെ ഈ ദൗര്‍ബല്യം മനസ്സിലാക്കിയാണ് പന്തെറിഞ്ഞത്. രോഹിത് കൃത്യമായി തന്നെ പുറത്താവുകയും ചെയ്തു.
പക്ഷേ ഈ ഫോമും വെച്ച് രോഹിത്തിന് ഓപ്പണിംഗില്‍ കളിക്കുക ദുഷ്‌കരമായിരിക്കും. രോഹിത്തിന്റെ പരുക്കിനെ കുറിച്ച് മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ പിയൂഷ് ചൗള സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ രീതിയില്‍ പുറം വേദനയുണ്ടെന്നാണ് ചൗള പ്രതികരിച്ചത്. അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയിലാണ് മുഴുവന്‍ സമയവും കളിക്കാതിരുന്നതെന്നും താരം പറഞ്ഞു.
പ്ലേഓഫിന് ഇനി മുംബൈക്ക് സാധ്യതയില്ല. അതുകൊണ്ട് രോഹിത്തിന് പൂര്‍ണമായും ഇന്ത്യന്‍ ടീമിന്റെ കാര്യം ശ്രദ്ധിക്കാം. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് അപ്പോഴേക്കും ഫിറ്റ്‌നെസ് വീണ്ടെടുത്തില്ലെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ വലിയ വെല്ലുവിളി നേരിടും.












Click it and Unblock the Notifications