രോഹിതിന് നാണക്കേടിന്റെ റെക്കോർഡ്..; ഈ ബംഗ്ലാദേശ് താരം പോലും മുന്നിൽ, ഹിറ്റ്മാന്റെ ക്യാപ്റ്റൻസി പരാജയം..?
ഏകദിന ലോകകപ്പ് ഉൾപ്പെടെ സംഭവബഹുലമായ നിരവധി നിർണായക നിമിഷങ്ങൾ സംഭവിച്ച മറ്റൊരു വർഷം കൂടിയാണ് ക്രിക്കറ്റിനെ സംബന്ധിച്ച് കടന്നുപോവുന്നത്. ജൂണിൽ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിലും, പിന്നീട് നവംബറിൽ ഏകദിന ലോകകപ്പിലും ഓസ്‌ട്രേലിയക്കെതിരെ ഫൈനൽ തോൽവിയുമായി ഇന്ത്യൻ ടീം വേദനയോടെയാണ് ഈ വർഷം അവസാനിപ്പിക്കുന്നത്.
കൂടാതെ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷിയായി. ലോകകപ്പ് ഫൈനലിൽ ഒഴികെ ഇന്ത്യയുടെ പ്രകടനം അസാധാരണമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിലും മിന്നുംപ്രകടനം പുറത്തെടുത്തെങ്കിലും അന്തിമ പോരാട്ടത്തിൽ കാലിടറുന്ന ശീലം ഇന്ത്യൻ ടീമിനെ വല്ലാതെ ബാധിക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ വർഷം അവസാനിക്കുമ്പോൾ മറ്റൊരു കണക്ക് പരിശോധിക്കുകയാണ് നമ്മൾ. ഈ വർഷം ഏറ്റവും കൂടുതൽ ടെസ്‌റ്റ് മത്സരങ്ങൾ തോറ്റ നായകന്മാരുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2023ൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തൊറ്റ ക്യാപ്റ്റന്മാരുടെ പട്ടികയിൽ രോഹിതും കമ്മിൻസും ഒക്കെ ഇടം നേടുമോ എന്ന് പോലും സംശയിക്കുന്ന ആളുകൾ ഉണ്ടാവും. എന്നാൽ ഇരുവരും അവസാന സ്ഥാനത്തല്ല എന്ന് ഓർക്കണം.
ഏറ്റവും കൂടുതൽ തോൽവി
ഇത്തവണ ഏറ്റവും കൂടുതൽ ടെസ്‌റ്റ് മത്സരങ്ങൾ തോറ്റവരിൽ മുൻപന്തിയിൽ തന്നെ പാറ്റ് കമ്മിൻസ് ഉണ്ടെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. കമ്മിൻസ്, ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്ന, അയർലൻഡ് നായകൻ ആന്റി ബൽബീർണി എന്നിവർ നാല് തോൽവികൾ വീതമാണ് കഴിഞ്ഞ വർഷം നേരിട്ടത്. അതിൽ തന്നെ ബൽബീർണിയാണ് ഏറ്റവും മോശം റെക്കോർഡുള്ള നായകൻ എന്ന കാര്യത്തിൽ സംശയമില്ല.
ആകെ നാല് മത്സരങ്ങൾ മാത്രമാണ് അയർലൻഡ് നായകൻ കളിച്ചത്. അത് നാലും തോൽവി വഴങ്ങിയാണ് അദ്ദേഹം നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയത്. രണ്ടാമത് ശ്രീലങ്കയുടെ കരുണരത്ന നാല് തോൽവികൾ തന്നെ വഴങ്ങി പിന്നിലുണ്ട്. ആറ് ടെസ്‌റ്റുകൾ ടീമിനെ നയിച്ച കരുണരത്നയ്ക്കും നാലെണ്ണത്തിൽ തോൽവി വഴങ്ങേണ്ടി വന്നു.
പട്ടികയിൽ മൂന്നാമതാണ് ഓസ്‌ട്രേലിയൻ നായകൻ. ഓസീസിന്റെ ഇതിഹാസ ക്യാപ്റ്റന്മാരുടെ പട്ടികയിലേക്ക് നടന്നടുക്കുന്ന താരമാണ് പാറ്റ് കമ്മിൻസ്. നാല് തോൽവികൾ തന്നെയാണ് താരത്തിന്റെ പേരിലുമുള്ളത്. എന്നാൽ കമ്മിൻസ് 10 ടെസ്‌റ്റുകൾ ടീമിനെ നയിച്ചത് കമ്മിൻസ് ആയിരുന്നു. ഇതിൽ നിന്നാണ് 4 തോൽവികൾ വഴങ്ങിയത്.
ഇന്ത്യയുടെ രോഹിത് ശർമ, ഇംഗ്ലണ്ടിന്റെ ബെൻ സ്‌റ്റോക്ക്‌സ്, വിൻഡീസിന്റെ കാർലോസ് ബ്രാത്വയ്റ്റ് എന്നിവർ മൂന്ന് തോൽവികൾ വഴങ്ങി. രോഹിത് ശർമ എട്ട് മത്സരങ്ങളിൽ നിന്നാണ് മൂന്ന് തോൽവി വഴങ്ങിയതെങ്കിൽ സ്‌റ്റോക്ക്‌സ്, ബ്രാത്വയ്റ്റ് എന്നിവർ യഥാക്രമം ഏഴ്, ആറ് വീതം ടെസ്‌റ്റുകളിലാണ് ടീമിനെ നയിച്ചത്.
പട്ടികയിൽ രണ്ട് തോൽവിയുമായി പാക് നായകൻ ഷാൻ മസൂദ്, കിവീസ് നായകൻ ടിം സൗത്തി, ഒരു തോൽവി വീതമുള്ള ബംഗ്ലാ നായകൻ ഷാന്റോ, അഫ്ഗാൻ നായകൻ ഹഷ്‌മത്തുള്ള ഷാഹിദി, സിംബാബ്‌വെ നായകൻ ക്രൈഗ് ഇർവിൻ എന്നിവർ പിന്നിലുണ്ട്.












Click it and Unblock the Notifications