'ഹർദിക് ആയിരുന്നു ശരിക്കും ടീമിനെ നയിക്കേണ്ടത്, എന്നാൽ രോഹിത്..'; കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര
വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള മത്സരക്രമം അടുത്തിടെയാണ് ഐസിസി പ്രഖ്യാപിച്ചത്. ഏകദിന ലോകകപ്പിലെ ഫൈനൽ തോൽവി ഇന്ത്യയെ സംബന്ധിച്ച് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഒരിക്കൽ കൂടി കിരീടം അണിയാനുള്ള ഇന്ത്യയുടെ സ്വപ്‌നം അവസാന നിമിഷം തകർന്ന് വീണപ്പോൾ ഐസിസി ടൂർണമെന്റിലെ ശാപം ഒരു ഒഴിയാബാധ പോലെ ടീം ഇന്ത്യയെ പിന്തുടരുകയാണ്.
ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ രണ്ടും കൽപിച്ചു തന്നെയാണ് ടീം ഇറങ്ങുന്നത്. എന്നാൽ താരങ്ങളിൽ ചിലരുടെ പരിക്ക് ടീമിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനിയാണ് ഹർദിക് പാണ്ഡ്യ. ടി20യിൽ ഇന്ത്യയെ നയിക്കേണ്ട ഹർദിക് മാസങ്ങളായി പരിക്ക് മൂലം ഉഴലുകയാണ്.

അങ്ങനെയുള്ള സാഹചര്യത്തിൽ ഇന്ത്യ നേരിടുന്ന ബുദ്ധിമുട്ടുകളും ക്യാപ്റ്റൻസി ആരായിരിക്കും ഏറ്റെടുക്കുക എന്നതുമൊക്കെ വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വരാനിരിക്കുന്ന ടി20 ലോകകപ്പിനായി 2022ലെ ടൂർണമെന്റിന് സമാനമായ ടീമിനെ ക്യാപ്റ്റനായി രോഹിത് ശർമക്കൊപ്പം ടീം ഇന്ത്യ ഇറക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ പറയുന്നത്. അതായത് കഴിഞ്ഞ ലോകകപ്പിൽ നിന്ന് കാര്യമായ മാറ്റം ഇക്കുറിയും ടീമിൽ ഉണ്ടാകില്ലെന്ന് ആകാശ് ചോപ്ര കരുതുന്നു. അതിനുള്ള കാരണവും അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നുണ്ട്.
ഹാർദിക് പാണ്ഡ്യയുടെ നിലവിലെ ഫിറ്റ്‌നസ് ഓൾറൗണ്ടറുടെ മടങ്ങിവരവ് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ടൂർണമെന്റിൽ രോഹിത് തന്നെ ക്യാപ്റ്റനാകുമെന്ന് തനിക്ക് തോന്നുന്നുവെന്ന് ആകാശ് പറയുന്നു. അഫ്‌ഗാനെതിരായ പരമ്പരയിൽ ഉൾപ്പെടെ രോഹിത് ഹർദിക് പാണ്ഡ്യ ടീമിൽ ഇല്ലെന്നും, താരം ടെസ്‌റ്റ് കളിക്കുന്നില്ലെന്നും ആകാശ് ചോപ്ര ചൂണ്ടികാണിക്കുന്നു.
രോഹിത് ശർമ്മ ലോകകപ്പിൽ ക്യാപ്റ്റനായി എത്തും. 2022 ലോകകപ്പിന് ശേഷമാണ് ഈ ചോദ്യം ഉന്നയിച്ചതെങ്കിൽ തീർച്ചയായും മറുത്തൊന്ന് ആലോചിച്ചേനെ, പ്രത്യേകിച്ച് ആ വർഷത്തെ പ്രകടനവും, ആദ്യ പത്തോവറിലെ സ്കോറിങ് നിരക്കും ഒക്കെ കണക്കിലെടുക്കുമ്പോൾ. ഇന്നത് മാറി ഏകദിന ലോകകപ്പിൽ ഈ താരങ്ങളൊക്കെ ഫോമിലെത്തി; മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.
വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ടീമിലേക്ക് തിരിച്ചെത്തുമെന്നും ആകാശ് ചോപ്ര പറയുന്നു. ഇംഗ്ലണ്ടിന് എതിരെ 2022 ലോകകപ്പ് സെമിയിൽ തോറ്റ ശേഷം ഈ താരങ്ങൾ ഒന്നും ഇന്ത്യയ്ക്ക് വേണ്ടി ഹ്രസ്വ ഫോർമാറ്റിൽ കളത്തിൽ ഇറങ്ങിയിട്ടില്ല. എന്നാൽ അഫ്‌ഗാനെതിരെയുള്ള പരമ്പരയിൽ ഇവരെ പരിഗണിച്ചിട്ടുണ്ട്, ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണം ആണിതെന്നാണ് സൂചന.












Click it and Unblock the Notifications