സഞ്ജുവിന് പുതിയ റോള്‍, മലപ്പുറം എഫ്‌സിയുടെ സഹഉടമ; നിവിനും പൃഥ്വിക്കും പിന്നാലെ കെഎസ്എല്ലിലേക്ക്
കൊച്ചി: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരം അംഗമാകുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. എന്നാല്‍ പുതിയൊരു മേഖലയില്‍ സഞ്ജു സാംസണ്‍ ഇപ്പോള്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ക്രിക്കറ്റ് മേഖലയ്ക്ക് പുറത്തേക്കാണ് സഞ്ജു എത്തിയിരിക്കുന്നത്.
കേരള സൂപ്പര്‍ ലീഗിലെ ഫുട്‌ബോള്‍ ടീമായ മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി സഞ്ജു മാറിയിരിക്കുകയാണ്. നേരത്തെ തന്നെ ഈ ക്ലബുമായി സഞ്ജു സഹകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ക്ലബ് തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. സഞ്ജുവിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പാണ്.

നേരത്തെ മലപ്പുറം എഫ്‌സി ഗംഭീര വിജയം കെഎസ്എല്ലില്‍ നേടിയിരുന്നു. ഫോര്‍സ കൊച്ചിയെയാണ് മലപ്പുറം എഫ്‌സി വീഴ്ത്തിയത്. 2-0 ആയിരുന്നു സ്‌കോര്‍. നടന്‍ പൃഥ്വിരാജിന്റെ ടീമാണ് ഫോര്‍സ കൊച്ചി. സഞ്ജു സാംസണ്‍, കോ ഓണര്‍ ഓഫ് മലപ്പുറം എഫ്‌സിയെന്ന കുറിച്ച ഫോട്ടോ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മലപ്പുറം എഫ്‌സി അവരുടെ ഔദ്യോഗിക പേജിലും ഇത് പങ്കുവെച്ചിട്ടുണ്ട്.
മലപ്പുറം എഫ്‌സിയുടെ ഉടമകളായി വിഎ അജ്മല്‍ ബിസ്മി, ഡോ അന്‍വര്‍ അമീന്‍ ചേലാട്ട്, ബേബി നീലാമ്പ്ര എന്നിവരുമുണ്ട്. പുതിയ ഉടമയുടെ റോളിലേക്കാണ് സഞ്ജു എത്തിയിരിക്കുന്നത്. നേരത്തെ കേരളത്തില്‍ നിന്നുള്ള പ്രമുഖ സിനിമാ താരങ്ങള്‍ ടീമുകളെ സ്വന്തമാക്കിയിരുന്നു.
അതേസമയം കേരള സൂപ്പര്‍ ലീഗിന്റെ കന്നി സീസണാണിത്. ആറ് ടീമുകളാണ് ലീഗിലുള്ളത്. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെയോ ഐലീഗിന്റെയോ ഭാഗമല്ല ഇവര്‍. സെപ്റ്റംബര്‍ ഏഴിനായിരുന്നു ടൂര്‍ണമെന്റ് ആരംഭിച്ചത്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ലീഗ് ആരംഭിച്ചത്. കണ്ണൂര്‍ വാരിയേഴ്‌സ്, കാലിക്കറ്റ് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ്, തൃശൂര്‍ മാജിക്ക് എന്നിവരാണ് സൂപ്പര്‍ ലീഗിലെ മറ്റ് ടീമുകള്‍.
തൃശൂര്‍ മാജിക്കിന്റെ ഉടമക നിവിന്‍ പോളിയാണ്. നവംബര്‍ പത്ത് വരെ കേരളത്തിലെ നാല് വേദികളിലായിട്ടാണ് മത്സരം നടക്കുക. ഫുട്‌ബോള്‍ ടീമിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമല്ല സഞ്ജു. നേരത്തെ വിരാട് കോലിയും എംഎസ് ധോണിയും ടീമുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരുന്നു.
എഫ്‌സി ഗോവയിലാണ് വിരാട് കോലിക്ക് ഉടമസ്ഥാവകാശം ഉള്ളത്. ചെന്നൈയിന്‍ എഫ്‌സിയുടെ സഹ ഉടമയാണ് എംഎസ് ധോണി. ഐഎസ്എല്ലിലെ ടീമുകളാണ് ചെന്നൈയിനും ഗോവയും. അതേസമയം സഞ്ജു നിലവില്‍ ദുലീപ് ട്രോഫി ടീമിലാണ് കളിക്കുന്നത്. ഇന്ത്യ ടി ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ദുലീപ് ട്രോഫിക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇഷാന്‍ കിഷന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടീം ഇലവനില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കെഎസ് ഭരതാണ് വിക്കറ്റ് കീപ്പറായി കളിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.












Click it and Unblock the Notifications