'കൂടുതൽ ഇഷ്‌ടം ആ മോഹൻലാൽ ചിത്രത്തോട്, അതിന് കാരണം'; വെളിപ്പെടുത്തി സഞ്ജു സാംസൺ
മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ലോക ക്രിക്കറ്റിൽ തന്നെ കേരളത്തിന്റെ മുദ്ര പതിപ്പിച്ച താരങ്ങളിൽ ഒരാൾ. ഇപ്പോഴിതാ സഞ്ജു തന്റെ വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ്. അടുത്തിടെ കോഴിക്കോട് മെയ്ത്ര ഹോസ്‌പിറ്റലിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സഞ്ജു മനസ് തുറന്നത്.
ഇവിടെ ഡോക്‌ടർമാരുടെ രസകരമായ ചോദ്യങ്ങൾക്ക് സഞ്ജു അതേ രീതിയിൽ തന്നെ മറുപടി നൽകുകയായിരുന്നു. ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഡോക്‌ടർമാരെ ദൈവതുല്യർ എന്നാണ് സഞ്ജു വിശേഷിപ്പിച്ചത്. സദ്യയാണോ ബിരിയാണിയാണോ കൂടുതൽ ഇഷ്‌ടമെന്ന ചോദ്യത്തിന് ഒട്ടും ആലോചനയില്ലാതെ തന്നെ സദ്യ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

സിനിമകളുടെ കാര്യത്തിലും സഞ്ജു തന്റെ ഇഷ്‌ടം വെളിപ്പെടുത്തി. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ നാടോടിക്കാറ്റ്, നരസിംഹം എന്നിവയിൽ ഏതാണ് കൂടുതൽ ഇഷ്‌ടം എന്ന ചോദ്യത്തിന് നാടോടിക്കാറ്റ് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. കൂടുതൽ തമാശകൾ ഉള്ളതിനാലാണ് അത് ഇഷ്‌ടമെന്നായിരുന്നു താരം കാരണമായി പറഞ്ഞത്.
ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് ചെയ്‌ത ടീമെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സഞ്ജു സാംസൺ. 'ആ കളി നടക്കാൻ പോകുന്നതേയുള്ളൂ, എന്റെ കളികൾ മാത്രമേ ഞാൻ കാണാറുള്ളൂ' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ക്രിക്കറ്റിൽ എത്തിയതിനെ കുറിച്ചുള്ള വിശേഷങ്ങളും സഞ്ജു പങ്കുവച്ചു.
ഐപിഎസ് മോഹം ഉപേക്ഷിക്കാനുള്ള കാരണവും സഞ്ജു വെളിപ്പെടുത്തി. 'അച്ഛൻ ഡൽഹി പോലീസിൽ ഉദ്യോഗസ്ഥൻ ആയിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐപിഎസ് ആവണമെന്ന മോഹം ഉദിച്ചത്. അക്കാലത്തും ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. വിവരം വെച്ചപ്പോൾ ഐപിഎസ് അത്ര എളുപ്പമല്ലെന്ന് മനസിലായി. പിന്നെ ആ മോഹം മാറ്റിവച്ച് ക്രിക്കറ്റിൽ ശ്രദ്ധിച്ച് തുടങ്ങി' സഞ്ജു സാംസൺ പറയുന്നു.
അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ഏകദിന പരമ്പരയിൽ ഉൾപ്പെടെ സഞ്ജു സാംസൺ തന്റെ മികവ് തെളിയിച്ചിരുന്നു. രണ്ടാം ഏകദിനത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ താരം ടീമിനെ ജയത്തിലേക്ക് നയിച്ചു. എന്നാൽ ടെസ്‌റ്റ് ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. നിലവിൽ രഞ്ജി ട്രോഫിയിൽ കേരള ടീമിനെ നയിക്കാൻ ഒരുങ്ങുകയാണ് ഈ യുവതാരം. കൂടാതെ മാർച്ചിൽ ആരംഭിക്കുന്ന ഐപിഎല്ലിൽ രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റനും സഞ്ജുവാണ്.












Click it and Unblock the Notifications