ഇത് എന്റെ അവസാന സീസണാണ്, കൊല്‍ക്കത്തയുടെ കോച്ചിനോട് രോഹിത്; വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റനെ മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ പരിശീലകനും തമ്മിലുള്ള സംഭാഷണങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതോടെ ഈ വീഡിയോ വിവാദമായിട്ടുണ്ട്.
രോഹിത് ശര്‍മ ഈ സീസണ്‍ കഴിഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന കാര്യത്തില്‍ ഇതോടെ ഉറപ്പുവന്നിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു. മുംബൈ ടീമില്‍ കാര്യങ്ങള്‍ ഒന്നും ശരിയല്ലെന്ന കാര്യമാണ് രോഹിത് വീഡിയോയില്‍ പറയുന്നത്. സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയിലാണ് ടീമിന്റെ സഹ പരിശീലകന്‍ അഭിഷേക് നായരും രോഹിത്തും തമ്മിലുള്ള ചാറ്റ് പുറത്തുവിട്ടത്. മുംബൈ ഇന്ത്യന്‍സും കെകെആറും തമ്മിലുള്ള മത്സരത്തിന് മുമ്പായിരുന്നു ഇരുവരും തമ്മില്‍ ചാറ്റ് നടന്നത്. അഭിഷേക് നായര്‍ മുംബൈയില്‍ നിന്നുള്ള ക്രിക്കറ്ററാണ്.
രോഹിത്തുമായി അടുത്ത ബന്ധവും അദ്ദേഹത്തിനുണ്ട്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളില്‍ വളരെ തീവ്രമായി ചില കാര്യങ്ങള്‍ പറയുന്നതും കാണാം. വീഡിയോയുടെ പശ്ചാത്തലത്തില്‍ ഒരുപാട് ശബ്ദമുണ്ട്. അതുകൊണ്ട് തുടക്കത്തില്‍ എന്താണ് ഇവര്‍ സംസാരിച്ചിരുന്നതെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല.
അതേസമയം ആരാധകര്‍ എന്താണ് സംസാരിച്ചതെന്ന് കൃത്യമായി നിരീക്ഷിച്ച് പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. തന്റെ അവസാന സീസണാണിതെന്ന് രോഹിത് കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ ഏത് സാഹചര്യത്തെ ഉദ്ദേശിച്ചാണ് രോഹിത് ഇത് പറഞ്ഞതെന്ന് അറിയില്ല. മുംബൈ ഇന്ത്യന്‍സിലെ നിലവിലെ സാഹചര്യവും ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചതുമെല്ലാമാണ് ഇരുവരും സംസാരിച്ചതെന്ന് ആരാധകര്‍ പറയുന്നു.
എല്ലാം ഒന്നൊന്നായി മാറി കൊണ്ടിരിക്കുകയാണ്. എല്ലാ ടീം മാനേജ്‌മെന്റാണ് തീരുമാനിക്കേണ്ടത്. അവര്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും ഞാന്‍ കാര്യമായി എടുക്കുന്നേയില്ലെന്നും രോഹിത് അഭിഷേക് നായരോട് പറയുന്നു.
എന്തൊക്കെ പറഞ്ഞാലും അത് എന്റെ വീട് പോലെയാണ്. ഞാന്‍ നിര്‍മിച്ച ക്ഷേത്രമാണ് അത്. എന്തൊക്കെയായാലും ഇത് തന്റെ അവസാനത്തെ സീസണ്‍ ആണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മറ്റൊരു എക്‌സ് പോസ്റ്റില്‍ രോഹിത് ഇത് തന്റെ അവസാനത്തെ ഐപിഎല്‍ സീസണാണെന്ന് എവിടെയും പറയുന്നില്ലെന്ന് ഒരു യൂസര്‍ വ്യക്തമാക്കി.
അതേസമയം വീഡിയോ വിവാദമായതോടെ കൊല്‍ക്കത്ത ഇത് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ടീമിലെ പല സീനിയര്‍ താരങ്ങളും അതൃപ്തിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഡ്രെസ്സിംഗ് റൂമില്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications