സ്‌ട്രൈക്ക് റേറ്റ് 269, വെടിക്കെട്ട് ഇന്നിംഗ്‌സുമായി സഞ്ജുവിന്റെ തിരിച്ചുവരവ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഫോമിലേക്ക് ഉയര്‍ന്ന് സഞ്ജു സാംസണ്‍. ടി20 പരമ്പകളില്‍ തഴഞ്ഞെങ്കിലും സഞ്ജുവിന് ടീമില്‍ സ്ഥിരാംഗമാകാനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം ഇതിന് പിന്നാലെ സഞ്ജു പ്രകടനം സെലക്ടര്‍മാരുടെ മനസ്സ് നിറയ്ക്കുന്നതായിരുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെയായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ്. 13 പന്തില്‍ 35 റണ്‍സടിച്ച സഞ്ജു അതിവേഗമാണ് ടാര്‍ഗറ്റ് ചേസ് ചെയ്യാന്‍ സഹായിച്ചത്. 117 റണ്‍സിന്റെ ടാര്‍ഗറ്റാണ് കേരളത്തിന് ലഭിച്ചത്. സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 269 ആണ് താരത്തിന്റെ പ്രഹരശേഷി. ടി20 ടീമില്‍ എടുക്കാത്തതിന് സഞ്ജുവിന്റെ മറുപടിയാണിതെന്ന് ആരാധകര്‍ പറയുന്നു.

ഗ്രൂപ്പ് എയില്‍ മുന്നില്‍ തന്നെ തുടരാന്‍ വമ്പന്‍ വിജയം കേരളത്തിന് ആവശ്യമായിരുന്നു. കാരണം മുംബൈക്കും കേരളത്തിനും ഒരേ പോയിന്റുകളായിരുന്നു. അതുകൊണ്ട് വേഗത്തില്‍ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ കേരളത്തിന് മുന്നില്‍ തുടരാം. ആദ്യം ബൗള്‍ ചെയ്ത കേരളം പുതുച്ചേരിയെ 116 റണ്‍സിന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് അതിവേഗമായിരുന്നു കേരളത്തിന്റെ ചേസിംഗ്. സഞ്ജു തന്നെയായിരുന്നു ചേസിംഗിലെ താരം.
മൂന്ന് വമ്പന്‍ സിക്‌സറുകളും, നാല് ബൗണ്ടറികളുമാണ് സഞ്ജു അടിച്ചുകൂട്ടിയത്.സഞ്ജുവിന്റെ വമ്പനടികളോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനും കേരളത്തിന് സാധിച്ചു. ഗ്രൂപ്പ് എയില്‍ ഇനി റെയില്‍വേസിനെതിരായ മത്സരം മാത്രമാണ് കേരളത്തിന് ബാക്കിയുള്ളത്. കേരളത്തിനും മുംബൈയ്ക്കും ഇരുപത് പോയിന്റ് വീതമാണ് ഉള്ളത്. അതേസമയം ടി20 പരമ്പരയില്‍ നിന്ന് തഴയപ്പെട്ടതോടെ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാനുള്ള അവസരമാണ് സഞ്ജുവിന് ലഭിച്ചത്.
ഇതിലൂടെ താരത്തിന് ഫോം വീണ്ടെടുക്കാനുള്ള അവസരവും ലഭിക്കുകയായിരുന്നു. 55.71 ശരാശരി സഞ്ജുവിന് ഏകദിനത്തിലുണ്ട്. എന്നാല്‍ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ ഇന്നിംഗ്‌സ് സഞ്ജുവിന് ഒരുപാട് ഗുണം ചെയ്യും. 2025ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഏറ്റവും മികച്ച ടീമിനെ തന്നെ പുറത്തിറക്കാനാണ് ആഗ്രഹിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ ഗംഭീര പ്രകടനം നടത്തിയാല്‍ സഞ്ജുവിന് വരുന്ന ടി20 പരമ്പരയിലും അതുപോലെ ചാമ്പ്യന്‍സ് ട്രോഫി ടീമിലുമെല്ലാം ഇടംപിടിക്കാന്‍ സാധിക്കും. ഇവ രണ്ടും ഐസിസി ടൂര്‍ണമെന്റുകളാണ്. സഞ്ജുവിന്റെ കരിയര്‍ തന്നെ ഇതില്‍ കളിച്ചാല്‍ മാറും. ഏകദിന ടീമില്‍ സ്ഥിരാംഗമാകാന്‍ സഞ്ജുവിന് സാധിക്കും. അടുത്തൊരു ലോകകപ്പില്‍ കളിക്കാന്‍ രോഹിത് ശര്‍മയോ വിരാട് കോലിയോ ടീമിലുണ്ടാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇപ്പോള്‍ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവില്‍ കരിയറില്‍ മാറ്റങ്ങളുണ്ടാക്കാനാവും.












Click it and Unblock the Notifications