ഹർദികിന്റെ പരിക്ക് രോഹിതിന് ഉപകാരം; ടി20യിൽ ഹിറ്റ്മാന്റെ ഭാവി എന്ത്..? ഈ താരം പറയുന്നത് ഇങ്ങനെ..
അഫ്‌ഗാനിസ്ഥാന് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്‌ചയാണ് നടക്കുക. കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന്റെ ടി20 ലോകകപ്പ് സാധ്യതകളെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ടി20 ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യയെ നയിക്കുമെന്ന് കരുതിയ താരമായിരുന്നു ഹർദിക് പാണ്ഡ്യ. എന്നാൽ നിർഭാഗ്യവശാൽ താരത്തിനെ പരിക്ക് വലട്ടുകയാണ്.
ഇതോടെ അഫ്‌ഗാനെതിരായ പരമ്പരയിൽ ഉൾപ്പെടെ താരം കളിക്കില്ലെന്ന് അറിയിച്ചിരുന്നു. ഈ പരമ്പരയിൽ രോഹിത് ശർമ്മ തന്നെയായിരിക്കും ടീമിനെ നയിക്കുക. 2022 നവംബറിൽ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിട്ടപ്പോഴാണ് രോഹിത് അവസാനമായി ടി20 ഐ മത്സരം കളിച്ചത്. അതിന് ശേഷം രോഹിതും വിരാടും ടി20യിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ അടുത്ത ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇരുവരെയും ടീമിലേക്ക് തിരികെ വിളിച്ചിരിക്കുകയാണ്. ഇത് നൽകുന്ന സൂചന എന്തെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ സബ കരീം. ഹർദിക് പാണ്ഡ്യയുടെ പരിക്ക് മൂലമുള്ള അസാന്നിധ്യം രോഹിത്തിന്റെ തിരിച്ചുവരവിൽ ഒരു നിർണായക പങ്കു വഹിച്ചിരിക്കാം എന്നാണ് വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന സബ കരീം ഉറച്ച് വിശ്വസിക്കുന്നത്.
2024ലെ ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ പദ്ധതികളെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നതാണ് രോഹിതിനെ ക്യാപ്റ്റൻ എന്ന നിലയിലുള്ള മടങ്ങിവരവെന്നും, രോഹിത് ടീമിൽ സ്ഥിരത കൊണ്ടുവരുമെന്നും കരീം വ്യക്തമാക്കുന്നു. സെലക്റ്റർമാരുടെ ചിന്താഗതിയിൽ വലിയൊരു മാറ്റം വന്നെന്നും അതുകൊണ്ടാണ് രണ്ട് മുതിർന്ന താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയതെന്നും കരീം ചൂണ്ടിക്കാണിച്ചു.
'ഇതുവരെ, ഹർദിക് പാണ്ഡ്യയിൽ ക്യാപ്റ്റനെന്ന നിലയിൽ സെലക്റ്റർമാർ വിശ്വാസം പ്രകടിപ്പിച്ചിരുന്നു, എന്നാൽ ഹർദിക് പാണ്ഡ്യയുടെ പരിക്ക് കാരണം ചോദ്യങ്ങൾ ഉയർന്നുവരികയാണ്. അതുകൊണ്ടാണ് ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സ്ഥിരത കൊണ്ടുവരാൻ കെൽപ്പുള്ള രോഹിത് ശർമ്മയിലേക്ക് തന്നെ സെലക്റ്റർമാർ മടങ്ങി എത്തുന്നത്' അദ്ദേഹം പറയുന്നു.
അഫ്‌ഗാൻ പരമ്പരയിൽ വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസണും, ജിതേഷ് ശർമ്മയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇഷാൻ കിഷനെ ടി20 ടീമിൽ നിന്ന് ഒഴിവാക്കുകയാണ് ഉണ്ടായത്. "ഇഷാൻ അധികം മത്സരങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിൽ സന്തോഷവാനല്ല. അവൻ നിലവിൽ വിശ്രമത്തിലാണ്, അവധിയിലാണ്. എന്തായാലും, സെലക്റ്റർമാർ ഇഷാൻ കിഷന് പുറമേ കൂടുതൽ സാധ്യതകൾ നോക്കാൻ ഇടയുണ്ട്." സബ കരീം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications