ലങ്കൻ പര്യടനത്തിൽ രോഹിത് ഇന്ത്യയെ നയിക്കും; ഗംഭീറിന്റെ മനസിലെന്ത്? ബുമ്രയും കോഹ്‌ലിയും കളിക്കില്ല
ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കുന്ന ആദ്യ പരമ്പരയാണ് ശ്രീലങ്കയ്ക്ക് എതിരേയുള്ളത്. രാഹുൽ ദ്രാവിഡിന്റെ കാലാവധി പൂർത്തിയായ ശേഷം ഗംഭീറിലേക്ക് എത്താൻ ഒരുപാട് കൂട്ടലും കിഴിക്കലും ഒന്നും നടത്താൻ ബിസിസിഐ മുതിർന്നിട്ടില്ലെന്ന് പകൽ പോലെ വ്യക്തമാണ്. എന്നാൽ ഗംഭീറിന്റെ ആദ്യ പരമ്പര എന്ന നിലയിൽ ശ്രീലങ്കൻ പര്യടനം എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്.
അതിൽ പ്രധാനമായും ഉയരുന്ന ചോദ്യം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ടീമിന്റെ ഭാഗമാവുമോ എന്നതാണ്. അതിന്റെ കാരണം ഗംഭീറിന്റെ ശൈലികൾ തന്നെയാണ്. ഇരുവരുടെയും പരിചയ സമ്പത്തും മികവും കണക്കിലെടുത്ത് തുടർന്നും ടീമിൽ സ്ഥിര സാന്നിധ്യം ആവാനുള്ള സാധ്യത ഇവർക്ക് മുന്നിൽ ഉണ്ടെങ്കിലും ഗംഭീറിന്റെ കൃത്യമായ നിരീക്ഷണം ഇവർക്ക് മേൽ ഉണ്ടാവുമെന്നത് ഉറപ്പാണ്.

എന്നാൽ ഇക്കാര്യത്തിൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന തികച്ചും അപ്രതീക്ഷിതമാണ്. മൂന്ന് ഫോർമാറ്റുകളിലും നായക സ്ഥാനം വഹിച്ചിരുന്ന രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിച്ചു കഴിഞ്ഞു, കോഹ്‌ലിയും കളി മതിയാക്കിയതാണ്. എന്നാൽ ഏകദിനത്തിൽ ഇരുവരും തുടർന്ന് കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതോടെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ നായകനായി രോഹിത് ശർമ്മ തന്നെ വരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഏകദിന ടീമിനെ രോഹിത് തന്നെ നയിക്കാനാണ് സാധ്യത. ടി20യിൽ ഹർദിക് പാണ്ഡ്യ അല്ലെങ്കിൽ സൂര്യകുമാർ യാദവ് എന്നിങ്ങനെയാണ് ഓപ്‌ഷനുകൾ, അവിടെ അന്തിമ തീരുമാനം ഗംഭീറിന്റെതായിരിക്കും.
അതേസമയം, ഏകദിന ലോകകപ്പ് ഫൈനലിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ഒരിക്കൽ കൂടി ഇന്ത്യൻ നായക പദവി ഏറ്റെടുക്കുന്ന രോഹിതിന് കോഹ്ലിയുടെയും ബുമ്രയുടെയും സേവനം ലഭിക്കാൻ ഇടയില്ലെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഇരുവർക്കും ബിസിസിഐ അധിക വിശ്രമം നൽകിയേക്കും എന്നാണ് വിവരം. അങ്ങനെയെങ്കിൽ താരതമ്യേന യുവ നിരയുമായിട്ടാവും ഇന്ത്യൻ ടീം ലങ്കയിൽ വിമാനമിറങ്ങുക.
ഏകദിനത്തിൽ കോഹ്ലി ഇന്ത്യൻ ടീമിന്റെ നിർണായക ഘടകമാണ് എന്നതിനാൽ തന്നെ തുടർന്നുള്ള പരമ്പരകളിൽ താരത്തിന്റെ സേവനം ഉറപ്പായും ടീമിന് ഉണ്ടാവും എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഗംഭീർ പറയുന്നതാവും ഇനി അവസാന വാക്ക് എന്നതിനാൽ തന്നെ കോഹ്‌ലിയെ തഴയുമോ എന്ന ആശങ്കയും ചില ആരാധകർ പങ്കുവയ്ക്കുന്നു.
നിലവിൽ ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ തർക്കം രൂക്ഷമാവുന്നത് ടി20 നായക സ്ഥാനത്തിന്റെ കാര്യത്തിൽ ആണെന്നാണ് ബിസിസിഐ അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ജയ് ഷായ്ക്ക് താൽപര്യം ഹർദിക് പാണ്ഡ്യയെ നായകനാക്കുന്നതിലും ഗൗതം ഗംഭീറിന് സൂര്യ കുമാറിനെ കൊണ്ട് വരുന്നതിലുമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിലും അന്തിമ തീരുമാനം ടീം പ്രഖ്യാപനത്തോട് കൂടി അറിയാം.
ടി20 ടീമിന്റെ കാര്യത്തിൽ ഗംഭീറിന്റെ മനസിൽ എന്താണ് കണക്ക് കൂട്ടിയതെന്ന് ആരാധകർ ഉറ്റു നോക്കുകയാണ്. പ്രത്യേകിച്ച് സഞ്ജു സാംസൺ അടക്കമുള്ള താരങ്ങളുടെ ടീം പ്രവേശനത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്ന വേളയിൽ. ടീം തിരഞ്ഞെടുപ്പിൽ ഗംഭീറിന്റെ കണിശത എങ്ങനെ പ്രവർത്തിക്കുമെന്നും ഇനി കണ്ടറിയണം.












Click it and Unblock the Notifications