സഞ്ജു സാംസണ്‍ റിട്ടേണ്‍സ്, ഭാഗ്യം വീണ്ടുമെത്തി; ദുലീപ് ട്രോഫിയില്‍ ഈ ടീമില്‍ കളിക്കും
കൊച്ചി: അടഞ്ഞ വഴികള്‍ സഞ്ജു സാംസണ് മുന്നില്‍ വീണ്ടും തുറക്കുന്നു. ദുലീപ് ട്രോഫിയില്‍ കളിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരിക്കുകയാണ്. ഇന്ത്യ ഡി സ്‌ക്വാഡിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഷാന്‍ കിഷന് പരുക്കേറ്റതോടെയാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദുലീപ് ട്രോഫിയില്‍ റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യ സി ടീമിനോടാണ് ഇന്ത്യ ഡി ടീം മത്സരിക്കുന്നത്.
ഇന്ത്യ ഡിയെ നയിക്കുന്നത് ശ്രേയസ് അയ്യരാണ്. ആദ്യ റൗണ്ട് മത്സരമാണ് നടക്കുന്നത്. അനന്ത്പൂരിലെ സ്റ്റേഡിയത്തില്‍ ഇന്നാണ് മത്സരം നടക്കുന്നത് അതേസമയം സഞ്ജുവിനെ നേരത്തെ ദുലീപ് ട്രോഫി ടീമില്‍ കളിപ്പിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

അതേസമയം ഇഷാന്‍ കിഷന്‍ നേരത്തെ ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയതാണ്. വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ബുച്ചി ബാബു ടൂര്‍ണമെന്റിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഇഷാന്‍ മാത്രമല്ല സൂര്യകുമാര്‍ യാദവ്, പ്രസീത് കൃഷ്ണ എന്നിവരും ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കളിക്കില്ല.
ഇഷാന്‍ കിഷന്റെ ആരോഗ്യനില ബിസിസിഐയുടെ മെഡിക്കല്‍ ടീം പരിശോധിക്കുന്നുണ്ട്. പ്രസീത് കൃഷ്ണ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്. ഇതേ തുടര്‍ന്നാണ് താരം കളിക്കാതിരിക്കുന്നത്. നിതീഷ് കുമാര്‍ റെഡ്ഡി കളിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. നിരവധി പേരുടെ പരുക്ക് കാരണം നിറം മങ്ങിയിരിക്കുകയാണ് ദുലീപ് ട്രോഫി പോരാട്ടം.
സഞ്ജുവിനെ സംബന്ധിച്ച് ഇത് വലിയൊരു അവസരം കൂടിയാണിത്. ഗംഭീറിന്റെ ഗുഡ്ബുക്കില്‍ കയറിപറ്റാന്‍ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയാല്‍ സാധിക്കും. സഞ്ജുവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ ദുലീപ് ട്രോഫിയിലെ പ്രകടനം സഹായിക്കും. ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും ഇന്ത്യന്‍ ടീം പരിശീലകനും ഒരുപോലെ നിരീക്ഷിക്കുന്ന ടൂര്‍ണമെന്റാണിത്.
ഇനി മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് സഞ്ജു ചെയ്യേണ്ടത്. നിലവില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സഞ്ജുവുണ്ടാകില്ലെന്ന് ഉറപ്പാണ്. പരിമിത ക്രിക്കറ്റിലേക്ക് അടക്കം തിരിച്ചുവരാന്‍ സഞ്ജുവിന് മികച്ച ഫോം ആവശ്യമാണ്. അടുത്തൊന്നും സഞ്ജുവില്‍ നിന്ന് അത്തരമൊരു പ്രകടനം ഉണ്ടായിട്ടില്ല. ദുലീപ് ട്രോഫിയില്‍ അതിന് മാറ്റം വന്നേക്കാം.
സൂര്യകുമാര്‍ യാദവും പരുക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താണ്. വലത് കൈയ്യിലെ വിരലില്‍ പരിശീലനത്തിനിടെ പരുക്കേറ്റതാണ് താരം ആദ്യ റൗണ്ടില്‍ കളിക്കാതിരിക്കാന്‍ കാരണം. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവരും ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല. ഇവര്‍ അസുഖബാധിതരായതാണ് കാരണം.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല. ഇന്ത്യന്‍ ബി ടീമിലാണ് താരം കളിക്കേണ്ടിയിരുന്നത്. ബി ടീമില്‍ സിറാജിന് പകരം നവദീപ് സെയ്‌നി കളിക്കും. ഇന്ത്യ സിയില്‍ ഗൗരവ് യാദവ് കളിക്കും. പുതുച്ചേരിയുടെ പേസറാണ് താരം.












Click it and Unblock the Notifications