എടാ മോനേ സഞ്ജുവിന് ലോകകപ്പില്‍ ആ റോള്‍ കിട്ടുമോ? പന്തിന് മുകളിലെത്താന്‍ ആ വഴി മാത്രമെന്ന് ഗംഭീര്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ടീമില്‍ നേരത്തെ സഞ്ജു സാംസണ്‍ ഇടംപിടിച്ചിരുന്നു. ഐപിഎല്ലിലെ ഗംഭീര പ്രകടനമായിരുന്നു സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണം. ടീമിലെ ഒന്നും രണ്ടും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും സഞ്ജു സാംസണുമാണ്. എന്നാല്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുമോ എന്നാണ് എല്ലാവരുടെയും ചോദ്യം.
കെഎല്‍ രാഹുല്‍ ഇല്ലാത്ത സാഹചര്യത്തില്‍ ബാറ്റ്‌സ്മാനായി സഞ്ജുവിനെ കളിപ്പിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് വാസ്തവവുമാണ്. സഞ്ജുവിന് ടീമില്‍ ബാറ്റ്‌സ്മാനായി കളിക്കാന്‍ വലിയ അവസരമുണ്ട്. സഞ്ജു വിക്കറ്റ് കീപ്പറായില്ലെങ്കിലും മികച്ച ഫീല്‍ഡറാണ് എന്ന് മുമ്പ് തെളിയിച്ചിട്ടുണ്ട്.

അതേസമയം സഞ്ജുവിനെ എല്ലാ കാലത്തും പിന്തുണച്ച് പോരുന്ന ഗൗതം ഗംഭീര്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ നിലപാട് പറഞ്ഞിരിക്കുകയാണ്. സഞ്ജുവല്ല ആദ്യ ഇലവനില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് കളിക്കണമെന്നാണ് ഗൗതം ഗംഭീര്‍ നിലപാടെടുത്തിരിക്കുന്നത്. ഇതിന് രണ്ട് കാരണങ്ങള്‍ ഉണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
ഐപിഎല്ലില്‍ സഞ്ജു ബാറ്റ് ചെയ്തത് മുന്‍നിരയിലാണ്. എന്നാല്‍ പന്ത് ബാറ്റ് ചെയ്തിരിക്കുന്നത് മധ്യനിരയിലാണെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. മുന്‍നിരയില്‍ ഇന്ത്യയില്‍ രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോലി എന്നിവരുണ്ട്. അതുകൊണ്ട് സഞ്ജു അവിടെ ബാറ്റ് ചെയ്യേണ്ട ആവശ്യമില്ല. പന്താണ് ആദ്യ ഇലവനില്‍ കളിക്കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.
പന്ത് ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മധ്യനിരയില്‍ ഇന്ത്യന്‍ ടീമിന് വൈവിധ്യത സമ്മാനിക്കും. സഞ്ജുവിനും പന്തിനും ഒരുപോലെ മികവുണ്ട്. സഞ്ജു പലപ്പോഴും അത് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ തിരഞ്ഞെടുക്കുക റിഷഭ് പന്തിനെയാണ്. സ്വാഭാവികമായി മധ്യനിരയില്‍ കളിക്കുന്ന താരമാണ് പന്ത്. സഞ്ജു മൂന്നാം നമ്പറിലാണ് ഐപിഎല്ലില്‍ അടക്കം കളിക്കുന്നത്.
പന്ത് അഞ്ച്, ആറ് ഏഴാം നമ്പറില്‍ വരെ ബാറ്റ് ചെയ്തിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷന്‍ നോക്കുകയാണെങ്കില്‍ മധ്യനിരയിലാണ് വിക്കറ്റ് കീപ്പറെ ആവശ്യമുള്ളത്. ടോപ് ഓര്‍ഡ്‌റില്‍ വിക്കറ്റ് കീപ്പറുടെ ആവശ്യമില്ല. അതുകൊണ്ട് ആദ്യ ഇലവനില്‍ പന്തിനെയാണ് ഞാന്‍ ുഉള്‍പ്പെടുത്തുക. ഇടങ്കൈയ്യന്‍ മധ്യനിരയില്‍ വരുന്നത് ഇടത്-വലത് കോമ്പിനേഷന് സഹായിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
അതേസമയം സഞ്ജുവിനെ ടീമെടുക്കാന്‍ സാധ്യത മറ്റൊരു റോളിലാണ്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്് സഞ്ജുവിനെ ഫിനിഷറായിട്ടാണ് കാണുന്നതെങ്കില്‍ പന്തിനേക്കാള്‍ കൂടുതല്‍ സാധ്യത സഞ്ജുവിനാണ്. എന്നാല്‍ സഞ്ജു ആറിലോ ഏഴിലോ കൂടുതല്‍ റണ്‍സടിച്ചിരുന്നെങ്കില്‍ ടീം ഉറപ്പായും സഞ്ജുവിനെ കളിപ്പിക്കുമായിരുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി.
രണ്ട് പേരെയും ഒരുമിച്ച് കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ആരാണ് കളിക്കുന്നതെങ്കിലും ടീം മാനേജ്‌മെന്റ് ആ താരത്തെ പിന്തുണയ്ക്കണം. പന്താണെങ്കിലും സാംസണാണെങ്കിലും ഒന്നോ രണ്ടോ മത്സരങ്ങളില്‍ നന്നായി കളിച്ചില്ലെങ്കില്‍ ഒരുപാട് വിമര്‍ശിക്കുകയോ പകരക്കാരെ കൊണ്ടുവരികയോ ചെയ്യരുത്. ആരാണ് കളിക്കുന്നതെങ്കിലും ആ താരത്തെ പൂര്‍ണമായും പിന്തുണയ്ക്കണമെന്നും ഗംഭീര്‍ പറഞ്ഞു.












Click it and Unblock the Notifications