സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഇറക്കില്ലേ? ഗംഭീറിന്റെ പ്ലാൻ വേറെ, കാരണം ഈ ടൂർണമെന്റിലെ പ്രകടനം
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സമാനതകൾ ഇല്ലാത്തവിധം റെക്കോർഡുകൾ സ്വന്തമാക്കിയാണ് സഞ്ജു സാംസൺ മുന്നോട്ട് നീങ്ങുന്നത്. കരിയറിൽ ഇടക്കാലത്ത് ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി അവസരങ്ങൾ നിഷേധിക്കപ്പെട്ടെങ്കിലും സഞ്ജുവിനെ സംബന്ധിച്ച് പരിശീലകൻ ഗൗതം ഗംഭീറിന്റെ വരവ് വലിയ ആശ്വാസമായിരുന്നു. കാരണം ഗംഭീർ വന്ന ശേഷം ടീമിൽ നടത്തിയ അഴിച്ചുപണികളിൽ ഏറെയും ഗുണമായത് സഞ്ജുവിനാണ്.
അതിന്റെ ആദ്യപടി ടി20 നായക സ്ഥാനത്തു നിന്നുള്ള ഹർദിക് പാണ്ഡ്യയുടെ മാറ്റമായിരുന്നു. ലോകകപ്പ് വിജയത്തോടെ കോലിയും രോഹിതും കുട്ടി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ നായക സ്ഥാനത്തേക്ക് വരാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ടത് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്കാണ്. എന്നാൽ സസ്പെൻസ് നിലനിർത്തി കൊണ്ട് അവസാനം വരെ ടീം പ്രഖ്യാപനം നീട്ടുകയായിരുന്നു ഗംഭീർ.

ഒടുവിൽ സൂര്യകുമാർ യാദവിനാണ് നറുക്ക് വീണത്. ഇതോടെ സഞ്ജുവിന്റേയും തലവര തെളിഞ്ഞു. ടി20യിൽ അവസരം മുതലാക്കിയ സഞ്ജു ആകെ മൂന്ന് സെഞ്ച്വറികളാണ് കുറഞ്ഞ കാലത്തിനുള്ളിൽ കുറിച്ചത്. അതും കേവലം അഞ്ചോ ആറോ മത്സരങ്ങളുടെ ഇടവേളയിൽ മാത്രമാണ് ഇതെന്നും ഓർക്കണം. ഇതോടെ ടി20 ഓപ്പണർ പദവിക്ക് നിഷേധിക്കാൻ കഴിയാത്ത അവകാശം സഞ്ജു ഉന്നയിച്ചു.
എന്നാൽ താരത്തിന്റെ ഏകദിന ടീം പ്രവേശനം ഇപ്പോഴും പ്രതിസന്ധിയിലാണ്. നേരത്തെ അടുത്ത വർഷം നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ടീമിൽ ഇറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെയും ഇപ്പോൾ പ്രതിസന്ധിയിലാണ്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിൽ താരത്തിന് അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി നഷ്‌ടമാവുമോ എന്നാണ് ആശങ്ക. ഒരുപക്ഷേ സഞ്ജുവിന് ഏറ്റവും മികച്ച റെക്കോർഡ് ഉള്ളത് ഏകദിനത്തിൽ ആണെന്ന് നിസംശയം പറയാം. ശരാശരിയിൽ ആയാലും റൺ വേട്ടയിൽ ആയാലും താരം സ്ഥിരത പുലർത്തിയത് ഏകദിനത്തിലാണ്. ഭേദപ്പെട്ട സ്ട്രൈക്ക് റേറ്റും സഞ്ജു സാംസൺ ഇതിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട് എന്നത് കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ ഫോർമാറ്റിൽ സഞ്ജുവിന് വേണ്ടത്ര അവസരം കൊടുക്കാൻ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഗംഭീർ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് നിർണായകമാവുക. നിലവിലെ സാഹചര്യത്തിൽ ഏകദിന ടീമിൽ നിന്ന് കെഎൽ പോവാൻ ഇടയില്ല. അങ്ങനെയെങ്കിൽ സഞ്ജുവിന്റെ ചാമ്പ്യൻസ് ട്രോഫി സാധ്യത അവതാളത്തിലാകും.
നിലവിലെ സാഹചര്യത്തിൽ കെഎൽ രാഹുൽ തന്നെയാവും ഗംഭീറിന്റെ പ്ലാനിലെ ആദ്യ പേരുകാരൻ. എങ്കിലും അതിനിടയിൽ സഞ്ജു മികച്ച ഫോമിലെത്തിയാൽ സാധ്യതകൾ വിദൂരമല്ല. അങ്ങനെ ഏകദിനത്തിൽ കൂടി ടീമിൽ ഇടം നേടിയാൽ സഞ്ജുവിനെ സംബന്ധിച്ച് അതൊരു വലിയ നേട്ടമാകും. അത് സാധ്യമാവുമോ എന്നത് കണ്ടറിയണം.












Click it and Unblock the Notifications