സഞ്ജു സാംസണ്‍ ഔട്ടല്ല, അത് സിക്‌സറാണ് ഭായ്; തേര്‍ഡ് അമ്പയര്‍ക്കെതിരെ വാളെടുത്ത് താരങ്ങള്‍
ന്യൂഡല്‍ഹി: സഞ്ജു സാംസണിന്റെ വിവാദ പുറത്താകലില്‍ വ്യാപക വിമര്‍ശനം. തേര്‍ഡ് അമ്പയര്‍ ദൃശ്യങ്ങള്‍ ശരിക്കും പരിശോധിച്ചില്ലെന്നാണ് ആരോപണം. വിവിധ താരങ്ങള്‍ സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിന് അനുകൂലമായി മാറിയതും സഞ്ജുവിന്റെ പുറത്താകലിന് ശേഷമാണ്.
മുന്‍ ഇംഗ്ലണ്ട് താരം പോളിംഗ് കോളിംഗ്‌വുഡ് തേര്‍ഡ് അമ്പയര്‍ മൈക്കിള്‍ ഗഫിനെതിരെ രംഗത്തെത്തി. ഗഫ് തന്റെ നല്ല സുഹൃത്താണ്. എന്നാല്‍ സഞ്ജുവിന്റെ ക്യാച്ച് കുറച്ച് നേരം കൂടി പരിശോധിക്കണമായിരുന്നു. പല ആംഗിളുകളില്‍ നിന്ന് നോക്കി ഉറപ്പുവരുത്തിയ ശേഷം ഔട്ട് കൊടുക്കുന്നതായിരുന്നു നല്ലതെന്നും കോളിംഗ്‌വുഡ് പറഞ്ഞു.

മത്സരത്തിന്റെ 16ാം ഓവറിലായിരുന്നു സഞ്ജു പുറത്താവുന്നത്. ഷായ് ഹോപ്പായിരുന്നു ക്യാച്ചെടുത്തത്. എന്നാല്‍ ബൗണ്ടറി ലൈനില്‍ ഹോപ്പിന്റെ കാല് തട്ടിയെന്ന് സംശയങ്ങളുണ്ടായിരുന്നു. തേര്‍ഡ് അമ്പയര്‍ ഗഫ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സഞ്ജു ഔട്ടാണെന്ന് തീരുമാനിക്കുകയായിരുന്നു.
ഇതോടെ മത്സരം ഡല്‍ഹിക്ക് അനുകൂലമാവുമായിരുന്നു. മൂന്നിന് 162 എന്ന നിലയില്‍ നിന്ന് എട്ടിന് 201 എന്ന നിലയിലാണ് രാജസ്ഥാന്‍ റോയല്‍സ് കളി അവസാനിപ്പിച്ചത്. ഇരുപത് റണ്‍സിനായിരുന്നു തോല്‍വി. മുകേഷ് കുമാറിന്റെ ലെങ്ത് ബോളിലായിരുന്നു സഞ്ജു സിക്‌സറടിക്കാന്‍ നോക്കിയത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് അത് ഔട്ടാണെന്ന് ഉറപ്പില്ലായിരുന്നു.
അതേസമയം സ്‌ക്രീന്‍ റീപ്ലേകളില്‍ ഔട്ടാണെന്ന് കാണിച്ചതോടെ സഞ്ജു ശരിക്കും ഞെട്ടിയിരുന്നു. അമ്പയര്‍മാരോട് കുറച്ച് നേരം സംസാരിച്ച ശേഷമാണ് സഞ്ജു ക്രീസ് വിട്ടത്. രാജസ്ഥാന്‍ കോച്ച് കുമാര്‍ സംഗക്കാരുടെ ഈ തീരുമാനത്തില്‍ അസംതൃപ്തനായിരുന്നു. തേര്‍ഡ് അമ്പയര്‍ ഉപയോഗിച്ച റീപ്ലേ ആംഗിളുകളില്‍ നിന്ന് പുറത്താണെന്ന് ഉറപ്പിക്കാന്‍ സാധിക്കുന്നില്ലായിരുന്നു.
ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയില്ലെന്ന് തെളിയിക്കാനും ഈ ദൃശ്യങ്ങള്‍ക്ക് സാധിച്ചില്ല. ഇത്തരം തീരുമാനങ്ങള്‍ മത്സരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. അതുകൊണ്ട് പല ആംഗിളുകള്‍ ഗഫ് പരിശോധിക്കണായിരുന്നു. കുറച്ച് സമയം കൂടി എടുക്കാമായിരുന്നുവെന്നും കോളിംഗ് വുഡ് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിംഗ് സിദ്ദുവും തേര്‍ഡ് അമ്പയര്‍ക്കെതിരെ രംഗത്തെത്തി. സഞ്ജു പുറത്തായിട്ടില്ല. ഹോപ്പിന്റെ കാലുകള്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്നും സിദ്ദു പറഞ്ഞു. മത്സരമാകെ മാറിയത് സഞ്ജു പുറത്തായ ശേഷമാണ്. റീപ്ലേ ശരിക്കുമൊന്ന് പരിശോധിച്ചാല്‍ ഹോപ്പിന്റെ കാലുകള്‍ രണ്ട് തവണ ബൗണ്ടറി ലൈനില്‍ തട്ടിയതായി കാണാം.
അത് തീര്‍ത്തും വ്യക്തമാണ്. നിങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാലും ഇല്ലെങ്കിലും അത് കൃത്യമാണ്. തീര്‍ച്ചയായും അത് നോട്ട് ഔട്ട് കൊടുക്കേണ്ടതാണ്. ഇത് കൃത്യമായ തെളിവാണ്. ഇവിടെ ആരും കുറ്റക്കാരല്ല. ഇത്തരം കാര്യങ്ങള്‍ മത്സരത്തില്‍ നടക്കും. പക്ഷേ ഇവിടെ ആ തീരുമാനം കൊണ്ട് കളി മൊത്തം മാറിയെന്നും സിദ്ദു പറഞ്ഞു.












Click it and Unblock the Notifications