ഇഷാന്‍ കിഷന് രോഹിത്തിന്റെ മുന്നറിയിപ്പ്, ഇനി ടീമിലുണ്ടാവില്ല? പരമ്പര ജയത്തിന് ശേഷം പറഞ്ഞത് ഇങ്ങനെ
റാഞ്ചി: ഇഷാന്‍ കിഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരോക്ഷമായി പ്രതികരിച്ച് രോഹിത് ശര്‍മ. യുവ താരങ്ങള്‍ക്കുള്ള ഉപദേശം എന്ന നിലയിലാണ് ഇഷാന് രോഹിത് മുന്നറിയിപ്പ് നല്‍കിയത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനോ റണ്‍സടിക്കാനോ ഉള്ള അഭിനിവേശം ഇല്ലാത്തവരൊന്നും കളിക്കേണ്ട എന്നായിരുന്നു രോഹിത്തിന്റെ മുന്നറിയിപ്പ്.
ബിസിസിഐയുമായി കരാറുള്ള എല്ലാ യുവ താരങ്ങളോടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ബന്ധത്തിലാണ് ബിസിസിഐ. അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് രോഹിത് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫിില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഇതില്‍ ഏറ്റവും വിവാദമായത്. താരം എവിടെയാണെന്ന് പോലും അറിഞ്ഞിരുന്നില്ല.

ജാര്‍ഖണ്ഡ് ടീമില്‍ കളിക്കില്ലെന്നാണ് ഇഷാന്‍ കിഷന്‍ അറിയിച്ചിരിക്കുന്നത്. അടുത്ത തവണ മുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നത് യുവ താരങ്ങള്‍ക്ക് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയുടെ നിര്‍ദേശം ലഭിച്ചിട്ടും ശ്രേയസ് അയ്യര്‍ മുംബൈയുടെ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
ദേശീയ ക്രിക്കറ്റ് അക്കാദമി ശ്രേയസിന് പരുക്കുകളൊന്നും ഇല്ലെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് ക്രിക്കറ്റ് ബോര്‍ഡിലും ടീമിലും വലിയ ചര്‍ച്ചയായിരുന്നു. രോഹിത് ശര്‍മയും ഇക്കാര്യത്തില്‍ പ്രതികരിച്ചത് അങ്ങനെയാണ്. ആര്‍ക്കാണോ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനും, റണ്‍സടിക്കാനും വലിയ ആഗ്രഹമുള്ളത്, അവര്‍ക്ക് മാത്രമേ ഞങ്ങള്‍ അവസരം നല്‍കൂ എന്നും രോഹിത് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രേയസ് അയ്യരോ ഇഷാന്‍ കിഷനോ ഇടംപിടിച്ചിട്ടില്ല. ഇരുവരും ടെസ്റ്റ് ടീമില്‍ ഇനി തിരിച്ചെത്തുന്ന കാര്യവും ദുഷ്‌കരമാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധ്രുവ് ജുറലിന്റെ വരവ് ഇഷാന്റെ സാധ്യതകളെ ഇല്ലാതാക്കിയിരിക്കുകയാണ്. മികച്ച പ്രകടനമാണ് ജുറല്‍ കാഴ്ച്ചവെച്ചത്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്കും ഇനി അവസരം കിട്ടിയേക്കില്ല.
സര്‍ഫ്രാസ് ഖാനും മികവ് തെളിയിച്ച് കഴിഞ്ഞു. വിരാട് കോലി തിരിച്ചെത്തുന്നതോടെ ടീം പൂര്‍ണമായും സജ്ജമാകും. അതിലേക്ക് മറ്റൊരാളെ ഉള്‍പ്പെടുത്താനുമാവില്ല. മികച്ച പ്രകടനം നടത്തി റണ്‍സ് കൂടുതല്‍ നേടാന്‍ ആഗ്രഹിക്കാത്തവരെ ടീം മാനേജ്‌മെന്റ് പ്രോത്സാഹിപ്പിക്കില്ല സന്ദേശമാണ് രോഹിത് ഇതോടെ നല്‍കിയിരിക്കുന്നത്.
എന്തിനാണ് ടെസ്റ്റില്‍ മികവ് പ്രകടിപ്പിക്കാത്ത താരങ്ങള്‍ക്ക് അവസരം നല്‍കുന്നതെന്നും, അതില്‍ യാതൊരു കാര്യവുമില്ലെന്നും രോഹിത് വ്യക്തമാക്കി. രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന കര്‍ശന നിര്‍ദേശം ഇഷാന്‍ കിഷനും, ശ്രേയസ് അയ്യര്‍ക്കും ബിസിസിഐ നല്‍കിയിട്ടുണ്ട്. ഇന്ന് ടീമിലുള്ള എല്ലാവര്‍ക്കും റണ്‍സടിക്കാനുള്ള വലിയ ആഗ്രഹമുണ്ട്.
ടീമിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കുമെല്ലാം കളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് വളരെ കുറച്ച് അവസരങ്ങളാണ് നല്‍കുക. അത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍, പിന്നീട് തിരികെ ലഭിക്കില്ലെന്നും രോഹിത് പറഞ്ഞു. പുതുമുഖങ്ങള്‍ക്ക് ഉപദേശത്തിന്റെ ആവശ്യമില്ല. അവര്‍ക്ക് പിന്തുണ മാത്രം മതിയെന്നും, മികവുറ്റ പ്രകടനം നടത്തുമെന്നും രോഹിത് വ്യക്തമാക്കി.












Click it and Unblock the Notifications