സഞ്ജു ഫ്ലവർ അല്ലേടാ ഫയറാ..; ഇന്ത്യൻ ടീമിലെ പ്രതിഫലം എട്ടക്കം, ആസ്‌തി 80 കോടിക്ക് മുകളിലോ?
ബംഗ്ലാദേശിന് എതിരായ മൂന്നാം ടി20യിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് കുതിച്ചിരിക്കുകയാണ്. മലയാളിയും വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസന്റെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ മത്സരത്തിൽ ലോക റെക്കോർഡ് ടോട്ടൽ പടുത്തുയർത്തിയത്. വെറും 40 പന്തുകളിൽ തന്റെ സെഞ്ച്വറി തികച്ച സഞ്ജു സാംസൺ ഇപ്പോൾ മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. ടി20യിൽ അധികം താരങ്ങൾ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടിയിട്ടില്ല.
അതിനാണ് ഓപ്പണറായി കളത്തിൽ ഇറങ്ങിയ സഞ്ജു മാറ്റം വരുത്തിയിരിക്കുന്നത്. എന്നാൽ കളിക്കളത്തിലെ സഞ്ജുവിന്റെ പ്രകടനം കാണുമ്പോൾ ചിലരെങ്കിലും വിചാരിക്കുന്നുണ്ടാവും താരത്തിന്റെ പ്രതിഫലം എത്രയാണെന്ന്. ഇന്ത്യൻ ടീമിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലെ പ്രകടന മികവും നായകസ്ഥാനവും ഒക്കെ സൂപ്പർ സ്‌റ്റാർ പദവി താരത്തിന് നേടി കൊടുത്തിട്ടുണ്ട്.

അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ സഞ്ജു തന്റെ പ്രതിഫലം ഉൾപ്പെടെ ഉയർത്തിയതും. നിലവിൽ ഇന്ത്യൻ ടീമിലെ മുൻനിര വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളായ സഞ്ജു സാംസൺ വാങ്ങുന്ന പ്രതിഫലവും അദ്ദേഹത്തിന്റെ വാർഷിക വരുമാനവും ഒക്കെ ആരെയും അമ്പരപ്പിക്കുന്നതാണ്. ചെറുപ്രായത്തിൽ തന്നെ ക്രിക്കറ്റിൽ എത്തിയ താരത്തിന്റെ ആസ്‌തിയും വളരെ വലുതാണ്. അറിയാം ഇതിനെ കുറിച്ച്..
സഞ്ജു സാംസൺ: വരുമാനവും ആസ്‌തിയും
സഞ്ജുവിന്റെ വരുമാനത്തിന്റെ ഏറിയ പങ്കും ഐപിഎല്ലിൽ നിന്നാണ്. കാരണം മുൻ ജേതാക്കളായ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു ടീമിനൊപ്പം ചേർന്നിട്ട് വർഷങ്ങളായി. വൻതുകയാണ് അവർ സഞ്ജുവിന് പ്രതിഫലമായി നൽകുന്നത്. നിലവിൽ പ്രതിവർഷം 14 കോടിയോളം രൂപയാണ് സഞ്ജുവിന്റെ പ്രതിഫലമായി രാജസ്ഥാൻ ടീം നൽകുന്നതെന്നാണ് വിവരം.ലേലത്തിൽ പങ്കെടുക്കാതെ താരത്തെ നിലനിർത്താറാണ് പതിവ്.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തുകയാണ്. എന്തെന്നാൽ കേരളം പോലെയൊരു ക്രിക്കറ്റിന് കാര്യമായ വളക്കൂറില്ലാത്ത മണ്ണിൽ നിന്നും ഇന്ത്യൻ ടീം വരെ എത്തുകയും ലോകകപ്പ് ടീമിൽ അംഗമാവുകയും ഐപിഎല്ലിൽ ശോഭിക്കുകയും ചെയ്യുക എന്നത് വലിയ കാര്യമാണ്. അതിനൊപ്പം ഇത്രയും ഉയർന്ന പ്രതിഫലവും താരത്തെ വേറിട്ട് നിർത്തുന്നു.
പരസ്യങ്ങളിൽ നിന്നും ഇന്ത്യൻ ടീമിന്റെ വാർഷിക കരാറിൽ നിന്നും സഞ്ജു കൂടുതൽ പണം സമ്പാദിക്കുന്നുണ്ട്. വാർഷിക കരാർ വഴി ഒരു കോടി രൂപയാണ് സഞ്ജുവിന് ലഭിക്കുക. ഇത് കൂടാതെ കളിക്കുന്ന മത്സരങ്ങളിൽ മാച്ച് ഫീയായി മോശമല്ലാത്ത തുകയും കൂടി കിട്ടും. ഇതും താരത്തിന്റെ വരുമാനത്തിലെ പ്രധാന ഘടകമാണ്.
സഞ്ജു സാംസണിന്റെ ആസ്‌തി നിലവിൽ 82 കോടിക്ക് മുകളിലാണ്. സഞ്ജുവിന്റെ പ്രതിമാസ വരുമാനം 1 കോടി മുതൽ 1.25 കോടി വരെയാണ് എന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമെ ആഭ്യന്തര ക്രിക്കറ്റിൽ കേരള ക്രിക്കറ്റ് ബോർഡിന് വേണ്ടി രഞ്ജി ട്രോഫി അടക്കമുള്ള ടൂർണമെന്റുകളിൽ സഞ്ജു കളിക്കുന്നുണ്ട് എന്നതും ഓർക്കണം.
സഞ്ജുവിന്റെ ആഡംബര ജീവിതം
ആഡംബര കാറുകളോട് പ്രത്യേക താൽപര്യം കാണിക്കുന്ന ഒരാൾ കൂടിയാണ് സഞ്ജു സാംസൺ. റേഞ്ച് റോവർ, ബിഎംഡബ്ല്യു, ഓഡി എന്നിങ്ങനെ മുൻനിര മോഡലുകളിൽ ചിലത് അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. ഇത് കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്‌റ്റേറ്റ് വസ്‌തുക്കളും സഞ്ജുവിന്റേതായി ഉണ്ടെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications