സൗത്ത് ആഫ്രിക്കയിലെ സെഞ്ച്വറി സഞ്ജുവിന്റെ കരിയർ മാറ്റി മറിക്കുമോ..? ചിരിച്ചു തള്ളേണ്ട, സാധ്യതകൾ ഇങ്ങനെ...
മലയാളികളുടെ പ്രിയ താരമാണ് സഞ്ജു സാംസൺ. ഇന്ത്യൻ ക്രിക്കറ്റിൽ ശ്രീശാന്തിന് ശേഷം ഒരു മലയാളി സാന്നിധ്യം ഇത്രയേറെ വാർത്തകളിൽ നിറയാൻ ഇടയായത് സഞ്ജുവിന്റെ വരവോടെയാണ്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിൽ ഒന്നായ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു മുൻനിര ടീമിന്റെ നായക സ്ഥാനവും സഞ്ജുവിന് സ്വന്തം.
ഇടക്കാലത്ത് ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്‌ചവയ്ക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അധിക അവസരങ്ങളും സഞ്ജുവിന് ലഭിച്ചിട്ടില്ല എന്നത് മറ്റൊരു വസ്‌തുതയാണ്. നിരന്തരം സഞ്ജു സാംസൺ തഴയപ്പെടുന്നു എന്നുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് താരം സൗത്ത് ആഫ്രിക്കയിലേക്ക് വണ്ടി കയറിയത്.

രണ്ടാം ഏകദിനത്തിൽ ക്രീസിൽ എത്തിയ സഞ്ജു ഒരിക്കൽ കൂടി ആരാധകരെ ഒന്നാകെ നിരാശപ്പെടുത്തി. 23 പന്തുകളിൽ നിന്നായി വെറും 12 റൺസ് എടുത്ത് സഞ്ജു പുറത്തായപ്പോൾ എല്ലാവരും അദ്ദേഹത്തെ എഴുതി തള്ളി. ഇനി ഒരു തിരിച്ചുവരവോ, അവസരമോ സഞ്ജുവിന് ലഭിക്കില്ലെന്ന രീതിയിലുള്ള പ്രതികരണങ്ങളും ഉയർന്നു.
എന്നാൽ ഇതിനൊക്കെ ആയുസ് ദിവസങ്ങൾ മാത്രമായിരുന്നു. മൂന്നാം ഏകദിനത്തിൽ തകർച്ചയുടെ വക്കിൽ നിന്ന ഇന്ത്യയെ ചുമലിലേറ്റി മുന്നോട്ട് നയിച്ച സഞ്ജു അക്ഷരാർത്ഥത്തിൽ ക്രിക്കറ്റ് പണ്ഡിതന്മാരുടെ പ്രവചനങ്ങളെ ഒക്കെ കാറ്റിൽ പറത്തുകയായിരുന്നു. ഒടുവിൽ ആദ്യമായി ഇന്ത്യൻ കുപ്പായത്തിൽ മൂന്നക്കം കടന്നു. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി എന്ന ഖ്യാതിയും സഞ്ജുവിന് സ്വന്തം.
സഞ്ജുവിന്റെ ഭാവി എന്തായിരിക്കും..?
ഏകദിനത്തിൽ മെച്ചപ്പെട്ടുള്ള റെക്കോർഡ് ഉള്ള താരമാണ് സഞ്ജു സാംസൺ. മറ്റ് താരങ്ങളെ അപേക്ഷിച്ച് ശരാശരി ആയാലും, സ്ട്രൈക്ക് റേറ്റ് ആയാലും നല്ല നിലവാരത്തിൽ ഉള്ള താരം. വിരാട്-രോഹിത് യുഗത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് എന്താവുമെന്ന ചോദ്യങ്ങൾ പലയിടത്തുനിന്ന് ഉയർന്നു തുടങ്ങിയിട്ട് കുറച്ചായി. മുൻനിരയിൽ ആണെങ്കിൽ പോലും, മധ്യനിരയിൽ ആണെങ്കിലും ഒരുപോലെ മികവ് കാട്ടിയ താരമായ സഞ്ജു ടീമിന് മുതൽകൂട്ടായിരിക്കും.
ടി20യിൽ സഞ്ജു സാംസണിനെ റെക്കോർഡ് അത്ര മികച്ചതല്ലെങ്കിലും ഐപിഎൽ കരിയർ ഭേദപ്പെട്ടതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഋഷഭ് പന്ത് തിരിച്ചെത്തിയാൽ താരം തന്നെയാവും പ്രഥമ പരിഗണന. എങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവ് ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ വളരെ മികച്ച തീരുമാനം ആയിരിക്കും അതെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നു.
എന്തായാലും ഏകദിന ടീമിൽ സഞ്ജുവിന് സ്ഥാനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ഓപ്പണിംഗിൽ ഗില്ലും രോഹിതും, മൂന്നാം നമ്പറിൽ കോഹ്‌ലിയും നാലാം നമ്പറിൽ ശ്രേയസ് അയ്യറും സ്ഥാനം ഉറപ്പിച്ച നിലയ്ക്ക് അഞ്ചാം സ്ഥാനത്തോ, ആറാമതൊ ഹർദിക് പാണ്ഡ്യയ്ക്ക് മുൻപായി പരീക്ഷിക്കാവുന്ന താരമാണ് സഞ്ജു സാംസൺ. അങ്ങനെ തന്നെ ബിസിസിഐ പരിഗണിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.












Click it and Unblock the Notifications